image

4 May 2023 10:13 AM GMT

People

ബയോമാലിന്യങ്ങള്‍ ഇഷ്ടികയാക്കി മാറ്റുന്ന ഇന്ത്യയുടെ 'റീസൈക്കിള്‍ മാന്‍'

MyFin Desk

binesh desai recycle man in india
X

Summary

  • 16ാം വയസില്‍ എക്കോഇലക്ട്രിക് ടെക് ഗ്രൂപ്പ് സ്ഥാപിച്ചു സ്റ്റാര്‍ട്ടപ്പ് രംഗ
  • പുറന്തള്ളപ്പെടുന്നത് 101 മെട്രിക് ടണ്‍ കോവിഡ് 19 അനുബന്ധ ബയോമെഡിക്കല്‍ വേസ്റ്റ്
  • 2025ഓടെ ഇന്ത്യയിലെ മാലിന്യ പ്രശ്‌നത്തിന് സമ്പൂര്‍ണ പരിഹാരമുണ്ടാക്കുക


ബയോ മാലിന്യങ്ങള്‍ സംസ്‌കരിക്കുന്നതിന് കോര്‍പറേഷനുകള്‍ ശതകോടികള്‍ ചെലവിടുമ്പോഴാണ് ഹോസ്പിറ്റലുകളില്‍ നിന്നുള്ള കോവിഡ് ബയോവേസ്റ്റ് ഇഷ്ടികകളാക്കി മാറ്റി ഗുജറാത്ത് സ്വദേശി ശ്രദ്ധേയനാകുന്നത്. ഇന്ത്യയിലെ ഇന്നവേറ്റര്‍മാരുടെ മുന്‍നിരയിലുള്ള ബിനീഷ് ദേശായ് അറിയപ്പെടുന്നത് 'റീസൈക്കിള്‍ മാന്‍ ഓഫ് ഇന്ത്യ' എന്നാണ്.

ബയോ വേസ്റ്റെന്ന വലിയ തലവേദനയ്ക്ക് പരിഹാരം കണ്ടെത്തുകയാണ് 29കാരനായ ബിനീഷ്. ബിനീഷിന്റെ ബി ഡ്രീം എന്ന കമ്പനി വ്യാവസായിക മാലിന്യങ്ങള്‍ കെട്ടിടനിര്‍മാണത്തിനായുള്ള അസംസ്‌കൃത വസ്തുക്കളായി മാറ്റുകയാണ് ചെയ്യുന്നത്. ബയോമെഡിക്കല്‍ വേസ്റ്റില്‍ നിന്ന് ഇഷ്ടികകളുണ്ടാക്കുന്നതാണ് ബിനീഷിന്റെ ഏറ്റവും പുതിയ ഇന്നവേഷന്‍.

ച്യുയിങ്ഗം തന്ന ആശയം

സ്‌കൂളില്‍ അഞ്ചാം ക്ലാസില്‍ പഠിക്കുമ്പോള്‍ ഇരിക്കുന്ന ബെഞ്ചില്‍ കൂട്ടുകാര്‍ ആരോ ഒട്ടിച്ചുവച്ച ച്യുയിങ്ഗം ബിനീഷ് കണ്ടു. അവനത് കടലാസ് തുണ്ടു കൊണ്ട് തുടച്ചു കീശയിലിട്ടു. സ്‌കൂള്‍ വിട്ടു പോയപ്പോഴും ച്യുയിങ്ഗം കളയാന്‍ മറന്നു. ദിവസങ്ങള്‍ക്കു ശേഷം കീശയില്‍ ച്യുയിങ്ഗം ഉള്ളത് ശ്രദ്ധയില്‍ പെട്ടു. അപ്പോഴത് ഉറച്ച് ഒരു കട്ട പോലെയായിരുന്നു. ഇതില്‍ നിന്നാണ് ബയോവേസ്റ്റില്‍ നിന്ന് ഇഷ്ടികയുണ്ടാക്കുകയെന്ന ആശയം ലഭിച്ചതെന്ന് ബിനീഷ് പറയുന്നു. 16ാം വയസില്‍ എക്കോഇലക്ട്രിക് ടെക് ഗ്രൂപ്പ് സ്ഥാപിച്ചു സ്റ്റാര്‍ട്ടപ്പ് രംഗത്ത് കാലെടുത്തുവച്ചു.

