image

22 April 2024 8:53 AM

News

സമാധാന ശ്രമങ്ങൾ പാളുന്നു,ഗസ്സയിൽ സമ്പൂർണ വെടിനിർത്തൽ സാധ്യമല്ലെന്ന് ഇസ്രായേൽ

MyFin Desk

സമാധാന ശ്രമങ്ങൾ പാളുന്നു,ഗസ്സയിൽ സമ്പൂർണ വെടിനിർത്തൽ സാധ്യമല്ലെന്ന് ഇസ്രായേൽ
X

Summary

  • ഗസ്സയിൽ സമ്പൂർണ വെടിനിർത്തൽ വേണമെന്ന ഹമാസ് ആവശ്യം സ്വീകാര്യമല്ലെന്ന് ഇസ്രായേൽ.
  • റഫക്കു നേരെ കരയാക്രമണത്തിനുള്ള മുന്നൊരുക്കം ഇസ്രായേൽ ശക്തമാക്കി.
  • അൽനാസർ ആശുപത്രി വളപ്പിൽ കൂടുതൽ കൂട്ടക്കുഴിമാടങ്ങൾക്കായി തെരച്ചിൽ തുടരുകയാണ്.


ഗസ്സയിൽ സമ്പൂർണ വെടിനിർത്തൽ വേണമെന്ന ഹമാസ് ആവശ്യം സ്വീകാര്യമല്ലെന്ന് ഇസ്രായേൽ. റഫക്കു നേരെ കരയാക്രമണത്തിനുള്ള മുന്നൊരുക്കം ഇസ്രായേൽ ശക്തമാക്കി. അൽനാസർ ആശുപത്രി വളപ്പിൽ കൂടുതൽ കൂട്ടക്കുഴിമാടങ്ങൾക്കായി തെരച്ചിൽ തുടരുകയാണ്. ജറൂസലേമിൽ ഫലസ്തീൻ പോരാളികളുമായുള്ള ഏറ്റുമുട്ടലിൽ രണ്ട് പേർക്ക് പരിക്കേറ്റതായി ഇസ്രായേൽ അറിയിച്ചു.

ഗസ്സയിൽ ആക്രമണത്തിന്റെ അടുത്ത ഘട്ടം ഉടൻ ആരംഭിക്കാൻ സൈനിക മേധാവി അനുമതി നൽകിയെന്ന് ഇസ്രായേൽ സേനാ വക്താവ്. ഹമാസിന്റെ സൈനിക സംവിധാനത്തിന് കനത്ത പ്രഹരം ഏൽപിക്കുന്നതാകും തുടർ ആക്രമണ പദ്ധതിയെന്നും അദ്ദേഹം വിശദീകരിച്ചു. റഫയോട് ചേർന്ന് കൂടുതൽ യുദ്ധ സന്നാഹങ്ങളും ഇസ്രായേൽ ആരംഭിച്ചു. യുദ്ധകാര്യ മന്ത്രിസഭാ യോഗം ഹമാസിന്റെ ഉപാധികൾക്ക് വഴങ്ങേണ്ടതില്ലെന്ന് തീരുമാനിച്ചു. വെടിനിർത്തൽ ചർച്ച അട്ടിമറിച്ചത് ഇസ്രായേൽ തന്നെയാണെന്ന് ഹമാസ് രാഷ്ട്രീയകാര്യ മേധാവി ഇസ്മാഈൽ ഹനിയ്യ ഇസ്താംബുളിൽ പറഞ്ഞു.

വെസ്റ്റ്ബാങ്കിലെ അതിക്രമത്തിന്റെ പേരിൽ ഇസ്രായേൽ സേനയിലെ നെത്ഷ യെഹൂദ ബറ്റാലിയന് ഉപരോധം ഏർപ്പെടുത്താനുള്ള നീക്കം അനുവദിക്കില്ലെന്ന് നെതന്യാഹു അമേരിക്കയെ അറിയിച്ചു. ഇസ്രായേലിന്റെ ആഭ്യന്തര കാര്യങ്ങളിലുള്ള കടന്നുകയറ്റം പൊറുപ്പിക്കില്ലെന്ന് മന്ത്രി ഗാൻറ്‌സിന്റെ മുന്നറിയിപ്പ് നൽകി. സിറിയയിലെ ഖറബ് അൽ ജിർറിലെ യു.എസ് സൈനിക കേന്ദ്രത്തെ ലക്ഷ്യമിട്ട് ഇറാഖിലെ മൂസിലിൽ നിന്നുണ്ടായ റോക്കറ്റാക്രമണം പ്രതിരോധിച്ചതായി യു.എസ് സെൻട്രൽ കമാന്റ്. 5 റോക്കറ്റുകളാണ് വെടിവെച്ചിട്ടത്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇറാഖിലെ ഹിസ്ബുല്ല വിഭാഗം ഏറ്റെടുത്തു.