image

31 Dec 2022 7:23 AM GMT

People

കുറവുകളെ കരുത്താക്കി കെട്ടിപ്പടുത്ത സംരംഭം; കാഴ്ചപരിമിതിയില്‍ കണ്ടത് വിജയത്തിലേക്കുള്ള ഉള്‍ക്കാഴ്ച

MyFin Bureau

geetha turmeric powder
X

Summary

  • 100 ശതമാനം കാഴ്ചവൈകല്യമുള്ള ഗീതയ്ക്ക് ജോലി ലഭിക്കുക എന്നത് അത്ര എളുപ്പമായിരുന്നില്ല
  • ദിവസേന അമ്പതോളം കുര്‍ക്കുമീല്‍ ഫസ്റ്റ് ഡ്രിംഗ് കോമ്പോ വിറ്റുപോകുന്നുണ്ട്


കാഴ്ചവൈകല്യത്തെ ഒട്ടും വകവയ്ക്കാതെ ഇന്ത്യയൊട്ടാകെ അറിയപ്പെടുന്ന ഒരു സംരംഭത്തിന്റെ സാരഥിയായി മാറിയ ഗീതയുടെയും, ഗീതയുടെ മഞ്ഞളില്‍ ഉയിര്‍കൊണ്ട ഹോം ടു ഹോം ഫുഡ്സിന്റെയും കഥ

ഏകദേശം 15 വയസുള്ളപ്പോഴാണ് ഗീതയ്ക്ക് തന്റെ കാഴ്ച ശക്തി പൂര്‍ണ്ണമായും നഷ്ടപ്പെടുന്നത്. അന്നുതൊട്ട് അവരുടെ ജീവിതം എന്നത് വളരെയധികം വെല്ലുവിളികള്‍ നിറഞ്ഞതായിരുന്നു. ആ വെല്ലുവിളികളെ ഒരു ചെറുപുഞ്ചിരികൊണ്ട് തഴഞ്ഞ് കാഴ്ചയെ ഉള്‍കാഴ്ചയില്‍ പ്രതിഷ്ഠിച്ചുകൊണ്ട് ജീവിതത്തെ സധൈര്യം നേരിടാന്‍ ഇറങ്ങിപ്പുറപ്പെട്ടു. നല്ല വിദ്യാഭ്യാസം നേടി, ഒപ്പം നല്ലൊരു ജീവിതവും തേടി.

പത്തുവര്‍ഷം മുമ്പാണ് ഗീതയും ഭര്‍ത്താവ് സയേഷും സംരംഭം എന്നൊരു ചിന്തയിലേക്ക് പോകുന്നതും അതിന്റെ ഭാഗമായി തങ്ങളുടെ നാടായ തൃശൂരില്‍ ഒരു റസ്റ്റോറന്റ് തുടങ്ങുന്നതും.

ഓര്‍ഗാനിക് ഫുഡ് മാത്രം കൊടുക്കുന്ന റസ്റ്റോറന്റ് ആയിരുന്നു അത്. എന്നാല്‍ അധിക കാലം ആ ബിനിനസ് തുടര്‍ന്നുപോകാന്‍ കഴിഞ്ഞില്ല. അങ്ങനെ ബിസിനസ് എന്ന മോഹം പാതിയില്‍ നിര്‍ത്തിക്കൊണ്ട് മറ്റേതെങ്കിലും ജോലി ചെയ്യാം എന്ന തീരുമാനത്തിലെത്തുകയും ഒരുപാട് അന്വേഷണങ്ങള്‍ നടത്തുകയും ചെയ്തു.

പക്ഷേ,100 ശതമാനം കാഴ്ചവൈകല്യമുള്ള ഗീതയ്ക്ക് ജോലി ലഭിക്കുക എന്നത് അത്ര എളുപ്പമായിരുന്നില്ല. നല്ല കഴിവും യോഗ്യതയും ഉണ്ടെങ്കിലും കാഴ്ചയില്ലാത്തതിനാല്‍ ആരും തന്നെ ജോലി നല്‍കിയില്ല. അങ്ങനെ സ്വന്തം കഴിവില്‍ വിശ്വാസമുണ്ടായിരുന്ന അവര്‍ വീണ്ടും ഒരു സംരംഭത്തിലേക്കുള്ള വഴിയെക്കുറിച്ച് ചിന്തിക്കാന്‍ തുടങ്ങി.




