image

7 Dec 2022 9:45 AM GMT

Kerala

മുടി വളരാനുള്ള അമ്മയുടെ രഹസ്യക്കൂട്ടിലൂടെ വിജയം നേടി മകന്‍

MyFin Bureau

ela herbal hair oil
X

Summary

  • ആമസോണിലും സ്‌നാപ്ഡീലിലും നിലവില്‍ ഈ ഉത്പന്നങ്ങള്‍ ലഭ്യമാണ്


ചേച്ചിയുടെ മുടികൊഴിച്ചല്‍ മാറാനായി അമ്മ കാച്ചിയെടുത്ത വെളിച്ചെണ്ണ. ഇന്ന് ആ വെളിച്ചെണ്ണയ്ക്ക് ആവശ്യക്കാര്‍ ഏറെ. അമ്മ ഉണ്ടാക്കിയെടുത്ത വെളിച്ചെണ്ണയെ 'ഇല' എന്ന സംരംഭത്തിലൂടെ ലോകമലയാളികള്‍ക്കു മുന്നില്‍ എത്തിച്ചിരിക്കുകയാണ് മകന്‍ ശ്രീജിത്ത് രാജന്‍. സഹോദരിയുടെ മുടികൊഴിച്ചില്‍ മാറ്റാനായി ദന്തപാലയും ആട്ടിയെടുത്ത വെളിച്ചെണ്ണയും ഉപയോഗിച്ച് നാടന്‍ രീതിയില്‍ അമ്മ കാച്ചിയെടുത്തതായിരുന്നു ഈ എണ്ണ. ഇത് ഉപയോഗിക്കാന്‍ തുടങ്ങിയതോടെ ചേച്ചിയുടെ മുടികൊഴിച്ചില്‍ മാറുകയും നല്ലരീതിയില്‍ വളരുകയും ചെയ്തു. ഇതാണ് സംരഭത്തിലേയക്കുള്ള തുടക്കം. ഇനി കേള്‍ക്കാം ഇല നാച്ചുറല്‍ ഹെയര്‍ ഓയിലിന്റെ വിജയ ഗാഥ.

തൃശ്ശൂര്‍ ഗുരുവായൂര്‍ സ്വദേശിയായ ശ്രീജിത്തിന്റെ അച്ഛന്റേത് ഒരു വൈദ്യകുടുംബമായിരുന്നു. അവിടെ നിന്നും അമ്മയ്ക്കു കിട്ടിയതാണ് ഈ ഔഷധക്കൂട്ടിന്റെ അറിവ്. എണ്ണ ഉപയോഗിച്ചതോടെ ചേച്ചിക്ക് മുടികൊഴിച്ചിലില്‍ നിന്നും മുക്തിയുണ്ടായി. അങ്ങനെ ചേച്ചിയുടെ പരിചയക്കാരും ഇതു വാങ്ങി ഉപയോഗിക്കാന്‍ തുടങ്ങി.

'ഇല'യുടെ തുടക്കം

കൃഷിയോട് ഏറെ താല്‍പ്പര്യം ഉണ്ടായിരുന്ന ശ്രീജിത്ത് അതുമായി ബന്ധപ്പെട്ട ഒരു സോഷ്യല്‍ മീഡിയ ഗ്രൂപ്പില്‍ അംഗമായിരുന്നു. ഒരു ദിവസം ദന്തപാലയുടെ ഗുണങ്ങളെ കുറിച്ചുള്ള ഒരു പോസ്റ്റ് അദ്ദേഹം കാണാനിടയായി. അതിനടിയില്‍ ദന്തപാല മുടിക്കുനല്ലതാണെന്നും അതുചേര്‍ത്തുണ്ടാക്കിയ എണ്ണ ഉപയോഗിച്ച് നല്ല മാറ്റം വരുന്നുണ്ടെന്നും പറഞ്ഞ് ശ്രീജിത്ത് ഒരു കമന്റിട്ടു. ഇതുകണ്ട ഒരു സ്ത്രീ എണ്ണയെക്കുറിച്ച് അന്വേഷിക്കുകയും അയച്ചുതരാന്‍ ആവശ്യപ്പെടുകയും ചെയ്തു. അങ്ങനെ കുറഞ്ഞ അളവില്‍ ചെറിയ കുപ്പിയിലാക്കി അവര്‍ക്ക് അയച്ചുകെടുത്തു. ഒരു മാസം കഴിഞ്ഞതോടെ വീണ്ടും അവര്‍ ശ്രീജിത്തിനോട് ആ എണ്ണ നല്‍കണമെന്നും നല്ല ഗുണം കിട്ടിയെന്നും പറഞ്ഞു. കൂടാതെ എണ്ണയെ കുറിച്ചുള്ള ഒരു കുറിപ്പ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു. ഇതോടെ എണ്ണയ്ക്ക് ആവശ്യക്കാരേറെയായി. അപ്പോഴാണ് മൊബൈല്‍ ജീവനക്കാരനായിരുന്ന ശ്രീജിത്തിന് ഇതൊരു സംരംഭമായി തീര്‍ത്താല്‍ എന്താണ് എന്നൊരു ചിന്ത ഉണ്ടാകുന്നത്. അങ്ങനെ ഇല എന്ന ബ്രാന്‍ഡ് ഉദയം ചെയ്തു.

