image

18 May 2023 11:41 AM GMT

People

തൊഴിലാളി സമരത്തില്‍ ആദ്യ സംരംഭം പൂട്ടിയെങ്കിലും അങ്കൂര്‍ ത്യാഗി കെട്ടിപ്പടുത്തത് 35 കോടിയുടെ ബിസിനസ് സാമ്രാജ്യം

MyFin Desk

തൊഴിലാളി സമരത്തില്‍ ആദ്യ സംരംഭം പൂട്ടിയെങ്കിലും  അങ്കൂര്‍ ത്യാഗി കെട്ടിപ്പടുത്തത്  35 കോടിയുടെ ബിസിനസ് സാമ്രാജ്യം
X

Summary

  • പുതിയ സംരംഭം മൂന്ന് വര്‍ഷത്തിനിടെ 35 കോടി വിറ്റുവരവിലേക്ക്
  • അമ്മയില്‍ നിന്ന് കടമായി വാങ്ങിയ 6 ലക്ഷം രൂപ മുതൽക്കൂട്ടായി
  • കമ്പനിക്ക് ഇന്ന് 40 ജീവനക്കാരും 35 കരാര്‍ തൊഴിലാളികളുമുണ്ട്.


ബിസിനസ് രംഗത്ത് വിജയം കൊയ്ത പലരും ആദ്യ ശ്രമത്തില്‍ പരാജയപ്പെട്ടവരാണ്. പരാജയത്തെ വിജയത്തിലേക്കുള്ള ചവിട്ടുപടിയാക്കുകയാണ് ഉത്തര്‍പ്രദേശിലെ മീററ്റ് സ്വദേശി അങ്കൂര്‍ ത്യാഗി. 2009ല്‍ 1 ലക്ഷം രൂപ നിക്ഷേപിച്ച് ആരംഭിച്ച ആദ്യ സംരംഭം തൊഴിലാളി പ്രശ്‌നങ്ങളെ തുടര്‍ന്ന് പൂട്ടിപ്പോയി. എങ്കിലും ത്യാഗി നിരാശനായില്ല.

പുതിയ മേഖലയില്‍ പുതിയ സാധ്യതകള്‍ തേടി അയാള്‍ മുന്നോട്ടുപോയി. ഒടുവില്‍ പ്രയത്‌നം ഫലം കണ്ടു. പുതിയ സംരംഭം മൂന്ന് വര്‍ഷത്തിനിടെ 35 കോടി വിറ്റുവരവിലേക്ക് ഉയര്‍ന്നു. ലിഥിയം അയണ്‍ ബാറ്ററി റീസൈക്ലിംഗ് കമ്പനി തുടങ്ങിയത് അമ്മയില്‍ നിന്ന് കടമായി വാങ്ങിയ 6 ലക്ഷം രൂപയുമായി ആയിരുന്നു.

തുടക്കം റസ്‌റ്റോറന്റില്‍

2005ല്‍ ബി.കോം പഠനകാലത്ത് അങ്കൂര്‍ ത്യാഗി ചെറിയ ജോലികള്‍ ചെയ്ത് വരുമാനം കണ്ടെത്തിയിരുന്നു. 2009ല്‍ മീററ്റിലെ ഒരു സ്ഥാപനത്തില്‍ ഫിനാന്‍സ് വിഷയത്തില്‍ എം.ബി.എയ്ക്ക് ചേര്‍ന്നതോടെയാണ് ആദ്യ സംരംഭം ആരംഭിക്കുന്നത്. പഠനത്തോടൊപ്പം സുഹൃത്തിനൊപ്പം ചേര്‍ന്ന് ഗാസിയാബാദില്‍ ചെറിയൊരു റസ്‌റ്റോറന്റ് ആരംഭിച്ചു 1 ലക്ഷം രൂപയായിരുന്നു മുടക്കുമുതല്‍. ചാട്ടും നൂഡില്‍സും ദോശയും വിറ്റ് വിജയത്തിലേക്കു നീങ്ങിയ റസ്‌റ്റോറന്റ് പക്ഷേ രണ്ടുവര്‍ഷത്തിനുള്ളില്‍ തൊഴിലാളി പ്രശ്‌നം കാരണം അടച്ചുപൂട്ടി.

വീണ്ടും പഠനം

ആദ്യ സംരംഭത്തില്‍ കൈ പൊള്ളിയതോടെ തുടര്‍ പഠനത്തിനായി ജയ്പുരിലെ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മാനേജ്‌മെന്റിലേക്ക് പോയി. 2014ല്‍ കോഴ്‌സ് പൂര്‍ത്തിയാക്കിയ ശേഷം ഗാസിയാബാദിലെ ജസ്റ്റ് ഡയലില്‍ സെയില്‍സ് മാനേജരായി. പിന്നീട് പനാസോണിക്കിലേക്ക് മാറിയപ്പോഴാണ് പുതിയ ബിസിനസ് ആശയം ലഭിക്കുന്നത്. പനാസോണിക്കില്‍ വെയര്‍ഹൗസ് മാനേജരായ അങ്കൂര്‍ ഇലക്ട്രോണിക് മാലിന്യങ്ങളില്‍ നിന്നാണ് അടുത്ത ബിസിനസ് തുടങ്ങിയത്.

