image

14 Nov 2023 5:40 AM GMT

News

ശമ്പളം 83 കോടി രൂപ; ഗൂഗിള്‍ എന്‍ജിനീയര്‍മാരെ വലവീശി പിടിക്കാന്‍ ഓപ്പണ്‍ എഐ

MyFin Desk

Artifical Intelligence chat bot
X

Summary

ഓപ്പണ്‍ എഐയില്‍ ഏകദേശം 59 മുന്‍ ഗൂഗിള്‍ ജീവനക്കാരും 34 മുന്‍ മെറ്റ ജീവനക്കാരും ജോലി ചെയ്യുന്നുണ്ട്‌


ദശലക്ഷക്കണക്കിനു ഡോളര്‍ മൂല്യമുള്ള പാക്കേജിലൂടെ ഗൂഗിളിന്റെ മികച്ച റിസര്‍ച്ചര്‍മാരെ ആകര്‍ഷിക്കാനുള്ള ശ്രമത്തിലാണ് ഓപ്പണ്‍ എഐ. പാക്കേജില്‍ കൂടുതലും കമ്പനിയുടെ ഓഹരി നല്‍കാനാണ് പദ്ധതിയിട്ടിരിക്കുന്നത്.

10 ദശലക്ഷം ഡോളര്‍ (83 കോടി രൂപ) വരെയാണ് വാഗ്ദാനം ചെയ്തിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.

ജനപ്രീതി നേടിയ ചാറ്റ് ജിപിടി എന്ന ചാറ്റ് ബോട്ടിനെ വികസിപ്പിച്ച സ്ഥാപനമാണ് ഓപ്പണ്‍ എഐ.

ഗൂഗിളിലെ പ്രധാന എഐ റിസര്‍ച്ചര്‍മാരെ ഓപ്പണ്‍ എഐയുടെ സിഇഒ സാം ആള്‍ട്ട്മാന്‍ നേരിട്ട് സമീപിച്ചാണ് ഓഫര്‍ നല്‍കിയതെന്നും റിപ്പോര്‍ട്ടുണ്ട്.

2023 ഫെബ്രുവരി വരെയുള്ള കണക്ക്പ്രകാരം, ഓപ്പണ്‍ എഐയില്‍ ഏകദേശം 59 മുന്‍ ഗൂഗിള്‍ ജീവനക്കാരും 34 മുന്‍ മെറ്റ ജീവനക്കാരും ജോലി ചെയ്യുന്നുണ്ടെന്നാണ്.

8000-9000 കോടി ഡോളര്‍ മൂല്യം കണക്കാക്കുന്ന കമ്പനിയാണ് ഓപ്പണ്‍ എഐ.

2023-ന്റെ തുടക്കം മുതല്‍ ഇതുവരെയായി വന്‍ തോതില്‍ ജീവനക്കാരെ പിരിച്ചുവിടുന്ന കാഴ്ച ടെക് മേഖലയില്‍ കാണാനായി. ചെലവ് ചുരുക്കലിന്റെ ഭാഗമായിട്ടാണു ജീവനക്കാരെ പിരിച്ചുവിട്ടത്. എങ്കിലും എഐ മോഡലുകള്‍ വികസിപ്പിക്കാന്‍ ടെക് കമ്പനികള്‍ വന്‍തോതില്‍ ചെലവിടുന്നുമുണ്ട്.

എഐ ടെക്‌നോളജിയിലാണ് ഓപ്പണ്‍ എഐ ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുന്നത്. ടെക് മേഖലയിലെ ഭീമന്മാര്‍ക്കിടയിലും എഐ ടെക്‌നോളജിയില്‍ മുന്‍നിര സ്ഥാനം കൈവരിക്കാനാണു ഓപ്പണ്‍ എഐ ശ്രമിക്കുന്നത്.

ഗൂഗിള്‍ വികസിപ്പിച്ച എഐ ചാറ്റ്‌ബോട്ടായ ബാര്‍ഡ്, ഇലോണ്‍ മസ്‌ക്കിന്റെ ഉടമസ്ഥതയിലുള്ള എക്‌സ് വികസിപ്പിച്ച എഐ ചാറ്റ്‌ബോട്ടായ ഗ്രോക് തുടങ്ങിയവയാണ് വിപണിയിലെ ഓപ്പണ്‍ എഐയുടെ എതിരാളികള്‍.

നവംബര്‍ മാസം ആദ്യം ഓപ്പണ്‍ എഐയുടെ സിഇഒ സാം ആള്‍ട്ട്മാന്‍ പറഞ്ഞത് ചാറ്റ് ജിപിടിക്ക് ആഴ്ചയില്‍ 100 ദശലക്ഷം ആക്ടീവ് യൂസര്‍മാരുണ്ടെന്നാണ്.