image

14 Jan 2022 3:55 AM GMT

Lifestyle

സുധാ മൂര്‍ത്തി

MyFin Desk

സുധാ മൂര്‍ത്തി
X

Summary

കന്നഡ ഇംഗ്ലീഷ് എന്നീ ഭാഷകളിലുള്ള സാഹിത്യരചനകള്‍ക്കാണ് മൂര്‍ത്തി കൂടുതലായും അറിയപ്പെടുന്നത്


എഞ്ചിനീയറിംഗ് അധ്യാപിക എഴുത്തുകാരി സാമൂഹിക പ്രവര്‍ത്തക ഇന്‍ഫോസിസ് ഫൗണ്ടേഷന്റെ ചെയര്‍പേഴ്സണ്‍ എന്നിങ്ങനെ വിവിധ മേഖലകളില്‍ പ്രശസ്തയായ സുധാ മൂര്‍ത്തി കുല്‍ക്കര്‍ണ്ണി, 1950 ആഗസ്റ്റ് 19ന് കര്‍ണാടകയിലെ ഹവേരിയിലെ ഷിഗ്ഗോണില്‍ ഒരു കന്നഡിഗ കുടുംബത്തിലാണ് ജനിച്ചത്. സര്‍ജന്‍ ഡോ. ആര്‍. എച്ച്. കുല്‍ക്കര്‍ണി വിമല കുല്‍ക്കര്‍ണി എന്നിവരാണ് മാതാപിതാക്കള്‍.

ബി വി ബി കോളേജില്‍ ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്‌സ് എഞ്ചിനീയറിംഗ് പഠിച്ചു. പഠനത്തില്‍ ഒന്നാമതായിരുന്നു മൂര്‍ത്തി. പഠന കാലത്ത് കര്‍ണാടക മുഖ്യമന്ത്രിയില്‍ നിന്ന് സ്വര്‍ണ്ണ മെഡല്‍ സ്വീകരിച്ചിട്ടുണ്ട്. എം എന്‍ ജി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സില്‍ നിന്ന് കമ്പ്യൂട്ടര്‍ സയന്‍സ് പഠിക്കുകയും ഒന്നാമതെത്തുകയും ചെയ്തു. ഇന്‍ഫോസിസിന്റെ സഹസ്ഥാപകന്‍ എന്‍.ആര്‍. നാരായണ മൂര്‍ത്തിയെയാണ് വിവാഹം കഴിച്ചത്.

2006-ല്‍ ഇന്ത്യാ ഗവണ്‍മെന്റ് സാമൂഹിക പ്രവര്‍ത്തനത്തിനുള്ള ഇന്ത്യയിലെ നാലാമത്തെ പരമോന്നത സിവിലിയന്‍ ബഹുമതിയായ പത്മശ്രീ സുധാ മൂര്‍ത്തിക്ക് നല്‍കി ആദരിച്ചു. കമ്പ്യൂട്ടര്‍ സയന്‍സിലും എഞ്ചിനീയറിംഗിലും പ്രൊഫഷണല്‍ ജീവിതം ആരംഭിച്ച സുധാ മൂര്‍ത്തി ഇന്‍ഫോസിസ് ഫൗണ്ടേഷന്റെ ചെയര്‍പേഴ്‌സണും കൂടാതെ ഗേറ്റ്സ് ഫൗണ്ടേഷന്റെ പൊതുജനാരോഗ്യ സംരക്ഷണ സംരംഭങ്ങളിലെ അംഗവുമാണ്.

നിരവധി അനാഥാലയങ്ങള്‍ സ്ഥാപിക്കുകയും ഗ്രാമവികസന പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാവുകയും ചെയ്തിട്ടുണ്ട്. കര്‍ണാടക സര്‍ക്കാര്‍ സ്‌കൂളുകളില്‍ കമ്പ്യൂട്ടറും ലൈബ്രറിയും ലഭ്യമാക്കുന്നതിന് നേതൃത്ത്വം നല്‍കുകും ആവശ്യമായ പിന്തുണകള്‍ നല്‍കുകയും ചെയ്തു. ഹാര്‍വാര്‍ഡ് യൂണിവേഴ്സിറ്റിയില്‍ ക്ലാസിക്കല്‍ ലൈബ്രറി ഓഫ് ഇന്ത്യ സ്ഥാപിച്ചു. 1995-ല്‍ ബാംഗ്ലൂരിലെ റോട്ടറി ക്ലബ്ബില്‍ നിന്ന് 'മികച്ച ടീച്ചര്‍ അവാര്‍ഡ്' സുധാ മൂര്‍ത്തിയ്ക്ക് ലഭിച്ചു.

