16 Jun 2023 1:00 PM GMT
Summary
- ലിങ്ക്ഡ് ഇൻ അക്കൗണ്ട് വേണമെങ്കിൽ 16 വയസ് പൂർത്തിയാവണം
- സാന്റ ക്ലാര യൂണിവേഴ്സിറ്റിയുടെ 172 വർഷത്തെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ബിരുദധാരി
- ഇൻസ്റ്റാഗ്രാമിൽ പ്രതികരിച്ച് ക്വാസി
ഇലോൺ മസ്ക്കിന്റെ ഉടമസ്ഥതയിലുള്ള സ്പേസ് എക്സ് കമ്പനിയിൽ സോഫ്റ്റ്‌വെയർ എഞ്ചിനീയർ ആയി ജോലിക്കെടുത്ത 14 കാരനായ കൈരാൻ ക്വാസിയെ പ്രൊഫഷണൽ നെറ്റ്‌വർക്കിംഗ് പ്ലാറ്റ്ഫോം ആയ ലിങ്ക്ഡ് ഇൻ ബ്ലോക്ക് ചെയ്തു.
തനിക്ക് 16 വയസ്സ് തികയാത്തതിനാൽ തൻറെ അക്കൗണ്ട് ഡിലീറ്റ് ചെയ്യുന്നുവെന്ന് കാണിച്ച് ലിങ്ക്ഡ്ഇൻ തനിക്ക് നോട്ടീസ് അയച്ചതായി ക്വാസി പറഞ്ഞു. ഔദ്യോഗികമായി തനിക്ക് ലഭിച്ച ഇമെയിലിന്റെ സ്ക്രീൻഷോട്ടുകളും അദ്ദേഹം ഉൾപ്പെടുത്തിയിട്ടുണ്ടെന്നു റിപ്പോർട്ടുകൾ പറയുന്നു.
"തനിക്ക് പതിനാറു വയസ് തികയാത്തതിനാൽ അക്കൗണ്ട് ബ്ലോക്ക് ചെയ്യുന്നുവെന്ന് ലിങ്ക്ഡ് ഇൻ അറിയിപ്പ് ലഭിച്ചു.ഞാൻ എപ്പോഴും അഭിമുഖീകരിക്കുന്ന പ്രാകൃതവും യുക്തിരഹിതവുമായ മണ്ടത്തരമാണ് ഇത്. ലോകത്തെ ഏറ്റവും മോഹിപ്പിക്കുന്ന എഞ്ചിനീയറിംഗ് ജോലിയിൽ എത്താൻ എനിക്ക് കഴിഞ്ഞു. എന്നാൽ ഒരു പ്രൊഫഷണൽ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിൽ എനിക്ക് പ്രവേശനം ലഭിക്കില്ലേ?" ക്വാസി ഇൻസ്റ്റാഗ്രാമിൽ തുറന്നു ചോദിക്കുന്നു.
ലിങ്ക്ഡ് ഇൻ നയം അനുസരിച്ച് പ്ലാറ്റ്ഫോമിൽ അക്കൗണ്ട് തുടങ്ങുന്നതിനു 16 വയസ് പൂർത്തിയായിരിക്കണമെന്ന വ്യവസ്ഥയുണ്ട്. ക്വാസിക്ക് 16 വയസോ അതിൽ കൂടുതലോ ആവുമ്പോൾ പ്ലാറ്റ്‌ഫോമിലേക്ക് സ്വാഗതം ചെയ്യുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്. നിലവിൽ പ്രീമിയം സബ്‌സ്‌ക്രിപ്‌ഷൻ റദ്ദാക്കുകയും റീഫണ്ട് ചെയ്‌തിട്ടുണ്ടെന്നും കമ്പനി അറിയിച്ചു.
ആരാണ് കൈരാൻ ക്വാസി
സ്പേസ് എക്സിൽ ജോലിക്കു ചേർന്നതായുള്ള സോഷ്യൽ മീഡിയ മീഡിയ പോസ്റ്റിനെ തുടർന്ന് ക്വാസി പ്രശസ്തനായി. അമേരിക്കയിൽ പ്രശസ്ത യൂണിവേഴ്സിറ്റി ആയ സാന്റ ക്ലാരയിൽ നിന്നാണ് ക്വാസി ആറ് വര്ഷം മുമ്പ് ബിരുദം നേടിയത്. സാന്റ ക്ലാര യൂണിവേഴ്സിറ്റിയുടെ 172 വർഷത്തെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ബിരുദധാരിയായി ക്വാസി മാറി. ഇപ്പോൾ ശതകോടീശ്വരനായ ഇലോൺ മസ്‌കിന്റെ സ്പേസ് എക്സ് കമ്പനിയിൽ ജോലിക്ക് ചേർന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയാണ് ക്വാസി.