image

16 May 2023 8:49 AM GMT

People

പ്രൊഫഷണല്‍ ഗെയ്മറായി വീട്ടമ്മ; നേടുന്നത് ഒരുലക്ഷത്തിലേറെ രൂപ!

MyFin Desk

പ്രൊഫഷണല്‍ ഗെയ്മറായി വീട്ടമ്മ;  നേടുന്നത് ഒരുലക്ഷത്തിലേറെ രൂപ!
X

Summary

  • ഗെയിമിങ്ങിന്റെ ആദ്യ പാഠങ്ങള്‍ മകനില്‍ നിന്ന്
  • ഗെയിമിംഗ് ലോകത്ത് 'ബ്ലാക്ക് ബേർഡ് ' (black bird ) എന്ന ഓമനപ്പേര് .
  • 2021 ഒക്ടോബറില്‍ സ്ലാത്തി ഒരു ഗെയിമിംഗ് പോര്‍ട്ടല്‍ ആരംഭിച്ചു.


മൊബൈലില്‍ ഗെയിം കളിക്കുന്ന കുട്ടികളെയേ നമുക്കറിയൂ. എന്നാല്‍ ഇവിടെയിതാ 44കാരിയായ ഒരു വീട്ടമ്മ. ഗെയിം കളിച്ച് ഒരു ലക്ഷത്തിലേറെ രൂപയാണ് ഇവര്‍ സമ്പാദിക്കുന്നത്. ജമ്മു സ്വദേശിയായ റീത്തു സ്ലാത്തിയ എന്ന വീട്ടമ്മ ഗെയിമിങ്ങിന്റെ ആദ്യ പാഠങ്ങള്‍ പഠിച്ചത് മകനില്‍ നിന്നാണ്. എന്നാല്‍ മകനെ കടത്തിവെട്ടി ഓണ്‍ലൈന്‍ ഗെയിമുകളിലെ ചടുല നീക്കങ്ങള്‍ കൊണ്ട് സമൂഹ മാധ്യമങ്ങളില്‍ ട്രെന്‍ഡ് ആവുകയാണിവര്‍. കൊവിഡും തുടര്‍ന്നുണ്ടായ ലോക്ക്ഡൗണുമാണ് റീത്തുവിന് ഗെയിമിംഗ് ലോകത്തേക്കുള്ള എന്‍ട്രി സമ്മാനിച്ചത്.

ബ്ലാക്ക് ബേര്‍ഡ്

തന്റെ ഗെയിംപ്ലേ വീഡിയോകള്‍ തത്സമയം സ്ട്രീം ചെയ്താണ് ഗെയിമിംഗ് ലോകത്ത് 'Black Bird' എന്ന ഓമനപ്പേരിലറിയപ്പെടുന്ന റീത്തു 1.2 ലക്ഷം രൂപ ഒരുവര്‍ഷം സമ്പാദിക്കുന്നത്. സ്ട്രീമിംഗ്, ഗെയിമിംഗ് പ്ലാറ്റ്‌ഫോമായ റൂട്ടറിലാണ് ബ്ലാക്ക് ബേര്‍ഡ് പാറിപ്പറക്കുന്നത്. റീത്തുവിന് ഇന്ന് ഗെയിമിങ് പ്ലാറ്റ്‌ഫോമില്‍ 3.5 ലക്ഷത്തിലധികം ഫോളോവേഴ്‌സ് ഉണ്ട്.

20ാം വയസില്‍ വിവാഹിതയായ റീത്തു ഭര്‍ത്താവും മക്കളുമൊത്തുള്ള ജീവിതത്തിനു മുന്‍തൂക്കം നല്‍കി കുടുംബിനിയായി ഒതുങ്ങിക്കഴിയുകയായിരുന്നു. സ്വന്തമായി സാമ്പത്തിക വരുമാനം നേടുകയെന്ന ചിന്ത അവളുടെ മനസില്‍ ഉണ്ടായിരുന്നില്ല.

മകന്‍ ഗുരു

അങ്ങനെയിരിക്കെയാണു മകന്‍ തന്റെ ഫോണില്‍ ഗെയിം കളിക്കുന്നതില്‍ മുഴുകിയിരിക്കുന്നത് അവര്‍ ശ്രദ്ധിച്ചത്. റീത്തുവിന് ഗെയിമുകളില്‍ താല്‍പര്യം തോന്നി. എന്നാല്‍ ആദ്യം മകനോട് അതേക്കുറിച്ച് ചോദിക്കാനുള്ള ആത്മവിശ്വാസം ആ അമ്മയ്ക്ക് ഉണ്ടായിരുന്നില്ല.

ഒടുവില്‍ ആഗ്രഹം പിടിച്ചുവെക്കാന്‍ സാധിക്കാതെവന്നതോടെ അവര്‍ മകനില്‍ നിന്ന് ആദ്യപാഠങ്ങള്‍ മനസിലാക്കി. 2019ലായിരുന്നു ഇത്. പ്രൊഫഷണല്‍ താരങ്ങളുടെ ഇഷ്ട ഗെയിമുകളില്‍ ഒന്നായ പബ്ജിയില്‍ തന്നെ അവര്‍ തുടങ്ങി. അതിവേഗം തന്നെ ഒരു പ്രോ പ്ലെയറായി അവള്‍ മാറി.

ഗെയിമും കളിക്കാനുള്ള കീകളും മറ്റും മനസിലാക്കാന്‍ കുറച്ച് സമയമെടുത്തു. പക്ഷേ, താന്‍ പെട്ടെന്ന് പഠിക്കുന്ന ആളായിരുന്നു. കൗതുകം കൊണ്ടാണ് ഗെയിമിംഗില്‍ എത്തിയത് സ്ലാത്തിയ പറയുന്നു. എന്നാല്‍ ഇന്ന് ഈ വിനോദം അവര്‍ക്ക് ഒരു മികച്ച വരുമാന മാര്‍ഗം കൂടിയാണ്.

തത്സമയ സ്ട്രീമിംഗ് ഗെയിംപ്ലേ വീഡിയോകളില്‍ താല്‍പര്യമുണ്ടായതോയൊണ് കാര്യങ്ങള്‍ മാറിമറിഞ്ഞത്. തുടര്‍ന്ന് 2021 ഒക്ടോബറില്‍ സ്ലാത്തി ഒരു ഗെയിമിംഗ് പോര്‍ട്ടല്‍ ആരംഭിച്ചു. എല്ലാ ദിവസവും സ്ലാത്തിയ വീട്ടുജോലികള്‍ക്കു ശേഷം 3-4 മണിക്കൂര്‍ ഗെയിമിംഗില്‍ ചെലവഴിക്കുന്നു.

എന്നാല്‍ സ്ലാത്തിയക്ക് കാര്യങ്ങള്‍ തുടക്കത്തില്‍ അത്ര എളുപ്പമായിരുന്നില്ല. അവളുടെ ഗെയിം ഇഷ്ടത്തിന് കുടുംബത്തിനകത്തും പുറത്തും എതിര്‍പ്പുകള്‍ ഉണ്ടായി. എന്നാല്‍ ഭര്‍ത്താവും മകനും ആ അമ്മയ്‌ക്കൊപ്പം നിന്നു. പ്രൊഫഷണല്‍ ഗെയിമിംഗ് പണം സമ്പാദിക്കാനുള്ള മികച്ച മാര്‍ഗമാണെന്ന് സ്ലാത്തിയ പറയുന്നു.