മഞ്ഞള്‍പൊടിയിലേക്ക്

വീട്ടുകാരുടെ പിന്തുണയോടെ പല ചെറിയ ബിസിനസുകളും ചെയ്ത് മുമ്പോട്ടുപോകുമ്പോഴാണ് ലോകമെമ്പാടും കൊവിഡ്-19 പടര്‍ന്നുപിടിക്കുന്നത്. പിന്നാലെ ലോക്ഡൗണും.

എല്ലാവരെയും പോലെ ഗീതയുടെ ബിസിനസിനെയും അത് ദോഷകരമായി ബാധിച്ചു. കൊവിഡ് സമയം ആയതിനാല്‍ രോഗപ്രതിരോധ ശേഷിയിലും ഔഷധ ഗുണമുള്ള ഭക്ഷണത്തിലും ജനങ്ങള്‍ കുറച്ച് ശ്രദ്ധിക്കാന്‍ തുടങ്ങിയിരുന്നു. ചെറുപ്പം മുതല്‍ കൃഷിയെയും നല്ല ആഹാരത്തെയും സ്നേഹിച്ച ഗീതയക്ക് ആ സമയത്താണ് മഞ്ഞളിനെ മുന്‍നിര്‍ത്തി എന്തുകൊണ്ട് ഒരു സംരംഭം തുടങ്ങിക്കൂടാ എന്ന ചിന്ത ഉണ്ടാകുന്നത്.

കുര്‍കു മീല്‍, ഫസ്റ്റ് ഡ്രിങ്ക്, മഞ്ഞള്‍പൊടി എന്നീ മൂന്നു പ്രൊഡക്ടുകളിലൂടെ വിജയം കൊയ്യാന്‍ അവര്‍ തീരുമാനിച്ചു. എന്നാല്‍ മാര്‍ക്കറ്റില്‍ നിന്ന് ലഭിക്കുന്ന മഞ്ഞള്‍പൊടിയില്‍ അവര്‍ക്ക് തൃപ്തിയുണ്ടായിരുന്നില്ല. നല്ല ഭക്ഷണം ജനങ്ങളിലേക്ക് എത്തിക്കുക എന്ന ആശയവുമായി മുന്നോട്ടു നീങ്ങിയിരുന്ന ഗീത മഞ്ഞള്‍ സ്വന്തമായി കൃഷിചെയ്യാന്‍ തീരുമാനിച്ചു.

മഞ്ഞള്‍പ്പൊടി കൂടാതെ രണ്ട് പ്രൊഡക്ടുകള്‍ കൂടി ചെയ്യാന്‍ തീരുമാനിച്ചിരുന്ന ഇവര്‍ അതുംകൂടി ഇതിന്റെ ഭാഗമാക്കി. മഞ്ഞളില്‍ ഒരുപാട് ഔഷധഗുണമുള്ള കണ്ടന്റുകള്‍ ഉണ്ട്. അതില്‍ രോഗപ്രതിരോധ ശേഷിക്കും മറ്റുമായി നല്ല രീതിയില്‍ ഗുണം ചെയ്യുന്ന കണ്ടന്റാണ് കുര്‍ക്കുമിന്‍ എന്നത്.

അങ്ങനെ മഞ്ഞള്‍ കൃഷിചെയ്യാനിരുന്ന ഇവര്‍ കൃഷിക്കും സംരംഭത്തിനും അനുയോജ്യമായ മഞ്ഞള്‍ ഏതെന്ന് മനസസ്സിലാക്കുന്നതിനായി ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പൈസസ് റിസര്‍ച്ച് സന്ദര്‍ശിക്കുകയും നിരവധി ഗവേഷകരുമായി കുര്‍ക്കുമീലിന്റെ ചേരുവകളെക്കുറിച്ച് കൂടുതല്‍ അറിയുകയും ചെയ്തു.

അങ്ങനെ നിരന്തരമായി ശേഖരിച്ച അറിവുകളിലൂടെയും മാര്‍ഗനിര്‍ദേശങ്ങളിലൂടെയും കുര്‍ക്കുമീലിനുള്ള മികച്ച റെസിപ്പി അവര്‍ കണ്ടെത്തി. ഇന്ന് ഗീതയുടെ കുര്‍ക്കുമീലിന് ഇന്ത്യയിലുടനീളം നിരവധി ആവശ്യക്കാര്‍ ഉണ്ട്.

