image

24 May 2023 11:20 AM

News

നോട്ട് മാറാൻ കുറുക്കുവഴികൾ;അപകടം വരാതെ സൂക്ഷിക്കാം

MyFin Desk

exchange of rs 2000 notes
X

Summary

  • 10 ഗ്രാം സ്വര്‍ണത്തിനു ജ്വല്ലറികള്‍ ഈടാക്കിയത് ഏതാണ്ട് 67000 രൂപ
  • പെട്രോൾ പമ്പുകളിൽ ഡിജിറ്റൽ ഇടപാടുകൾ കുത്തനെ കുറഞ്ഞു
  • അമ്പലങ്ങളിൽ കാണിക്കയായും 2000 രൂപ


റിസര്‍വ് ബാങ്ക് 2000 രൂപ നോട്ട് പിന്‍വലിക്കുന്നതായി പ്രഖ്യാപിച്ചപ്പോള്‍ ചിലരെങ്കിലും ഒന്ന് പരിഭ്രമിച്ചിട്ടുണ്ടാവാം. ആദായനികുതിവകുപ്പിന്റെ കണ്ണില്‍ പെടാതിരിക്കാനോ മറ്റെന്തെങ്കിലും കാരണത്താലോ നോട്ടുകള്‍ പുറത്തു വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്തവരും ബാങ്കില്‍ നിന്ന് നേരിട്ട് നോട്ടുകള്‍ മാറാന്‍ തയ്യാറാവാത്തവരും ധാരാളമുണ്ടാവും. അത്തരക്കാര്‍ ഇതിനായി ചില കുറുക്കുവഴികള്‍ കണ്ടെത്തിക്കൊണ്ടിരിക്കുന്നു. ആര്‍ബിഐ നോട്ട് പിന്‍വലിക്കല്‍ പ്രഖ്യാപിച്ചപ്പോള്‍ നോട്ട് മാറിക്കിട്ടാന്‍ വേണ്ടി ആളുകള്‍ കണ്ടെത്തിയ ചില സൂത്രങ്ങള്‍ എന്താണെന്നു നോക്കാം.

പ്രീമിയം നിരക്കില്‍ സ്വര്‍ണം വാങ്ങുന്നു

നോട്ട് പിന്‍വലിച്ചപ്പോള്‍ ജ്വല്ലറികളിലേക്ക് ധാരാളം അന്വേഷണങ്ങള്‍ ഒഴുകിയെത്തി. മുംബൈയിലെ പല ജ്വല്ലറികളും 2000 രൂപയുടെ നോട്ടുകള്‍ സ്വീകരിക്കുന്നതിന് സ്വര്‍ണത്തിനു പ്രീമിയം നിരക്ക് ഈടാക്കിയ റിപോര്‍ട്ടുകള്‍ വരെ പുറത്തു വരുന്നു.

നോട്ട് സംബന്ധിച്ച ആര്‍ ബി ഐ യുടെ പ്രഖ്യാപനം വന്നു തൊട്ടടുത്ത ദിവസം തന്നെ 2000 രൂപയുടെ നോട്ടുകള്‍ നല്‍കി സ്വര്‍ണം വാങ്ങിയപ്പോള്‍ 10 ഗ്രാം സ്വര്‍ണത്തിനു ജ്വല്ലറികള്‍ ഈടാക്കിയത് ഏതാണ്ട് 67000 രൂപ. എന്നാല്‍ യഥാര്‍ത്ഥ വിപണിയില്‍ 10 ഗ്രാം സ്വര്‍ണത്തിനു ജി സ് ടി ഉള്‍പ്പെടെ ഏതാണ്ട് 63000 രൂപ ആയിരുന്നു അന്നത്തെ യഥാര്‍ത്ഥ വില . അഹമ്മദാബാദില്‍ 2000 നോട്ടുകള്‍ ഉപയോഗിച്ച വാങ്ങിയ 10 ഗ്രാം സ്വര്‍ണത്തിനു 70000 രൂപ വരെ ജ്വല്ലറികള്‍ ഈടാക്കി എന്ന് റിപ്പോര്‍ട്ടുകള്‍ കാണിക്കുന്നു.