കന്നഡ ഇംഗ്ലീഷ് എന്നീ ഭാഷകളിലുള്ള സാഹിത്യരചനകള്‍ക്കാണ് മൂര്‍ത്തി കൂടുതലായും അറിയപ്പെടുന്നത്. ഡോളര്‍ ബാഹു (ഇംഗ്ലീഷ്: ഡോളര്‍ ഡോട്ടര്‍-ഇന്‍-ലോ) മൂര്‍ത്തി എഴുതിയ കന്നഡയിലെ പ്രധാന നോവലാണ്. ഇത് പിന്നീട് ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്തു. ഇത് 2001 ല്‍ സീ ടിവിയില്‍ സീരീസായി വന്നു. മറാത്തി ചിത്രമായ പിതൃറൂണിലും കന്നഡ ചിത്രമായ പ്രാര്‍ത്ഥനയിലും സുധാ മൂര്‍ത്തി അഭിനയിച്ചിട്ടുണ്ട്.

ഇന്ത്യയിലെ ഏറ്റവും വലിയ വാഹന നിര്‍മ്മാതാക്കളായ ടാറ്റ എന്‍ജിനീയറിങ് ആന്‍ഡ് ലോക്കോമോട്ടീവ് കമ്പനിയില്‍ (ടെല്‍കോ) നിയമിതയായ ആദ്യ വനിതാ എന്‍ജിനീയറാണ് സുധ മൂര്‍ത്തി. പൂനെയില്‍ ഡെവലപ്‌മെന്റ് എഞ്ചിനീയറായി ചേര്‍ന്ന അവര്‍ പിന്നീട് മുംബൈയിലും ജംഷഡ്പൂരിലും ജോലി ചെയ്തു. ടെല്‍കോയിലെ ലിംഗ പക്ഷപാതത്തെക്കുറിച്ച് പരാതിപ്പെട്ട് കമ്പനിയുടെ ചെയര്‍മാനോട് സുധ ഒരു പോസ്റ്റ്കാര്‍ഡ് എഴുതി. തല്‍ഫലമായി, ടെല്‍കോയില്‍ അഭിമുഖം അനുവദിക്കുകയും ഉടനടി നിയമിക്കുകയും ചെയ്തു. പിന്നീട് സീനിയര്‍ സിസ്റ്റംസ് അനലിസ്റ്റായി പൂനെയിലെ ഇന്‍ഡസ്ട്രീസിന്റെ വാല്‍ചന്ദ് ഗ്രൂപ്പി ല്‍ ചേര്‍ന്നു.

1996-ല്‍ ഇന്‍ഫോസിസ് ഫൗണ്ടേഷന്‍ ആരംഭിച്ചു. ഇന്‍ഫോസിസ് ഫൗണ്ടേഷന്റെ ട്രസ്റ്റിയും ബാംഗ്ലൂര്‍ യൂണിവേഴ്സിറ്റിയിലെ പിജി സെന്ററില്‍ വിസിറ്റിംഗ് പ്രൊഫസറുമാണ് മൂര്‍ത്തി. ക്രൈസ്റ്റ് യൂണിവേഴ്സിറ്റിയിലും അധ്യാപികയായി സേവനമനുഷ്ഠിച്ചു. നിരവധി പുസ്തകങ്ങള്‍ മൂര്‍ത്തി എഴുതി പ്രസിദ്ധീകരിച്ചിട്ടുണ്ട്. യാത്രാവിവരണങ്ങള്‍, നോവലുകള്‍, വിദ്യാഭ്യാസ സംബന്ധമായ പുസ്തകങ്ങള്‍ എന്നിവ ഇവയില്‍ ഉള്‍പ്പെടുന്നു.

സുധാ മൂര്‍ത്തിയുടെ ഇന്‍ഫോസിസ് ഫൗണ്ടേഷന്‍, 1996-ല്‍ സ്ഥാപിതമായ ഒരു പബ്ലിക് ചാരിറ്റബിള്‍ ട്രസ്റ്റാണ്. ഫൗണ്ടേഷനിലൂടെ പ്രളയബാധിത പ്രദേശങ്ങളില്‍ 2,300 വീടുകള്‍ നിര്‍മ്മിച്ചു. സാമൂഹിക പ്രവര്‍ത്തനം, ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം, സ്ത്രീകളുടെ ശാക്തീകരണം, പൊതു ശുചിത്വം, കല, സംസ്‌കാരം, താഴെത്തട്ടിലെ ദാരിദ്ര്യ നിര്‍മാര്‍ജനം എന്നിവയെല്ലാം ഈ ഫൗണ്ടേഷന്റെ പ്രധാന ലക്ഷ്യങ്ങളാണ്.

ഓരോ സ്‌കൂളിനും ഒരു ലൈബ്രറി എന്ന ആശയത്തിലൂടെ 70,000 ലൈബ്രറികള്‍ സ്ഥാപിച്ചു. 2011-12 വര്‍ഷം കര്‍ണാടക സര്‍ക്കാര്‍ സാഹിത്യ അവാര്‍ഡായ 'അത്തിമബ്ബെ' നല്‍കി ആദരിച്ചു. ഇത് കൂടാതെ വേറെയും നിരവധി അവാര്‍ഡുകള്‍ സാമൂഹിക പ്രവര്‍ത്തനങ്ങള്‍ക്കും സാഹിത്യത്തിനും സുധാ മൂര്‍ത്തിയ്ക്ക് ലഭിച്ചിട്ടുണ്ട്.