തുടക്കം പിബ്ലോക്ക് ഇഷ്ടികയില്‍

പേപ്പര്‍ മില്ലുകളിലെ മാലിന്യങ്ങളില്‍ നിന്ന് ഇഷ്ടികകളുണ്ടാക്കുന്ന സൂത്രമായിരുന്നു ബിനീഷിന്റെ ആദ്യ ഇന്നവേഷന്‍. പിബ്ലോക് ബ്രിക്‌സ് എന്നായിരുന്നു ഇതറിയപ്പെട്ടിരുന്നത്. അതിന് ശേഷം കോവിഡ് 19 അനുബന്ധ ബയോമെഡിക്കല്‍ വേസ്റ്റില്‍ നിന്നും ഇഷ്ടികകളുണ്ടാക്കുന്ന പുതിയ സാങ്കേതികവിദ്യ കൂടി അവതരിപ്പിച്ചിരിക്കുകയാണ് ബിനീഷ് ദേശായ്.

മലിനീകരണ നിയന്ത്രണ ബോര്‍ഡ് ദേശീയ ഹരിത ട്രൈബ്യൂണലിന് മുന്നില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് പ്രകാരം ഇന്ത്യയില്‍ ദിവസവും 101 മെട്രിക് ടണ്‍ കോവിഡ് 19 അനുബന്ധ ബയോമെഡിക്കല്‍ വേസ്റ്റാണ് പുറന്തള്ളപ്പെടുന്നത്. സാധാരണഗതിയിലുള്ള ബയോമെഡിക്കല്‍ മാലിന്യങ്ങള്‍ക്ക് പുറമെയാണ് ഈ 'കോവിഡ് മാലിന്യം'. ദിവസവും 609 മെട്രിക് ടണ്‍ ബയോമെഡിക്കല്‍ വേസ്റ്റാണ് സാധാരണ നിലയില്‍ രാജ്യത്ത് പുറന്തള്ളപ്പെടുന്നത്. അത് പരിസ്ഥിതിക്കുണ്ടാക്കുന്ന ആഘാതം വലുതാണ്.

'ഇന്ത്യയില്‍ ഒറ്റത്തവണ മാത്രം ഉപയോഗിക്കാവുന്ന ഫേസ് മാസ്‌കുകള്‍ ധരിക്കുന്നവരുടെ എണ്ണം വളരെ കൂടുതലാണ്. ഉപയോഗശേഷം മണ്ണിലേക്ക് വലിച്ചെറിയപ്പെടുകയാണിവ. ഞാനുണ്ടാക്കിക്കൊണ്ടിരിക്കുന്ന ഇഷ്ടികകളില്‍ ഇതുകൂടെ എന്തുകൊണ്ട് ചേര്‍ത്തുകൂടാ എന്ന് അപ്പോഴാണ് ചിന്തിച്ചത്' ബിനീഷ് പറയുന്നു.

പിബ്ലോക്ക് 2.0

52 ശതമാനം പി.പി.ഇ (പേഴ്‌സണല്‍ പ്രൊട്ടക്റ്റിവ് എക്വിപ്‌മെന്റ്) വസ്തുക്കളും 45 ശതമാനം പേപ്പര്‍ മാലിന്യവും ഇത് കൂട്ടിച്ചേര്‍ക്കാനുള്ള പശയും ചേര്‍ത്താണ് പുതിയ പിബ്ലോക്ക് ഇഷ്ടികകള്‍ ഉണ്ടാക്കുന്നത്. ആദ്യ പതിപ്പിന്റെ നിര്‍മാണപ്രക്രിയയ്ക്ക് സമാനമായി തന്നെയാണ് പുതിയ ഇഷ്ടികകളുമുണ്ടാക്കുന്നത്.