എന്നാല്‍ ഇങ്ങനെ പ്രീമിയം നിരക്കില്‍ സ്വര്‍ണം വാങ്ങുന്നത് അസംഘടിത മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ജ്വല്ലറികളില്‍ മാത്രമാണെന്ന് ജ്വല്ലറി സംഘടനകള്‍ പറയുന്നു. സംഘടിത മേഖലകളില്‍ ഇങ്ങനെ സംഭവിക്കില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ഇത്തരത്തില്‍ സ്വര്‍ണം,വെള്ളി ആഭരങ്ങള്‍ വാങ്ങാന്‍ ധാരാളം അന്വേഷണങ്ങള്‍ വരുന്നെണ്ടെന്നും ശക്തമായ കെവൈസി മാനദണ്ഡങ്ങള്‍ പാലിക്കേണ്ടതിനാല്‍ യഥാര്‍ത്ഥ വില്പന കുറവാണെന്നും ജ്വല്ലറി ഉടമകള്‍ പറയുന്നത്

എന്നാല്‍ ഒറ്റ ദിവസത്തില്‍ 2 ലക്ഷം രൂപക്ക് മുകളില്‍ പണം നല്‍കി സ്വര്‍ണം വാങ്ങുമ്പോള്‍ ആദായ നികുതി നിയമ ലംഘനമാവും. അതേസമയം രണ്ടു ലക്ഷത്തിനു മുകളില്‍ പണമായി സ്വീകരിക്കുന്നവര്‍ ആദായ നികുതി വകുപ്പു പ്രകാരം പിഴ അടക്കാന്‍ ബാധ്യസ്ഥനാണ്

പെട്രോള്‍ അടിക്കാന്‍ 2000 രൂപ നോട്ട്

പെട്രോള്‍ അടിക്കുന്ന 90 ശതമാനം പേരും 2000 രൂപ നോട്ടുകളാണ് നല്‍കുന്നതെന്ന് പമ്പ് ഉടമകള്‍ പറയുന്നു. നോട്ടു പിന്‍വലിക്കുന്നത് വരെ പമ്പുകളില്‍ 40 ശതമാനം ഡിജിറ്റല്‍ ഇടപാടുകള്‍ നടന്നിരുന്നു. എന്നാല്‍ ഇപ്പോള്‍ അത് വെറും 10 ശതമാനമായി കുറഞ്ഞുവെന്നും അവര്‍ പറയുന്നു. മുമ്പ് നോട്ടു നിരോധനം നടന്നപ്പോള്‍ മിക്ക പെട്രോള്‍ പമ്പ് ഉടമകള്‍ക്കും ആദായ നികുതി വകുപ്പില്‍ നിന്നും നോട്ടീസ് ലഭിച്ചിരുന്നു . ഇത്തവണയും അത് ആവര്‍ത്തിക്കുമോ എന്ന ആശങ്കയിലാണ് പമ്പ് ഉടമകള്‍. ചില പമ്പുകാര്‍ ഉടമകള്‍ 2000 രൂപ നോട്ടുകള്‍ സ്വീകരിക്കില്ല എന്ന ബോര്‍ഡുകള്‍ വരെ വെച്ചിട്ടുണ്ട്.

ഓണ്‍ലൈന്‍ പര്‍ച്ചേയ്സിന് ക്യാഷ് ഓണ്‍ ഡെലിവറി

ആളുകള്‍ ഓണ്‍ലൈനില്‍ സാധനങ്ങള്‍ ക്യാഷ് ഓണ്‍ ഡെലിവെറിയില്‍ വാങ്ങുന്നത് കുത്തനെ വര്‍ദ്ധിച്ചു. ഓര്‍ഡര്‍ ചെയ്ത സാധനങ്ങള്‍ നല്കാന്‍ എത്തുമ്പോള്‍ 2000 രൂപ നോട്ടുകള്‍ നല്‍കുകയും ചെയ്യുന്നു. എന്നാല്‍ ഡെലിവറി ചെയ്യുന്ന ആളിന് ഇത് സ്വീകരിക്കാതിരിക്കാന്‍ കഴിയില്ല.സോമാറ്റോയില്‍ ഭക്ഷണ സാധനങ്ങള്‍ ഓര്‍ഡര്‍ ചെയ്ത മുക്കാല്‍ ഭാഗം പേരും 2000 രൂപ നോട്ടുകളാണ് നല്‍കിയത് എന്ന് പറയുന്നു

അവസാന അത്താണി ദൈവം തന്നെ

ചിലര്‍ അവസാനം ദൈവത്തെയും ആശ്രയിക്കുന്നു. സംഭാവനകളുടെ ഉറവിടം കാണിക്കേണ്ടാത്ത അമ്പലങ്ങളും മറ്റു മത സ്ഥാപനങ്ങളിലും സംഭാവനകള്‍ നല്‍കി ചെറിയ ഡിനോമിനേഷനുകളില്‍ ഉള്ള നോട്ടുകള്‍ തിരികെ വാങ്ങുന്നു.

