23 Sep 2024 12:54 PM GMT
Summary
- പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചക്കുശേഷമാണ് എന്‍വിഡിയയുടെ പ്രഖ്യാപനം
- ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം, കൃഷി തുടങ്ങിയ മേഖലകളിലുടനീളം വികസനത്തിനായി എഐയെ ഉപയോഗപ്പെടുത്തും
ഇന്ത്യയുമായി പങ്കാളിത്തത്തിന് തയ്യാറെന്ന് എന്‍വിഡിയ സിഇഒ ജെന്‍സന്‍ ഹുവാങ്. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് പ്രഖ്യാപനം. ക്വാഡ് ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ യുഎസില്‍ എത്തിയതായിരുന്നു പ്രധാനമന്ത്രി.
ലോകത്തിലെ ഏറ്റവും മികച്ച കമ്പ്യൂട്ടര്‍ ശാസ്ത്രജ്ഞരുടെ നാടുകൂടിയാണ് ഇന്ത്യയെന്നും അതിനാല്‍ പങ്കാളിത്തം മികച്ച അവസരമാണെന്നും ഹുവാങ് വ്യക്തമാക്കി.
ഇന്ത്യയുടെ വികസനത്തില്‍ എഐയെ കൊണ്ടുവരാനുള്ള മോദിയുടെ ആവേശത്തെയും കാഴ്ചപ്പാടിനെയും അദ്ദേഹം പ്രശംസിച്ചു.
ചര്‍ച്ചകളില്‍ പ്രധാനമന്ത്രി, സാങ്കേതികവിദ്യ, എഐ , അതില്‍ ഇന്ത്യയുടെ സാധ്യതകള്‍, അവസരങ്ങള്‍,എന്നിവയെക്കുറിച്ച് പഠിക്കാന്‍ താല്‍പര്യം കാണിച്ചതായും അദ്ദേഹം നല്ലൊരു വിദ്യാര്‍ത്ഥിയായാണെന്നും ഹുവാങ് പറഞ്ഞു.
പ്രധാനമന്ത്രി,ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം, കൃഷി തുടങ്ങിയ മേഖലകളിലുടനീളം വികസനത്തിനായി എഐയെ പ്രയോജനപ്പെടുത്താന്‍ ലക്ഷ്യമിടുന്നതായും ഹുവാങ് വ്യക്തമാക്കി.
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഒരു പുതിയ വ്യവസായം കൂടിയാണ്, ഇന്ത്യയുടെ സാമ്പത്തിക ഭാവിയുടെ പുതിയ മുഖമായി എഐയെ മാറ്റുന്നതിന് എന്‍വിഡിയയുമായുള്ള പങ്കാളിത്തത്തിന്റെ ആവശ്യകതതയും ഹുവാങ് ചൂണ്ടി കാട്ടി.
അതേസമയം എഐ, ക്വാണ്ടം കമ്പ്യൂട്ടിങ്, ബയോടെക്‌നോളജി, സെമികണ്ടക്ടര്‍ സാങ്കേതികവിദ്യകള്‍ എന്നിവയുള്‍പ്പെടെയുള്ള അത്യാധുനിക മേഖലകളുമായി ബന്ധപ്പെട്ട് ഉച്ചകോടിയില്‍ ചര്‍ച്ച നടന്നതായി വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.
ടെക് ഭീമനായി ഗൂഗിളും ഇന്ത്യയില്‍ നിക്ഷേപം നടത്തുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ന്യൂയോര്‍ക്കില്‍ നടന്ന സിഇഒ റൗണ്ട് ടേബിളില്‍ മോദിയുമായി കൂടിക്കാഴ്ച്ച നടത്തിയ ശേഷമാണ് ഈ പ്രഖ്യാപനം.