നെയ്‌തെടുക്കാത്ത പി.പി.ഇ വസ്തുക്കള്‍ അതിനോടൊപ്പം ചേര്‍ക്കുന്നു എന്നുമാത്രം. മാസ്‌കുകള്‍, ഗൗണുകള്‍, ഹെഡ് കവറുകള്‍ എല്ലാം ഇതില്‍ പെടും. വീട്ടിലെ ലാബിലായിരുന്നു ആദ്യ പരീക്ഷണങ്ങള്‍. അതിന് ശേഷം ഫാക്റ്ററിയിലും നിര്‍മാണം ആരംഭിച്ചു. കട്ടകളുണ്ടാക്കുന്നതില്‍ വിജയം കണ്ടപ്പോള്‍ നാട്ടിലെ ലബോറട്ടറിയിലേക്ക് കുറച്ചെണ്ണം ബിനീഷ് അയച്ചു. ഇഷ്ടികയുടെ ഗുണനിലവാരം പരിശോധിക്കുന്നതിനും അനുമതിക്കും വേണ്ടിയായിരുന്നു അത്.

സര്‍ക്കാര്‍ അംഗീകാരമുള്ള ലബോറട്ടറിയില്‍ നിന്ന് ഇഷ്ടികയ്ക്ക് അനുമതി ലഭിച്ചു. കട്ടയുടെ ഈട് സംബന്ധിച്ച കാര്യത്തിലും മികച്ച പ്രതികരണമാണ് ലഭിച്ചത്.

12 x8x4 ഇഞ്ച് സൈസിലാണ് ഓരോ ഇഷ്ടികയും നിര്‍മ്മിക്കുന്നത്. ചതുരശ്രയടിക്ക് 7 കിലോഗ്രാം ബയോവേസ്റ്റ് ഉപയോഗപ്പെടുത്തുന്നു. പിബ്ലാക്ക് ആദ്യ പതിപ്പിനെ അപേക്ഷിച്ച് കൂടുതല്‍ ശക്തിയേറിയതും എന്നാല്‍ ഉപയോഗിക്കാന്‍ എളുപ്പവുമാണ് പുതിയ ഇഷ്ടികകളെന്ന് ബിനീഷ് പറയുന്നു. കനം കുറവാണെന്നതും സവിശേഷതയാണ്. വാട്ടര്‍ പ്രൂഫാണ് പിബ്ലോക്ക് 2.0. മാത്രമല്ല തീയെ പ്രതിരോധിക്കുകയും ചെയ്യും. ഒരു കട്ടയ്ക്ക് 2.8 രൂപ മാത്രമാണ് വില വരുന്നത്.

വിദേശത്തും ഡിമാന്‍ഡ്

യു.എസ്, ഫിലിപ്പൈന്‍സ്, ബ്രസീല്‍ എന്നീ രാജ്യങ്ങളില്‍ നിന്നും തന്റെ പിബ്ലോക്ക് 2.0 ഇഷ്ടികകള്‍ക്ക് ഓര്‍ഡറുകള്‍ ലഭിക്കുന്നതായി ബിനീഷ്. 2025ഓടെ ഇന്ത്യയിലെ മാലിന്യ പ്രശ്‌നത്തിന് സമ്പൂര്‍ണ പരിഹാരമുണ്ടാക്കുകയാണ് തന്റെ ലക്ഷ്യമെന്ന് ഈ യുവാവ് പറയുന്നു.

