image

7 Oct 2024 9:35 AM GMT

News

പേരിൽ പൊരുത്തക്കേട്; ഒരു ലക്ഷത്തിലേറെപ്പേരുടെ റേഷൻ കാർഡ് മസ്റ്ററിങ് അസാധുവാക്കി

MyFin Desk

mismatch in name, ration card mustering of lakhs invalid
X

ആധാറിലെയും റേഷൻ കാർഡിലെയും പേരിലെ പൊരുത്തക്കേടുകളാൽ, സംസ്ഥാനത്ത് ഒരു ലക്ഷത്തിലേറെപ്പേരുടെ റേഷൻ കാർഡ് മസ്റ്ററിങ് അസാധുവാക്കി. റേഷന്‍കടയിലെ ഇ -പോസ് യന്ത്രത്തില്‍ മസ്റ്ററിങ് വിജയകരമായി പൂര്‍ത്തിയാക്കിയെങ്കിലും താലൂക്ക് സപ്ലൈ ഓഫീസുകളിലെ വിദഗ്ധ പരിശോധനയ്ക്കുശേഷമാണ് അസാധുവായത്. മസ്റ്ററിങ് പൂർത്തിയാക്കിയവരിൽ ചിലരുടെ റേഷൻ കാർഡിലെയും ആധാറിലെയും പേരുകളിൽ പൊരുത്തക്കേടുണ്ട്. ഈ പൊരുത്തക്കേട് മുപ്പത് ശതമാനത്തിൽ കൂടിയാൽ മസ്റ്ററിങ്ങിന് സാധുത നൽകുകയില്ല.

സംസ്ഥാനത്ത് മഞ്ഞ, പിങ്ക് കാര്‍ഡുകളിലായി 1.56 കോടി പേരുടെ മസ്റ്ററിംഗാണ് ഇതുവരെ നടന്നത്. അതില്‍ 20 ലക്ഷത്തോളം പേരുടെ മസ്റ്ററിംഗ് സാധുത പരിശോധിക്കാനുണ്ട്. അതുകൂടി പരിശോധിക്കുമ്പോള്‍ അസാധുവായവരുടെ എണ്ണം ഇനിയും വര്‍ധിക്കാനാണ് സാധ്യത. അതേസമയം, സംസ്ഥാനത്ത് മസ്റ്ററിംഗ് അനുവദിച്ചിട്ടുള്ള സമയം നാളെ അവസാനിക്കും. മസ്റ്ററിങ് അസാധുവാക്കപ്പെട്ടവരുടെ കാര്യത്തില്‍ അതിന് ശേഷം തീരുമാനമുണ്ടാകുമെന്നാണ് കരുതുന്നത്. വിരലടയാളം പൊരുത്തപെടാത്തതിനാല്‍ മസ്റ്ററിംഗ് നടത്താന്‍ കഴിയാത്തവരുണ്ട്. ഐറിസ് സ്‌കാനറിന്റെ സഹായത്തോടെ ഇവരുടെ കണ്ണടയാളം സ്വീകരിച്ച് മസ്റ്ററിംഗ് നടത്താനും സാധ്യതയുണ്ട്. എന്നാൽ റേഷന്‍ കടകളില്‍ അതിന് സൗകര്യമില്ലാത്തതിനാൽ മറ്റുമാര്‍ഗങ്ങള്‍ സ്വീകരിക്കാനാണു സാധ്യത.