3 Feb 2024 9:07 AM
Summary
- പേടിഎമ്മിന്റെ ഇടപാടുകള്‍ അത്തരം ബാങ്കുകളിലേക്ക് പോയാല്‍ അവരുടെ ഇടപാട് രംഗത്ത് നേട്ടമുണ്ടാകുമെന്നാണ് ബാങ്കിംഗ് രംഗത്തെ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.
- 2023 ലെ കണക്ക് പ്രകാരം പേടിഎമ്മിന്റെ സജീവ വാലറ്റുകളുടെ എണ്ണം 628 ദശലക്ഷമാണ്.
- മറ്റ് ഫിന്‍ടെക്കുകളെ അപേക്ഷിച്ച് പേടിഎമ്മിന് സ്വന്തമായി സെറ്റില്‍മെന്റ് സംവിധാനങ്ങള്‍ ഉണ്ടായിരുന്നു.
പേടിഎം പേയ്‌മെന്റ്‌സ് ബാങ്ക് അതിന്റെ ബാങ്കിങ് സേവനങ്ങൾ പ്രത്യേകിച്ച് പേയ്‌മെന്റ്‌സ്, സെറ്റില്‍മെന്റ് സേവനങ്ങള്‍ കൈമാറുന്നതിനായി രാജ്യത്തെ പ്രമുഖ മൂന്നു ബാങ്കുകളുമായി ചർച്ചകൾ നടത്തുന്നതായി സൂചന
. പേടിഎമ്മിന്റെ പേയ്‌മെന്റ് ബാങ്കിംഗ് സംവിധാനത്തില്‍ ചട്ടലംഘനങ്ങള്‍ കണ്ടെത്തിയതോടെ ഫെബ്രുവരി 29 നു ശേഷം നിക്ഷേപങ്ങള്‍ സ്വീകരിക്കല്‍, പുതിയ അക്കൗണ്ട് തുറക്കല്‍ തുടങ്ങിയ നടപടികള്‍ക്ക് ആര്‍ബിഐ വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് ചർച്ചകൾ.
ആര്‍ബിഐ അനുവദിച്ചെങ്കിലും മാത്രമേ മറ്റ് ബാങ്കുകളുമായി സഹകരിച്ച് പേയ്‌മെന്റ്, സെറ്റില്‍മെന്റ് സേവനങ്ങള്‍ ലഭ്യമാക്കാന്‍ പേടിഎം പേയ്‌മെന്റ്‌സ് ബാങ്കിന് കഴിയൂ. എച്ച്ഡിഎഫ്‌സി ബാങ്ക്, ആക്‌സിസ് ബാങ്ക്, യെസ് ബാങ്ക് എന്നീ ബാങ്കുകളുമായാണ് പേടിഎം ചർച്ചകൾ നടത്തുന്നതായാണ് സൂചന. പക്ഷേ, ആര്‍ബിഐ ഇത് സംബന്ധിച്ച് നിര്‍ദ്ദേശങ്ങളൊന്നും നല്‍കാത്തതിനാല്‍ ചര്‍ച്ചകള്‍ തുടരുന്നതേയുള്ളുവെന്നുമാണ് ഇതുമായി ബന്ധപ്പെട്ട വൃത്തങ്ങൾ സൂചിപ്പിക്കുന്നത്.
ഒന്നല്ല മൂന്ന്
പേടിഎം പേയ്‌മെന്റ്‌സ് ബാങ്ക് ധാരാളം ഉപഭോക്താക്കളുള്ള അതി വിശാലമായ പേയ്‌മെന്റ് പ്ലാറ്റ്‌ഫോമാണ്. അതുകൊണ്ട് തന്നെ അതിന്റെ മുഴുവന്‍ സേവനങ്ങളും ഒരു ബാങ്കിന് കൈമാറാന്‍ കഴിയില്ല. പേടിഎം പേയ്‌മെന്റ്‌സ് ബാങ്കിനെ പിന്തുണയ്ക്കാന്‍ ശേഷിയുള്ള മൂന്നു ബാങ്കുകളിലൂടെയെ ഇത് ലഭ്യമാക്കാന്‍ കഴിയൂവെന്നും അഭിപ്രായമുണ്ട്.
ഏകദേശം 40 ദശലക്ഷം ആളുകളെ മറ്റ് ബാങ്കുകളിലേക്ക് മാറ്റേണ്ടി വരുമെന്നും പേടിഎം ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ ഭവേഷ് ഗുപ്ത വ്യക്തമാക്കിയിരുന്നു. വെര്‍ച്വല്‍ പേയ്‌മെന്റ് അഡ്രസുകള്‍, യുപിഐ എന്നിവ മാറ്റുന്നതിനാണ് മുന്‍ഗണന. അതേ നടപടിക്രമം പേടിഎമ്മിലും പിന്തുടരനാണ് സാധ്യതയെന്നും അദ്ദേഹം പറഞ്ഞിരുന്നു.