ക്ഷേത്രത്തിന്റെ കാണിക്ക വഞ്ചിയില്‍ നിന്ന് എട്ട് ലക്ഷം രൂപയുടെ 2000ത്തിന്റെ നോട്ടുകള്‍ സംഭാവനയായി ലഭിച്ച റിപ്പോര്‍ട്ട് പുറത്തു വന്നിരുന്നു. ഹിമാചല്‍ പ്രദേശിലെ കംഗ്ര ജില്ലയിലെ മാജ്വാല ദേവി ക്ഷേത്രത്തിന്റെ പരിസരത്ത് സ്ഥാപിച്ചിട്ടുള്ള ഒരു കാണിക്ക വഞ്ചിയിലാണ് 2000ത്തിന്റെ 400 നോട്ടുകള്‍ ആരോ നിക്ഷേപിച്ചത്. 2000 രൂപ നോട്ടുകള്‍ പിന്‍വലിക്കുന്നതായുള്ള ആര്‍ബിഐയുടെ അറിയിപ്പ് വന്ന് അധിക ദിവസങ്ങള്‍ കഴിയുന്നതിന് മുമ്പാണ് സംഭവം. നിരവധി ഭക്തര്‍ ക്ഷേത്രം സന്ദര്‍ശിക്കുകയും പലപ്പോഴും ഇത്തരം വഴിപാടുകള്‍ നടത്തുകയും ചെയ്യാറുണ്ടെന്ന് ക്ഷേത്ര അധികൃതര്‍ പറഞ്ഞു

വിലകൂടിയ മറ്റു സാധനങ്ങള്‍ വാങ്ങിക്കൂട്ടുന്നു

കുറഞ്ഞ വില ഉള്ള സാധനങ്ങള്‍ക് 2000 നോട്ട് സ്വീകരിക്കാന്‍ കടക്കാര്‍ വിമുഖത കാണിക്കുമ്പോള്‍ വില കൂടിയ ഫര്‍ണിച്ചറുകള്‍ക്കും ആഡംബര സാധനങ്ങള്‍ക്കും യാത്രകള്‍ക്കുമായി ഈ നോട്ടുകള്‍ ചെലവാക്കുന്നു. 2000രൂപാ നോട്ടുകള്‍ സ്വീകരിച്ചുള്ള ഇത്തരം വില്പനകളും സേവനങ്ങളും 60 മുതല്‍ 70 ശതമാനം വരെ കൂടിയെന്ന് കണക്കുകള്‍ പറയുന്നു.

പണം മാറ്റി വാങ്ങാന്‍ ദിവസക്കൂലിക്കാര്‍

ഇവിടെ 96 ശതമാനംസാധാരണക്കാരുടെ കയ്യിലും ഒരൊറ്റ 2000 രൂപ നോട്ടുകള്‍ ഇല്ല എന്നും പറയപ്പെടുന്നു. എന്നാല്‍ രാഷ്ട്രീയക്കാരുള്‍പ്പെടെ അഴിമതിക്കാരുടെയും പണം പൂഴ്ത്തി വെച്ചവരുടെയും കൈകളില്‍ ഇത്തരം നോട്ടുകള്‍ ധാരാളം ഉണ്ട്.അവര്‍ ദിവസക്കൂലി നല്‍കി നോട്ടുകള്‍ മാറ്റിവാങ്ങാന്‍ ആളുകളെ ഏര്‍പ്പാടാക്കുന്നുവെന്നു ഒരു നിയമ വിദഗ്ധന്‍ ആരോപിക്കുന്നു

കൗശലക്കാര്‍ കരുതിയിരിക്കുക

ഇപ്പോഴത്തെ സാഹചര്യം മുതലാക്കി കുറഞ്ഞ കാലത്തേക്കാണെങ്കിലും ലാഭമുണ്ടാക്കുന്നവര്‍ ഒന്ന് കരുതിയിരിക്കുന്നത് നല്ലതാണ്.കുറച്ചു കാലത്തേക്ക് ലാഭമുണ്ടാവുമെങ്കിലും നിയമപരമായ നിയന്ത്രണങ്ങള്‍ നിലവിലുണ്ടെന്ന് ഓര്‍ക്കണം.2 ലക്ഷത്തിനു മുകളില്‍ ഉള്ള ഏതു പര്‍ച്ചേയ്സിനും പാന്‍ കാര്‍ഡ് നിര്‍ബന്ധം ആണ്. ഒരേ ദിവസം തന്നെ 2 ലക്ഷത്തില്‍ കൂടുതല്‍ സ്വീകരിക്കുമ്പോള്‍ ആദായനികുതിവകുപ്പു നിയമ പ്രകാരം നിയമവിരുദ്ധമാണ്