മഞ്ഞളില്‍ നിന്ന് മൂന്നു പ്രൊഡക്ടുകള്‍

പ്രതിഭ എന്ന മഞ്ഞളില്‍ നിന്നാണ് കുര്‍ക്കുമീലിന്റെ കണ്ടന്റ് ഏറ്റവും കൂടൂതലായി ലഭിക്കുന്നത്. അങ്ങനെ അത് കൃഷിചെയ്ത് അതില്‍ നിന്നും ഉണ്ടാക്കിയെടുത്തിട്ടുള്ള മൂന്ന് പ്രൊഡക്ടുകളാണ് ഈ സംരംഭത്തില്‍ ഉള്ളത്. അതില്‍ ഒന്ന് മഞ്ഞള്‍പ്പൊടിയാണ്. ഏറ്റവും ഗുണമേന്മയുള്ളതും ആരോഗ്യകരവുമായ മഞ്ഞള്‍പൊടി ജനങ്ങളിലേക്ക് എത്തിക്കുക എന്നതാണ് ഇവരുടെ ഉദ്ദേശം.

പിന്നെയുള്ള ഉത്പന്നം എന്ന് പറയുന്നത്, ഇവരുടെ ഏറ്റവും ഡിമാന്റുള്ള പ്രൊഡക്ടായ കുര്‍ക്കുമീല്‍ ആണ്. ഇതില്‍ മഞ്ഞളിനോടൊപ്പം തന്നെ ഈന്തപ്പഴവും ബദാമും തേങ്ങാപ്പാലും ഉണ്ട്. ഇവ ഒരുമിച്ച് ചേര്‍ത്ത് ഉണ്ടാക്കിയെടുത്തിട്ടുള്ള രുചികരവും ആരോഗ്യപ്രദവുമായ ഒരു ഉത്പന്നമാണ് ഇത്. പാലിലോ നേരിട്ടോ ഏത് രീതിയിലും കഴിക്കാവുന്നതുകൊണ്ടുതന്നെ കുട്ടികള്‍ക്കും ഏറെ ഇഷ്ടമാണെന്നാണ് ഗീത പറയുന്നത്.

മൂന്നാമത്തെ ഉത്പന്നം എന്നത് ഫസ്റ്റ് ഡ്രിംഗ് ആണ്. ഇതൊരു ഹെല്‍ത്തി ഡ്രിംഗ് ആണ്. രാവിലെ വ്യായാമത്തിനൊക്കെ മുമ്പ് വെറും വയറ്റില്‍ കഴിക്കാവുന്ന ഒന്നാണ് ഇത്. ഇവരുടെ എല്ലാ പ്രൊഡക്ടുകളും രുചികരവും അതുപോലെ തന്നെ ആരോഗ്യകരവും ആണെന്നുള്ളതാണ് വിജയത്തിന്റെ രഹസ്യം എന്നാണ് ഇവര്‍ പറയുന്നത്.

നിര്‍മ്മാണവും മാര്‍ക്കറ്റിംഗും

മെഷീന്‍ ഉപയോഗിച്ചുകൊണ്ടുള്ളതാണ് ഇവിടത്തെ നിര്‍മ്മാണ രീതി. കൃഷിക്കും ഉല്‍പ്പന്നങ്ങളുടെ നിര്‍മ്മാണത്തിനുമായി ഇവരുടെ കൂടെ ഒരുപാട് പേര്‍ ഇതിന്റെ ഭാഗമായി ഉണ്ട്. ഇന്ത്യയില്‍ മൊത്തം കൊറിയര്‍ വഴി പ്രൊഡക്ടുകള്‍ ഇവര്‍ എത്തിച്ചുനല്‍കുന്നുണ്ട്. ആദ്യമൊക്കെ സോഷ്യല്‍ മീഡിയ വഴിയായിരുന്നു പ്രൊഡക്ടുകളുടെ വില്‍പ്പന നടന്നിരുന്നത്.

ഇപ്പോള്‍ ഇവര്‍ക്ക് സ്വന്തമായി വെബ്സൈറ്റ് ഉണ്ട്. അതില്‍കൂടി ഉല്‍പ്പന്നങ്ങള്‍ ഓര്‍ഡര്‍ ചെയ്താല്‍ ഇന്ത്യയില്‍ എവിടെയാണെങ്കിലും അവിടേക്ക് പ്രൊഡക്ടുകള്‍ എത്തിച്ചു നല്‍കും. ഇനി ആമസോണിലും ഫ്ളിപ്കാര്‍ട്ടിലും കൂടി ഉത്പന്നങ്ങള്‍ ഒര്‍ഡര്‍ ചെയ്യുന്നതിനായുള്ള തയ്യാറെടുപ്പുകള്‍ നടന്നുകൊണ്ടിരിക്കുകയാണ്. 10000 നു മുകളില്‍ സ്ഥിരം കസ്റ്റമേഴ്സ് ഇവര്‍ക്ക് ഇപ്പോള്‍ ഉണ്ട്.