നിര്‍മ്മാണ രീതി

വീട്ടില്‍ തന്നെ കൃഷിചെയ്യുന്ന ദന്തപാല പറിച്ചെടുത്ത് തുടച്ചു വൃത്തിയാക്കി എടുക്കുക എന്നതാണ് ആദ്യപടി. കറ്റാര്‍ വാഴയും മറ്റ് ഔഷധക്കൂട്ടുകളൊക്കെയും ഇങ്ങനെ വൃത്തിയാക്കിയെടുക്കുന്നു. ഇതൊക്കെ ചേര്‍ത്ത് ശുദ്ധമായ വെളിച്ചെണ്ണയില്‍ എണ്ണ ഉണ്ടാക്കിയെടുക്കുന്നു. ശ്രീജിത്തിന്റെ അമ്മ തന്നെയാണ് എല്ലാറ്റിനും ചുക്കാന്‍ പിടിക്കുന്നത്. സഹായത്തിനായി ശ്രീജിത്തും ബന്ധുക്കളും ഒപ്പമുണ്ടാകും.

'ഇല'യുടെ വിതരണം

ആമസോണിലും സ്‌നാപ്ഡീലിലും നിലവില്‍ ഈ ഉത്പന്നങ്ങള്‍ ലഭ്യമാണ്. കൂടാതെ സോഷ്യല്‍ മീഡിയ വഴിയും നല്ല രീതിയില്‍ എണ്ണ വിറ്റുപോകുന്നുണ്ട്. ഫേസ്ബുക്ക് വഴിയാണ് കൂടുതല്‍ വില്‍പ്പന നടക്കുന്നതെന്ന് ശ്രീജിത്ത് പറയുന്നു.

ദോഷം ഒട്ടുമില്ല, ഗുണങ്ങളേറെ

തികച്ചും പ്രകൃതിദത്തമായി ആണ് ഈ എണ്ണ നിര്‍മ്മിച്ചെടുത്തിട്ടുള്ളത്. താരന്‍, മുടികൊഴിച്ചല്‍, നിറം നഷ്ടമാകല്‍ എന്നിവയ്ക്ക് ഏറെ ഫലപ്രദമാണ് ഈ എണ്ണ. തീരെ മുടിയില്ലാത്തവര്‍ക്കും ഇതുകൊണ്ട് മാറ്റം വന്നിട്ടുണ്ടെന്നാണ് ഇവര്‍ പറയുന്നത്.

എണ്ണയിലും നേടാം ലക്ഷങ്ങള്‍

ചെറിയ മുതല്‍ മുടക്കില്‍ തുടങ്ങിയ ഈ സംരംഭത്തിലൂടെ നല്ലൊരു വരുമാനം ഇവര്‍ക്ക് നേടാന്‍ സാധിക്കുന്നുണ്ട്. ഒരു കുപ്പിന് 199 രൂപയും പ്രീമിയം ബോട്ടിലിന് 299 രൂപയുമാണ് ഈടാക്കുന്നത്. ഒന്നു വാങ്ങിയാല്‍ ഒരു മാസം ഉപയോഗിക്കാന്‍ സാധിക്കും. അയ്യായിരത്തിലധികം കുപ്പികള്‍ ഒരു മാസം വിറ്റുപോകുന്നുണ്ട്.

ദക്ഷിണേന്ത്യയില്‍ ഏറെക്കുറെ വിറ്റഴിക്കാന്‍ ഇവര്‍ക്ക് സാധിക്കുന്നുണ്ട്. ഇതിനോടകം ഉപഭോക്താക്കളുടെ പ്രശംസയും വിശ്വാസ്യതയും പിടിച്ചുപറ്റാന്‍ ഇവര്‍ക്ക് സാധിച്ചിട്ടുണ്ട്. ഉത്പന്നത്തിന്റെ ഗുണമേന്മയില്‍ ഒട്ടും വിട്ടുവീഴ്ചയില്ലാതെയുള്ള മനോഭാവമാണ് ഇവരുടെ വിജയ രഹസ്യം.