ഇന്ന് 150ലേറെ ഉല്‍പന്നങ്ങളാണ് ബിനീഷിന്റെ ഇ.ഇ.ടെക് ഗ്രൂപ്പ് കമ്പനി നിര്‍മിക്കുന്നത്. ഇതില്‍ റോഡ് പേവ്‌മെന്റ് കട്ടകളും വിളക്കുകളും വീടുകളും ടോയ്‌ലറ്റുകളും വരെ ഉള്‍പ്പെടും. 2020ല്‍ ഫോര്‍ബ്‌സ് മാഗസിന്റെ 30 വയസിനു താഴെയുള്ള ഏഷ്യയിലെ 10 സാമൂഹിക സംരംഭകരുടെ പട്ടികയില്‍ ബിനീഷ് ഇടംപിടിച്ചു.

മാലിന്യ ശേഖരണം ഇങ്ങനെ

ആശുപത്രികള്‍, സ്‌കൂളുകള്‍, ബാര്‍ബര്‍ ഷോപ്പുകള്‍, ബസ് സ്റ്റോപ്പുകള്‍ മറ്റ് പൊതുയിടങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നായി ബയോവേസ്റ്റ് ശേഖരിക്കുകയാണ് ബിഡ്രീം ചെയ്യുന്നത്. വേസ്റ്റ് ശേഖരിക്കുന്നതിനായി പ്രത്യേക ഇക്കോ ബിന്നുകള്‍ പൊതുയിടങ്ങളില്‍ സ്ഥാപിക്കും. കോട്ടണ്‍ ഉപയോഗിച്ചുണ്ടാക്കാത്ത പി.പി.ഇ മാലിന്യം മാത്രമേ ഇതില്‍ നിക്ഷേപിക്കാവൂ.

'എന്‍ഒസി (നോണ്‍ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ്) നേടിയെടുക്കാനുള്ള ശ്രമത്തിലാണ് ഞങ്ങള്‍. അതിന് ശേഷം വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങളുമായി ചേര്‍ന്ന് പൊതുയിടങ്ങളിലും ജനങ്ങള്‍ കൂടുതല്‍ എത്തുന്ന സ്ഥലങ്ങളിലും ഇക്കോബിന്നുകള്‍ സ്ഥാപിക്കും,' ബിനീഷ് പറയുന്നു.

'ഇത്തരത്തിലുള്ള ഇന്നവേഷനുകളാണ് കാലഘട്ടത്തിന്റെ ആവശ്യം. കോവിഡ് മഹാമാരി വന്നതോടുകൂടി പുതിയ തരത്തിലുള്ള മാലിന്യങ്ങളാണ് നിക്ഷേപിക്കപ്പെടുന്നത്. ഇതുപോലുള്ള ആശയങ്ങളാണ് കൂടുതല്‍ മലിനപ്പെടുന്നതില്‍ നിന്ന് നമ്മുടെ പരിസ്ഥിതിയെ സംരക്ഷിക്കുന്നത്. എത്ര വലിയ പ്രതിസന്ധി വന്നാലും അവിടെയെല്ലാം ഒരു അവസരം കൂടി ഒളിഞ്ഞിരിക്കുന്നുണ്ട് എന്നതാണ് യാഥാര്‍ത്ഥ്യം'

ബിനീഷിന്റെ വ്യത്യസ്ത ആശയത്തെകുറിച്ച് എറണാകുളം കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഇക്കോഇന്നവേറ്ററും ശയ്യ എന്ന നൂതനസംരംഭത്തിന്റെ സ്ഥാപകയുമായ ലക്ഷ്മി മോനോന്‍ പറയുന്നു. പി.പി.ഇ ഗൗണുകളില്‍ നിന്ന് പരിസ്ഥിതി സൗഹൃദ കിടക്കകളുണ്ടാക്കുന്ന സംരംഭമാണ് ലക്ഷ്മിയുടെ ശയ്യ.

ഇതിനകം 700 ടണ്ണിലേറെ വേസ്റ്റ് ബിനീഷിന്റെ കമ്പനി റീസൈക്കിള്‍ ചെയ്തിട്ടുണ്ട്. താന്‍ പോകുന്നിടത്തെല്ലാം ബിനീഷ് രണ്ടു ഇഷ്ടികകളും കൊണ്ടുപോകും.