പേടിഎം എല്ലാ മാസവും തീര്‍പ്പാക്കുന്ന ഇടപാടുകളുടെ എണ്ണം കണക്കിലെടുക്കുമ്പോള്‍ ഈ നീക്കം പേയ്‌മെന്റ്‌സ് ബാങ്കിന്റെ ബാക്ക് എന്‍ഡിലെ ഇടപാടുകളില്‍ ബാലന്‍സ് ഉണ്ടാകാന്‍ കാരണമാകുമെന്നും പറയുന്നു. മറ്റ് ഫിന്‍ടെക്കുകളെ അപേക്ഷിച്ച് പേടിഎമ്മിന് സ്വന്തമായി സെറ്റില്‍മെന്റ് സംവിധാനങ്ങള്‍ ഉണ്ടായിരുന്നു. പക്ഷേ, ഇപ്പോള്‍ വെറുമൊരു മൊബൈല്‍ ആപ്ലിക്കേഷനായി മാറിയിട്ടുണ്ട്.
ബാങ്കുകള്‍ക്ക് നേട്ടം
ഇങ്ങനെ മാറ്റാം വന്നാല്‍ മുഴുവന്‍ കരാറുകളും ബാക്ക്-എന്‍ഡില്‍ മാറ്റേണ്ടി വരും. യുപിഐയില്‍ മൂന്നാം കക്ഷി പേയ്‌മെന്റ് ആപ്ലിക്കേഷനുകള്‍ ഉണ്ട്, ആ സാങ്കേതിക വിദ്യയും മാറേണ്ടതുണ്ട്. യൂണിഫൈഡ് പേയ്‌മെന്റ് ഇന്റര്‍ഫേസില്‍, പേടിഎം പേയ്‌മെന്റ്‌സ് ബാങ്ക് ഡിസംബറില്‍ മാത്രം 2.8 ബില്യണ്‍ പേയ്‌മെന്റുകള്‍ സ്വീകരിച്ചിരുന്നു. ഈ ഇടപാടുകളില്‍ ഗണ്യമായ ഭാഗം ക്യുആര്‍കോഡ് വഴി സ്വീകരിച്ച പേയ്‌മെന്റുകളായിരുന്നു.
ഒരു റെമ്മിറ്റര്‍ ബാങ്ക് എന്ന നിലയില്‍, അതായത് ഒരു ഉപഭോക്താവ് പേയ്‌മെന്റ് നടത്താന്‍ പേടിഎം പേയ്‌മെന്റ്‌സ് ബാങ്ക് ഉപയോഗിക്കുന്നു എന്ന നിലയില്‍ ബാങ്ക് കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ 410 ദശലക്ഷം ഇടപാടുകളാണ് നടത്തിയത്. യുപിഐയിലെ ഈ ഇടപാടുകളെല്ലാം മറ്റ് ബാങ്കുകളിലേക്ക് മാറ്റേണ്ടിവരും. ഇത് ഉപഭോക്താക്കളുടെ ഇടപാട് അനുഭവത്തെ ബാധിക്കും.
പരമ്പരാഗതമായി വായ്പ നല്‍കുന്ന ബാങ്കുകള്‍ യുപിഐയുടെ വളര്‍ച്ചയ്ക്ക് അനുസൃതമായി പ്രവര്‍ത്തിക്കാന്‍ ശ്രമിക്കുന്നുണ്ട്. ഇപ്പോള്‍ പേടിഎമ്മിന്റെ ഇടപാടുകള്‍ അത്തരം ബാങ്കുകളിലേക്ക് പോയാല്‍ അവരുടെ ഇടപാട് രംഗത്ത് നേട്ടമുണ്ടാകുമെന്നാണ് ബാങ്കിംഗ് രംഗത്തെ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.
ബില്‍ പേയ്‌മെന്റില്‍ മൂന്നാം സ്ഥാനം
എന്‍പിസിഐ ഭാരത് ബില്‍പേയിലെ മൂന്നാമത്തെ വലിയ ബില്‍ പേയ്‌മെന്റ് പ്ലാറ്റ്‌ഫോമാണ് പേടിഎം പേയ്‌മെന്റ്‌സ് ബാങ്ക്. ഡിസംബറില്‍ മാത്രം 16 ദശലക്ഷം ബില്‍ പേയ്‌മെന്റ് ഇടപാടുകള്‍ ഉപഭോക്താക്കള്‍ പേടിഎം ആപ്ലിക്കേഷന്‍ വഴി നടപ്പിലാക്കി. ഫോണ്‍പേ, ബില്‍ ഡെസ്‌ക് എന്നിവയ്ക്ക് ശേഷമാണ് മൂന്നാമത്തെ വലിയ കമ്പനിയായി ഇത് മാറിയത്. പരമ്പരാഗത വാലറ്റ് ബിസിനസില്‍ പേടിഎം എല്ലായ്‌പ്പോഴും ഒരു മുന്‍നിരയിലായിരുന്നു. 2023 ലെ കണക്ക് പ്രകാരം പേടിഎമ്മിന്റെ സജീവ വാലറ്റുകളുടെ എണ്ണം 628 ദശലക്ഷമാണ്. ഡിസംബറില് മാത്രം പേടിഎം പേയ്‌മെന്റ്‌സ് ബാങ്ക് 240 ദശലക്ഷം ഇടപാടുകള്‍ നടത്തിയിട്ടുണ്ട്.