ലാഭം അല്ല പ്രധാനം ആരോഗ്യം

ലാഭത്തേക്കാള്‍ ഉപഭോക്താക്കളുടെ ആരോഗ്യവും സംതൃപ്തിയുമാണ് നോക്കുന്നതെന്ന് പറയുകയാണ് ഗീത. എങ്കിലും അത്യാവശ്യം നല്ലരീതിയിലുള്ള വരുമാനം ഇതില്‍ നിന്നും ലഭിക്കുന്നുണ്ടെന്നാണ് ഇവര്‍ പറയുന്നത്. വരുമാനം ഒക്കെ പിന്നെയും ഈ സംരംഭത്തിനുവേണ്ടി ചെലവഴിച്ച് ഈ സംരംഭത്തെ ലോകം അറിയപ്പെടുന്നൊരു തരത്തിലേക്ക് വളര്‍ത്താനാണ് ഗീത ലക്ഷ്യമിടുന്നത്. ദിവസേന അമ്പതോളം കുര്‍ക്കുമീല്‍ ഫസ്റ്റ് ഡ്രിംഗ് കോമ്പോ വിറ്റുപോകുന്നുണ്ട്.

കുര്‍ക്കുമീല്‍ എന്ന പ്രൊഡക്ടിന് 200 ഗ്രാമിന് 390 രൂപയാണ് വരുന്നത്. ഇതിന്റെ ഫാമിലി പാക്ക് വരുന്നത് 850 രൂപയ്ക്കാണ്. ഫസ്റ്റ് ഡ്രിംഗ് 110 ഗ്രാമിന് വരുന്നത് 345 രൂപയാണ്. മഞ്ഞള്‍പ്പൊടി അര കിലോ പാക്കിന് വരുന്നത് 380 രൂപയാണ്.




അര്‍ഹതയ്ക്കു കിട്ടിയ അംഗീകാരങ്ങള്‍

സമത അവാര്‍ഡ്, കൈരളി ടിവി അവാര്‍ഡ്, ഇന്റര്‍ നാഷണല്‍ ഡിസേബിലിറ്റി അവാര്‍ഡ്, ഡല്‍ഹി കേന്ദ്രമായുള്ള മാനിഫെസ്റ്റോ അവാര്‍ഡ് ഉള്‍പ്പെടെ ഒരുപാട് അംഗീകാരങ്ങള്‍ ഗീതയെ ഇതിനോടകം തേടി എത്തിയിട്ടുണ്ട്.

കുറവുകളെ കരുത്താക്കി മാറ്റി ആ കരുത്തില്‍ നിന്നും വളര്‍ന്നുവന്നതാണ് കുര്‍ക്കുമീലും ഹോം ടു ഹോം ഫുഡ്സും. പേരുപോലെ തന്നെ വീട്ടില്‍ നിന്നുള്ള മായം ചേര്‍ക്കാത്ത ഫുഡിന്റെ അതേ ഗുണമേന്മയാണ് ഇവരും പ്രധാനം ചെയ്യുന്നത്. ഉള്‍ക്കണ്ണ് കൊണ്ട് ലോകത്തെ തൊട്ടറിയുന്ന ഗീതക്കും അവള്‍ക്ക് പിന്തുണയേകിക്കൊണ്ട് ഒപ്പം നില്‍ക്കുന്ന ഭര്‍ത്താവിനും രണ്ടുമക്കള്‍ക്കും ഒരു ആഗ്രഹം മാത്രമേ ഉള്ളൂ. കുര്‍ക്കുമീലിനെയും ഹോം ടു ഹോം ഫുഡ്സിനെയും ലോകമറിയുക അംഗീകരിക്കുക എന്ന ആഗ്രഹം മാത്രം.

വരുമാനത്തേക്കാളുപരി ഏവരെയും ആകര്‍ഷിക്കുന്നത് ഗീത എന്ന സ്ത്രീയുടെ ആത്മാര്‍ത്ഥതയും പ്രയത്നവുമാണ്. ഒരു സംരംഭക എന്ന നിലയിലും ജീവിതത്തോടു പോരാടി ജയിച്ച ഒരു മനുഷ്യന്‍ എന്ന നിലയിലും ഗീതയുടെ ജീവിതവും സംരംഭവും സ്ത്രീകള്‍ക്കും ഭിന്നശേഷിക്കാര്‍ക്കും സംരംഭകര്‍ക്കും വലിയൊരു പ്രചോദനമാണ്.