14 Feb 2024 9:18 AM
Summary
- 10 ദിവസം കൊണ്ട് ഓഹരി മൂല്യത്തില്‍ 55 ശതമാനത്തിന്റെ ഇടിവാണ് നേരിട്ടത്
- 2021-നവംബറില്‍ 2150 രൂപയ്ക്ക് ഇഷ്യു ചെയ്ത ഓഹരിയാണ് വണ്‍ 97 കമ്മ്യൂണിക്കേഷന്‍സിന്റേത്
- കള്ളപ്പണം വെളുപ്പിച്ചെന്ന ആരോപണത്തിന്റെ അടിസ്ഥാനത്തിലാണ് ഇഡി അന്വേഷണം
ആര്‍ബിഐയുടെ നിയന്ത്രണങ്ങള്‍ക്കു വിധേയമായ പേയ്‌മെന്റ് പ്ലാറ്റ്‌ഫോമായ പേടിഎമ്മിന്റെ മാതൃകമ്പനിയായ വണ്‍ 97 കമ്മ്യൂണിക്കേഷന്‍സിന്റെ ഓഹരി വില ഇന്ന് (ഫെബ്രുവരി 14) വന്‍ ഇടിവ് നേരിട്ടു. ബിഎസ്ഇയില്‍ 9 ശതമാനം ഇടിഞ്ഞ് 344.90 രൂപയിലെത്തി.
2021-നവംബറില്‍ 2150 രൂപയ്ക്ക് ഇഷ്യു ചെയ്ത ഓഹരിയാണ് വണ്‍ 97 കമ്മ്യൂണിക്കേഷന്‍സിന്റേത്. അതാണ് ഇപ്പോള്‍ ഇടിഞ്ഞ് ഇടിഞ്ഞ് ഒരു പരുവമായി തീര്‍ന്നിരിക്കുന്നത്.
' പേടിഎം കരോ ' എന്ന ക്യാംപെയ്‌നില്‍ നിന്നും കിരാന സ്റ്റോറുകള്‍ പിന്മാറുന്നതിന്റെ പശ്ചാത്തലത്തിലാണ് ഫെബ്രുവരി 14-ന് ഓഹരി വലിയ തോതില്‍ ഇടിഞ്ഞത്. പേടിഎമ്മിനെതിരേ സ്വീകരിച്ചിരിക്കുന്ന തീരുമാനം പുനപരിശോധിക്കില്ലെന്ന് ആര്‍ബിഐ ആവര്‍ത്തിച്ച് പറഞ്ഞതും പേടിഎം ഓഹരികള്‍ക്ക് തിരിച്ചടി സമ്മാനിക്കുന്ന ഘടകമാണ്.
കഴിഞ്ഞ 10 ദിവസം കൊണ്ട് ഓഹരി മൂല്യത്തില്‍ 55 ശതമാനത്തിന്റെ ഇടിവാണ് നേരിട്ടത്. ഇത് ഏകദേശം 26,000 കോടി രൂപയോളം വരും.
പേടിഎം പേയ്‌മെന്റ്‌സ് ബാങ്കിനെതിരേ ഇഡിയും അന്വേഷണം ആരംഭിച്ചിരിക്കുകയാണ്. കള്ളപ്പണം വെളുപ്പിച്ചെന്ന ആരോപണത്തിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം. വിദേശനാണ്യ വിനിമയ നിയമം ലംഘിച്ചെന്ന ആരോപണവും പേടിഎമ്മിനെതിരേയുണ്ട്. ഇതും ഇഡി അന്വേഷിക്കും.
തിരിച്ചറിയല്‍ നടപടികള്‍ സ്വീകരിക്കാതെ നിരവധി അക്കൗണ്ടുകള്‍ തുറക്കാന്‍ പേടിഎം അനുവദിച്ചതിന്റെ പേരിലാണ് ആര്‍ബിഐ നടപടി സ്വീകരിച്ചത്.