31 Jan 2024 12:09 PM
Summary
- 2024 ഫെബ്രുവരി 29 ന് ശേഷമാണു ആര്‍ബിഐ നിയന്ത്രണമേര്‍പ്പെടുത്തിയിരിക്കുന്നത്
- കസ്റ്റമേഴ്‌സിന് അക്കൗണ്ടുകളില്‍ നിന്നുള്ള സേവിംഗ്‌സ്, കറന്റ് അക്കൗണ്ടുകളിലെ ബാലന്‍സ് ലഭ്യമായ പരിധി വരെ ഉപയോഗിക്കാവുന്നതാണ്
ഓണ്‍ലൈന്‍ പേയ്‌മെന്റ് പ്ലാറ്റ്‌ഫോമായ പേടിഎമ്മിന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ (ആര്‍ബിഐ) വിലക്ക്.
2024 ഫെബ്രുവരി 29 ന് ശേഷം ഏതെങ്കിലും കസ്റ്റമര്‍ അക്കൗണ്ടിലോ വാലറ്റ്, ഫാസ്ടാഗ് പോലുള്ള പ്രീ പെയ്ഡ് സംവിധാനങ്ങളില്‍ നിക്ഷേപങ്ങള്‍ സ്വീകരിക്കുന്നതിനും ക്രെഡിറ്റ് ഇടപാടുകള്‍ നടത്തുന്നതിനുമാണു പേടിഎം പേയ്‌മെന്റ് ബാങ്ക് ലിമിറ്റഡിന് (പിപിബിഎല്‍) ആര്‍ബിഐ നിയന്ത്രണമേര്‍പ്പെടുത്തിയിരിക്കുന്നത്.
2024 ജനുവരി 31 നാണ് ആര്‍ബിഐ നിയന്ത്രണങ്ങളേര്‍പ്പെടുത്തിയത്. പേടിഎമ്മിന്റെ ഐടി സംവിധാനത്തില്‍ ചട്ടലംഘനങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് 2022 മാര്‍ച്ച് 11 മുതല്‍ പുതിയ അക്കൗണ്ടുകള്‍ തുറക്കുന്നതിന് ആര്‍ബി ഐ വിലക്കേര്‍പ്പെടുത്തിയിരുന്നു. ഇതിന്റെ തുടര്‍ നടപടിയായിട്ടാണ് ഇപ്പോള്‍ നിയന്ത്രണമേര്‍പ്പെടുത്തിയിരിക്കുന്നത്.
ഐടി സംവിധാനത്തില്‍ പിഴവുകള്‍ കണ്ടെത്തിയതോടെ വിശദമായ ഓഡിറ്റ് നടത്താന്‍ 2022-ലാണ് ആര്‍ബിഐ നിര്‍ദേശിച്ചത്. ഇതുസംബന്ധിച്ച ഓഡിറ്റ് റിപ്പോര്‍ട്ടു പുറത്തുവന്നു.
ഇതിനു പുറമെ പുറത്തുനിന്നുള്ള ഓഡിറ്റ് റിപ്പോര്‍ട്ടും ആര്‍ബിഐ പരിശോധിച്ചു. അതിനു ശേഷമാണ് ഇപ്പോള്‍ നിയന്ത്രണമേര്‍പ്പെടുത്താന്‍ തീരുമാനിച്ചത്.
അതേസമയം, കസ്റ്റമേഴ്‌സിന് അവരുടെ നിലവിലുള്ള സേവിംഗ്‌സ്, കറന്റ് അക്കൗണ്ടുകളിലെ ബാലന്‍സ് പണം പിന്‍വലിക്കുകയോ, പേയ്‌മെന്റ് നടത്തി തീര്‍ക്കുകയോ ചെയ്യാന്‍ സാധിക്കുമെന്ന് ആര്‍ബിഐ അറിയിച്ചിട്ടുണ്ട്.