ഇ-മാലിന്യം റീസൈക്ലിംഗ്

ഇ-മാലിന്യങ്ങളെ പറ്റി പഠിച്ച അങ്കൂര്‍ 2016ല്‍ സുഹൃത്തുമായി ചേര്‍ന്ന് സിപ്‌ട്രെക്‌സ് ക്ലീന്‍ടെക് പ്രൈവറ്റ് ലിമിറ്റഡ് ആരംഭിച്ചു. ബാറ്ററികള്‍ റീസൈക്കിള്‍ ചെയ്ത ലിഥിയം അയണ്‍ ബാറ്ററി മാലിന്യങ്ങള്‍ റീസൈക്ലിംഗ് കമ്പനിക്ക് കൈമാറുന്നതാണ് ബിസിനസ്. 2020ഓടെ ബാറ്ററികള്‍ റീസൈക്കിള്‍ ചെയ്യുന്ന ബിസിനസ് ആരംഭിക്കാനുള്ള ശ്രമം അങ്കൂര്‍ ആരംഭിച്ചു. സിപ്‌ട്രെക്‌സിനെ നിലനിര്‍ത്തി പ്രിഥ്വി ക്ലീന്‍ടെക് എന്ന പേരില്‍ റീസൈക്ലിംഗ് കമ്പനിയും ആരംഭിച്ചു. കേടായതും ഉപയോഗശൂന്യവുമായ ബാറ്ററികള്‍ ശാസ്ത്രീയമായി റീസൈക്ലിംഗ് ചെയ്യുന്ന കമ്പനിയാണിത്.

അമ്മയില്‍ നിന്ന് കടം വാങ്ങിയ മൂലധനം

2020 ജൂലൈയില്‍ റിസൈക്ലിംഗ് രംഗത്തേക്ക് കടക്കാനുള്ള നിക്ഷേപത്തിന് സമീപിച്ചത് അമ്മയെയാണ്. പ്രഥ്വി ക്ലീന്‍ ടെക് സ്ഥാപിക്കാന്‍ 35കാരനായ അങ്കൂര്‍ അമ്മയില്‍ നിന്ന് 6 ലക്ഷം രൂപ കടം വാങ്ങി. അഞ്ച് ജീവനക്കാരുമായി തുടങ്ങിയ കമ്പനിക്ക് ഇന്ന് 40 ജീവനക്കാരും 35 കരാര്‍ തൊഴിലാളികളുമുണ്ട്.

റീസൈക്ലിംഗ് ബിസിനസ്

പുതിയ കാലത്തെ സാധ്യതകള്‍ മനസിലാക്കി റിസൈക്ലിംഗ് ബിസിനസില്‍ അങ്കൂര്‍ ശ്രദ്ധ കേന്ദ്രീകരിച്ചു. ഗാസിയാബാദിലെ കവിനഗറില്‍ പുതിയ ഫാക്ടറി ആരംഭിച്ചു. 2021ല്‍ 40 മെട്രിക് ടണ്‍ ഇ-മാലിന്യം റീസൈക്കിള്‍ ചെയ്യാനുള്ള ശേഷിയുള്ള ഫാക്ടറി മീററ്റിലും ആരംഭിച്ചു. ഇതേ വര്‍ഷം ഗാസിയാബാദില്‍ മറ്റൊരു ഓട്ടോമേറ്റഡ് ഫാക്ടറിയും ആരംഭിച്ചു. ഇവിടെ ഇലക്ട്രിക് വാഹനങ്ങളുടെ ബാറ്ററികളാണ് റിസൈക്ലിംഗ് ചെയ്യുന്നത്.

കോടികളുടെ വരുമാനം

-2020ല്‍ 6 ലക്ഷം രൂപ മൂലധനത്തില്‍ ആരംഭിച്ച കമ്പനി മൂന്നു വര്‍ഷത്തിനിടെ 35 കോടി രൂപയുടെ വിറ്റുവരവാണ് നടത്തിയത്. ആദ്യ വര്‍ഷത്തില്‍ 12 കോടിയായിരുന്നു കമ്പനിയുടെ ആകെ വില്‍പ്പന. നടപ്പു സാമ്പത്തിക വര്‍ഷം 14 കോടി രൂപയുടെ ബിസിനസ് നടത്തിയ കമ്പനി 50 കോടി രൂപയില്‍ ക്ലോസ് ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇലക്ട്രിക് വാഹനങ്ങളുടെ എണ്ണം കൂടുന്നതിനനുസരിച്ച് ലിഥിയം അയണ്‍ ബാറ്ററി മാലിന്യം രാജ്യത്ത് വര്‍ധിക്കുന്നത് കമ്പനിക്കുള്ള ബിസിനസ് സാധ്യത വര്‍ധിപ്പിക്കുന്നു.