28 Nov 2023 8:41 AM
Summary
- രണ്ടായിരം രൂപയ്ക്ക് മുകളിലുള്ള ഇടപാടുകളിൽ ഇത് ബാധകമാകും
- ലക്ഷ്യം പണം ട്രാൻസ്ഫർ ആകുന്നത് തടയാൻ പണമയച്ച വ്യക്തിക്ക് കൂടുതൽ സമയം
- 49 ശതമാനം തട്ടിപ്പുകളും ഡിജിറ്റൽ പണമിടപാടുകൾ വഴി
ഓൺലൈൻ തട്ടിപ്പുകൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ ഇതിനു തടയിടായി യു.പി.ഐ പണമിടപാടുകൾക്ക് സമയ നിയന്ത്രണങ്ങൾ ഏർപ്പെടുത്താനൊരുങ്ങി കേന്ദ്ര സർക്കാർ. രണ്ടു പേർ തമ്മിൽ ആദ്യമായി യു.പി.ഐ ഇടപാട് നടത്തുമ്പോൾ ഇത് പൂർത്തീകരിക്കാനായി നാലു മണിക്കൂർ സമയ പരിധി നൽകാനാണ് ആലോചിക്കുന്നത്. ഇക്കാര്യങ്ങളിൽ തീരുമാനമെടുക്കാൻ കേന്ദ്രസർക്കാർ ബന്ധപ്പെട്ട കക്ഷികളുടെ യോഗം വിളിച്ചിട്ടുണ്ട്. ബാങ്കുകളുടെയും യു.പി.ഐ സേവനദാതാക്കളുടെയും യോഗത്തിൽ പൊതുമേഖലാ ബാങ്കുകൾ ,സ്വകാര്യ ബാങ്കുകൾ, റിസർവ് ബാങ്ക്, ടെക് കമ്പനികൾ , തുടങ്ങിയ സ്ഥാപനങ്ങളിലെ ഉദോഗസ്ഥർ പങ്കെടുക്കും.
ഗൂഗിൾ പേ, ഫോൺ പേ, പേടിഎം, വാട്സ് ആപ് എന്നിവ വഴി പണമയക്കുബോൾ നടക്കുന്ന ഓൺലൈൻ സാമ്പത്തിക തട്ടിപ്പുകൾക്ക് തടയിടാനാണ് പുതിയ തീരുമാനം. രണ്ടായിരം രൂപയ്ക്കു മുകളിലുള്ള ഇടപാടുകളിൽ ഇത് നടത്താനാണ് ഉദ്ദേശിക്കുന്നത്. മുൻപ് യു.പി.ഐ വഴി സാമ്പത്തിക ഇടപാടുകൾ നടത്തിയിട്ടുണ്ടെങ്കിലും ഇതുവരെ ഇടപാടുകൾ നടത്താത്ത ഒരു വ്യക്തിയുമായി ആദ്യമായി പണം ട്രാൻസ്ഫർ ചെയ്യുകയോ, സ്വീകരിക്കുകയോ ചെയ്യുമ്പോഴാണ് സമയ നിയന്ത്രണം ബാധകമാവുക. ഒരാൾക്ക് പണമയച്ചുകഴിഞ്ഞാൽ അത് ട്രാൻസ്ഫർ ആകുന്നത് തടയാൻ പണമയച്ച വ്യക്തിക്ക് കൂടുതൽ സമയം ലഭിക്കും എന്നതാണ് ഇതിൻ്റെ ഗുണമായി സർക്കാർ വിലയിരുത്തുന്നത്.
റിസർവ് ബാങ്കിന്റെ വാർഷിക റിപ്പോർട്ട് അനുസരിച്ച് ഏറ്റവും കൂടുതൽ സാമ്പത്തിക തട്ടിപ്പുകൾ നടന്നത് 2022 -23 കാലയളവിലാണ്. ബാങ്കിങ് മേഖലയിൽ മാത്രമായി 13,530 തട്ടിപ്പു കേസുകൾ രജിസ്റ്റർ ചെയ്യുകയും ചെയ്തിട്ടുണ്ട്.
തട്ടിപ്പുകളിലൂടെ ആളുകൾക്ക് ഈ കാലയളവിൽ നഷ്ടമായത് 30,252 കോടി രൂപയാണ്. ഇതിൽ 49 ശതമാനം തട്ടിപ്പുകൾ നടന്നത് ഡിജിറ്റൽ പണമിടപാടുകൾ വഴിയാണ്.
ഇത്തരത്തിൽ ഇടപാടുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തുന്ന കാര്യം സർക്കാർ ആലോചിക്കുമ്പോഴാണ് കൊൽക്കത്ത കേന്ദ്രീകരിച്ചുള്ള യൂകോ ബാങ്കിൽ നിന്ന് 820 കോടി രൂപ ഒരു കസ്റ്റമറുടെ അക്കൗണ്ടിലേക്ക് അബദ്ധത്തിൽ ക്രെഡിറ്റായത്. യൂക്കോ ബാങ്ക് 820 കോടി രൂപയുടെ ഐഎംപിഎസ് തട്ടിപ്പ് റിപ്പോർട്ട് ചെയ്തതോടെയാണ് സർക്കാർ നടപടികൾ വേഗത്തിലാക്കാൻ കാരണമായത്.