1 Jun 2023 12:52 PM GMT
Summary
- ഇരുരാഷ്ട്രങ്ങളിലെയും നിക്ഷേപ അവസരങ്ങള്‍ സമ്മേളനത്തില്‍ ചര്‍ച്ചയായി
- ഇന്ത്യന്‍ കയറ്റുമതിയുടെ 10 ശതമാനത്തിലധികം ജിസിസി രാഷ്ട്രങ്ങളിലേക്ക്
ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്‌സിന്റെ മാനേജിംഗ് ഡയറക്ടർ അദീബ് അഹമ്മദിനെ ഫെഡറേഷൻ ഓഫ് ഇന്ത്യൻ ചേമ്പേഴ്‌സ് ഓഫ് കൊമേഴ്‌സ് & ഇൻഡസ്ട്രിയുടെ (FICCI) മിഡിൽ ഈസ്റ്റ് കൗൺസിലിന്‍റെ ചെയർമാനായി നിയമിച്ചു. ഡൽഹിയിൽ ബുധനാഴ്ച നടന്ന ഫിക്കി മിഡിൽ ഈസ്റ്റ് കൗൺസിലിന്റെ ആറാമത് സമ്മേളനത്തിലാണ് അദീബ് അഹമ്മദിനെ ചെയർമാനായി തിരഞ്ഞെടുത്തത്. യോഗത്തിൽ ഫിക്കി സെക്രട്ടറി ജനറൽ ശൈലേഷ് പതക്, സീനിയർ ഡയറക്ടറും ആഫ്രിക്ക, മിഡിൽ ഈസ്റ്റ്, സൗത്ത് ഏഷ്യ റീജിയൻ ഹെഡുമായ ഗൗതം ഘോഷ്, ജോയിന്റ് ഡയറക്ടറും ആഫ്രിക്ക, മിഡിൽ ഈസ്റ്റ്, സൗത്ത് ഏഷ്യ ഹെഡുമായ ദീപ്തി പന്ത് തുടങ്ങിയവരും പങ്കെടുത്തു.
ഇന്ത്യയിലെയും മിഡില്‍ ഈസ്റ്റിലെയും വ്യാവസായിക രംഗത്ത് വർദ്ധിച്ചുവരുന്ന നിക്ഷേപ അവസരങ്ങളെക്കുറിച്ചും ചർച്ച ചെയ്തു. അതോടൊപ്പം അടുത്ത സാമ്പത്തിക വർഷത്തേക്കുള്ള ആസൂത്രണവും, അത് നടപ്പിലാക്കുന്നതിനായി ബിസിനസ്സ് കമ്മ്യൂണിറ്റിയിൽ നിന്നുള്ള രാജ്യത്തിൻ്റെ അംബാസഡർമാരെ കണ്ടെത്തലും നടന്നു.
സാമ്പത്തിക സേവന രംഗത്തും, ഹോസ്പിറ്റാലിറ്റി ബിസിനസ്സ് രംഗത്തും വ്യക്തിമുദ്ര പതിപ്പിച്ച ബഹുമുഖ സംരംഭകനാണ് അദീബ് അഹമ്മദ്. അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്‌സിന് മിഡിൽ ഈസ്റ്റ്, ഇന്ത്യൻ ഉപഭൂഖണ്ഡം, ഏഷ്യ-പസഫിക് എന്നീ മേഖലകളിലായി പത്തോളം രാജ്യങ്ങളിൽ സാന്നിധ്യമുണ്ട്. ഇന്ത്യയിൽ എൻബിഎഫ്‌സി രംഗത്തുള്ള ലുലു ഫിൻസെർവ്, ക്രോസ്-ബോർഡർ പേയ്‌മെന്റ് കമ്പനിയായ ലുലു ഫോറെക്‌സ് എന്നിവയിലൂടെ 40 നഗരങ്ങളില്‍ സാന്നിധ്യമറിയിക്കുന്നു. കൂടാതെ ആഡംബര ഹോസ്പിറ്റാലിറ്റി രംഗത്തും അദ്ദേഹം സജീവമാണ്. ജിസിസി രാജ്യങ്ങളും, ഇന്ത്യയും തമ്മിലുള്ള വ്യാവസായിക സാമൂഹിക ബന്ധം മെച്ചപ്പെടുത്താനുള്ള സജീവ പിന്തുണയിലൂടെയും അദ്ദേഹം ശ്രദ്ധേയനാണ്.
ഷാർജ ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രിയുടെ ചെയർമാൻ അബ്ദുല്ല സുൽത്താൻ അൽ ഒവൈസിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തെ ഉച്ചകോടി സ്വാഗതം ചെയ്തു. വിദേശകാര്യ മന്ത്രാലയത്തിലെ ഡെവലപ്‌മെന്റ് പാർട്ണർഷിപ്പ് ജോയിന്റ് സെക്രട്ടറി സതീഷ് ശിവനും ദുബായിലെ ഇന്ത്യൻ കോൺസൽ ജനറലും പങ്കെടുത്ത ചർച്ചയും സമ്മേളനത്തിന്‍റെ ഭാഗമായി നടന്നു.
ഇന്ത്യൻ വാണിജ്യ-വ്യവസായ മന്ത്രാലയത്തിന്റെ പുതിയ കണക്കുകൾ പ്രകാരം, ഇന്ത്യയുടെ മൊത്തം കയറ്റുമതിയുടെ 10 ശതമാനത്തിലധികം ജിസിസി രാജ്യങ്ങളിലേക്കാണ്. ജിസിസിയിൽ നിന്നുള്ള ഇന്ത്യയുടെ ഇറക്കുമതി രാജ്യത്തിന്‍റെ മൊത്തം ഇറക്കുമതിയുടെ 18 ശതമാനത്തിലധികമാണ്. ഇന്ത്യയും വിവിധ ജിസിസി രാജ്യങ്ങളും തമ്മിലുള്ള വ്യാപാരവും നിക്ഷേപവും പ്രോത്സാഹിപ്പിക്കുന്നതിനായി സ്ഥാപിതമായ FICCI മിഡിൽ ഈസ്റ്റ് കൗൺസിൽ സാംസ്കാരിക വിനിമയം പ്രോത്സാഹിപ്പിക്കുന്നതു ലക്ഷ്യമിട്ടുള്ള ചർച്ചകളും നടത്തുന്നു.