8 April 2023 9:00 AM GMT
Summary
- ചന്ദ കൊച്ചാറിനെയും ദീപക് കൊച്ചാറിനെയും ഡിസംബറിൽ അറസ്റ്റ് ചെയ്തു
- പരിശോധിക്കപ്പെടുന്നത് 3,250 കോടി രൂപയുടെ വായ്പ
- കമ്പനികളും വ്യക്തികളും ഉള്‍പ്പെടെ ഒമ്പത് പേർക്കെതിരെ കുറ്റപത്രം
3250 കോടി രൂപയുടെ വായ്പാ തട്ടിപ്പ് കേസില്‍ ഐസിഐസിഐ ബാങ്കിന്റെ എംഡിയും സിഇഒയുമായിരുന്ന ചന്ദ കൊച്ചാര്‍, ചന്ദയുടെ ഭര്‍ത്താവ് ദീപക് കൊച്ചാര്‍, വിഡിയോകോണ്‍ സ്ഥാപകന്‍ വേണുഗോപാല്‍ ധൂത് എന്നിവര്‍ക്കെതിരായ സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ വകുപ്പ് 129 ബി പ്രകാരമുള്ള ക്രിമിനല്‍ ഗൂഡാലോചന, വകുപ്പ് 409 പ്രകാരമുള്ള ക്രിമിനല്‍ വിശ്വാസ ലംഘനം എന്നിവയാണ് ചന്ദ കൊച്ചാറിനെതിരേ ചുമത്തിയിട്ടുള്ള പ്രധാന കുറ്റങ്ങള്‍. അഴിമിതി നിരോധധ നിയമം ഉള്‍പ്പടെയുള്ള മറ്റ് നിയമങ്ങളിലെ വകുപ്പുകളും ചുമത്തിയിട്ടുണ്ട്. കമ്പനികളും വ്യക്തികളും ഉള്‍പ്പെടെ ഒമ്പത് പേരെയാണ് കുറ്റക്കാരായി രേഖപ്പെടുത്തിയിട്ടുള്ളതെന്ന് സിബിഐ വൃത്തങ്ങള്‍ വ്യക്തമാക്കുന്നു.
ചന്ദാ കൊച്ചാറിനെ വിചാരണ ചെയ്യുന്നതിനുള്ള അനുമതി ഐസിഐസിഐ ബാങ്കില്‍ നിന്ന് ലഭ്യമാകുന്നതിനു മുമ്പാണ് മുംബൈയിലെ പ്രത്യേക കോടതിയില്‍ അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സിബിഐ തയാറായിട്ടുള്ളത്. അനുമതിക്കായി ബാങ്കിനെ സമീപിച്ചിട്ടുണ്ടെന്നും മറുപടിക്കായി കാത്തിരിക്കുകയാണെന്നുമാണ് സിബിഐ ഉദ്യോഗസ്ഥരില്‍ നിന്നു ലഭിക്കുന്ന വിവരം. സാധാരണഗതിയില്‍, കുറ്റപത്രത്തിന്റെ അടിസ്ഥാനത്തില്‍ നടപടികള്‍ ആരംഭിക്കുന്നതിനും വിചാരണയിലേക്ക് പോകുന്നതിനും മുന്നോടിയായി പ്രത്യേക കോടതി അനുമതിക്കായി കാത്തിരിക്കും. ബാങ്ക് അനുമതി നിഷേധിക്കുകയാണെങ്കില്‍ അഴിമതി നിരോധന നിയമ പ്രകാരമുള്ള വകുപ്പുകള്‍ ബാധകമായിരിക്കില്ല.
കഴിഞ്ഞ ഡിസംബറിലാണ് ചന്ദ കൊച്ചാറിനെയും ദീപക് കൊച്ചാറിനെയും അറസ്റ്റ് ചെയ്തത്. എന്നാല്‍ സിബിഐയുടെ റിമാന്‍ഡ് അപേക്ഷ തള്ളിക്കളഞ്ഞുകൊണ്ട് ജനുവരി 9ന് ബോംബേ ഹൈക്കോടതി ഇരുവര്‍ക്കും ജാമ്യം അനുവദിച്ചു. പരിശോധിക്കപ്പെടുന്ന ഇടപാടുകളുടെ ഭാഗമായി തെറ്റായ ഒരു നഷ്ടവും തങ്ങള്‍ക്കുണ്ടായിട്ടില്ലെന്ന് കാണിച്ച് ഐസിഐസിഐ ബാങ്ക് സിബിഐക്ക് അയച്ച കത്ത് റിമാര്‍ഡ് അപേക്ഷയെ എതിർത്തുകൊണ്ട് ചന്ദയുടെ അഭിഭാഷകന്‍ കോടതിയുടെ ശ്രദ്ധയില്‍ കൊണ്ടുവന്നിരുന്നു.
ദീപക് കൊച്ചാറിന്റെ സുഹൃത്തായ വേണുഗോപാല്‍ ധൂത് പ്രൊമോട്ടറായ വിഡിയോകോണ്‍ ഗ്രൂപ്പിന്റെ വിവിധ കമ്പനികള്‍ക്കായി മൊത്തം 3,250 കോടി രൂപയുടെ വായ്പ നല്‍കിയത് ബാങ്കിംഗ് റെഗുലേഷന്‍ ആക്റ്റ്, ആര്‍ബിഐ മാര്‍ഗനിര്‍ദേശം, ബാങ്കിന്റെ ക്രെഡിറ്റ് നയം എന്നിവ ലംഘിച്ചുകൊണ്ടാണെന്നാണ് കേസ്.