28 Aug 2023 11:23 AM
Summary
- വെള്ള അരി അനധികൃതമായി കയറ്റുമതി ചെയ്യുന്നത് തടയാൻ
ടണ്ണിന് 1200 ഡോളറിൽ ( 99093 രൂപ) കുറവുള്ള ബസുമതി അരിയുടെ കയറ്റുമതി കേന്ദ്രം നിരോധിച്ചു. ബസുമതി എന്ന പേരിൽ വെള്ള അരി അനധികൃതമായി കയറ്റുമതി ചെയ്യുന്നത് തടയാനാണ് ഇതെന്നാണ് ഇത് സംബന്ധിച്ച ഔദ്യോഗിക കുറിപ്പ് വ്യക്തമാക്കുന്നത്.
അരി വില രാജ്യത്തു ക്രമാതീതമായി ഉയരുന്നതിന് തുടർന്ന് ബസുമതി ഒഴിച്ചുള്ള എല്ലാത്തരം അരിയുടെയും കയറ്റുമതി കേന്ദ്രം ജൂലൈ 20 മുതൽ നിരോധിച്ചിരുന്നു.
ബസുമതി അരിയുടെ കയറ്റുമതി നിയന്ത്രിക്കുന്ന സർക്കാർ ഏജൻസി ആയ അഗ്രികൾച്ചറൽ ആൻഡ് പ്രോസെസ്സഡ് ഫുഡ് പ്രോഡക്ട് എക്സ് പോർട്സ് ഡെവലൊപ്മെന്റ് അതോറിറ്റി (എ പി ഇ ഡി എ ) യോട് ടണ്ണിന് 1200 ഡോളറിനും അതിനു മുകളിലും ഉള്ള എല്ലാ എക്സ് പോർട്ട് കോൺട്രാക്ടുകളും രജിസ്‌ട്രേഷനും അലോക്കേഷൻ സർട്ടിഫിക്കറ്റിനു വേണ്ടി ഏജൻസിയിൽ രജിസ്റ്റർ ചെയ്യണമെന്ന് കയറ്റുമതിക്കാർക്കു നിർദേശം നൽകണമെന്ന് കേന്ദ്ര വാണിജ്യ മന്ത്രാലയം ആവശ്യപ്പെട്ടു.
എന്നാൽ 1200 ഡോളറിനു താഴയുള്ള കയറ്റുമതിക്ക് ഉടൻ അനുവാദം കൊടുക്കാതെ, എ പി ഇ ഡി എ യുടെ ചെയർമാൻ നിയമിക്കുന്ന ഒരു സമിതി ഇത് പരിശോധിച്ച് വെള്ള അരി ബസുമതി എന്ന പേരിൽ കയറ്റുമതി ചെയ്യുന്നില്ല എന്ന് ഉറപ്പു വരുത്തണമെന്ന് നിർദേശിച്ചു.
ഈ സമിതിയുടെ റിപ്പോർട്ട് മന്ത്രാലയത്തിന് ഒരു മാസത്തിനകം സമർപ്പിക്കണമെന്നും, അതിന്റെ അടിസ്ഥാനത്തിൽ മന്ത്രാലയം തുടർ തീരുമാനം എടുക്കുമെന്നും എ പി ഇ ഡി എ അധികൃതർ പറഞ്ഞു.
``ഓഗസ്റ്റ് മാസത്തിലെ ബസുമതി അരിയുടെ കയറ്റുമതി കോൺട്രാക്ടിൽ വിലയിൽ വലിയ മാറ്റം മന്ത്രാലയത്തിന്റെ ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. സാധാരണ ഗതിയിൽ ഏറ്റവും കുറഞ്ഞ കയറ്റുമതി വില മെട്രിക് ടണ്ണിന് 1214 ഡോളറാണ്., എന്നാൽ ഓഗസ്റ്റിൽ കോൺട്രാക്ടിൽ കാണിച്ചിരിക്കുന്ന കുറഞ്ഞ വില 359 ഡോളറും ,'' മന്ത്രാലയം ഒരു കുറിപ്പിൽ പറയുന്നു.