4 Sep 2023 10:00 AM GMT
Summary
- രണ്ട് പദ്ധതികളിലുമായുള്ള കൈകാര്യം ചെയ്യുന്ന ആസ്തി (അസെറ്റ് അണ്ടര്‍ മാനേജ്‌മെന്റ്) 10 ലക്ഷം കോടി രൂപയ്ക്കു മുകളിലാണ്.
- രാജ്യത്തെ പൗരന്മാര്‍ക്കെല്ലാം പെന്‍ഷന്‍ ലഭ്യമാക്കുക എന്ന ലക്ഷ്യേത്താടെ ഇന്ത്യ ഗവണ്മെന്റ് നടപ്പിലാക്കിയ പദ്ധതിയാണ് നാഷണല്‍ പെന്‍ഷന്‍ സ്‌കീം.
നാഷണല്‍ പെന്‍ഷന്‍ സിസ്റ്റം (എന്‍പിഎസ്), അടല്‍ പെന്‍ഷന്‍ യോജന (എപിവൈ) എന്നിവയിലെ നിക്ഷേപകരുടെ എണ്ണത്തിലും കൈകാര്യം ചെയ്യുന്ന ആസ്തിയിലും വര്‍ധന. വരിക്കാരുടെ എണ്ണം 6.62 കോടിക്ക് മുകളിലായപ്പോള്‍ രണ്ട് പദ്ധതികളിലുമായുള്ള കൈകാര്യം ചെയ്യുന്ന ആസ്തി (അസെറ്റ് അണ്ടര്‍ മാനേജ്‌മെന്റ്) 10 ലക്ഷം കോടി രൂപയ്ക്കു മുകളിലായിയെന്ന് കേന്ദ്ര ധനകാര്യ മന്ത്രാലയത്തിന്റെ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.
പെന്‍ഷന്‍ ഫണ്ട് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്‌മെന്റ് അതോറിറ്റി (പിഎഫ്ആര്‍ഡിഎ) ക്കു കീഴില്‍ വരുന്നതാണ് ഈ രണ്ട് പദ്ധതികളും. രാജ്യത്തെ പൗരന്മാര്‍ക്കെല്ലാം പെന്‍ഷന്‍ ലഭ്യമാക്കുക എന്ന ലക്ഷ്യേത്താടെ ഇന്ത്യ ഗവണ്മെന്റ് നടപ്പിലാക്കിയ പദ്ധതിയാണ് നാഷണല്‍ പെന്‍ഷന്‍ സ്‌കീം. ഇക്വിറ്റി, കോര്‍പറേറ്റ് ബോണ്ട്, ഗവണ്‍മെന്റ് ബോണ്ട്, ആള്‍ട്ടര്‍നേറ്റ് അസെറ്റ് എന്നിങ്ങനെയാണ് എന്‍പിഎസിലെ നിക്ഷേപം. എന്‍പിഎസില്‍ അംഗമാകുന്നവര്‍ക്ക് 60 വയസുമുതല്‍ പെന്‍ഷന്‍ ലഭിക്കും. 2004 ല്‍ ആരംഭിക്കുമ്പോള്‍ എല്ലാ സര്‍ക്കാര്‍ ജീവനക്കാര്‍ക്കു (സായുധ സേന ഒഴികെ) മായിരുന്നു എന്‍പിഎസ് അംഗത്വം. 2009 മെയ് 1 മുതല്‍ എല്ലാ ഇന്ത്യന്‍ പൗരന്മാര്‍ക്കും എന്‍പിഎസ് ലഭ്യമാക്കി.
2015 ജൂണ്‍ ഒന്നു മുതലാണ് സാമൂഹ്യ സുരക്ഷ പദ്ധതിയായ അടല്‍ പെന്‍ഷന്‍ യോജന ആരംഭിക്കുന്നത്. അസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്കു വേണ്ടിയുള്ള പെന്‍ഷന്‍ പദ്ധതിയാണ് അടല്‍ പെന്‍ഷന്‍ യോജന. പദ്ധതിയില്‍ അംഗമാകുന്നവര്‍ക്ക് നിക്ഷേപത്തുകയ്ക്കനുസരിച്ച് 1000 രൂപ മുതല്‍ 2000, രൂപ, 3000 രൂപ, 4000 രൂപ, 5000 രൂപവരെ പെന്‍ഷന്‍ 60 വയസില്‍ ലഭിക്കും. പെന്‍ഷന്‍ തുക നിക്ഷേപിച്ച തുകയ്ക്കനുസരിച്ചാണ് നിശ്ചയിക്കുന്നത്.
പെന്‍ഷനും റിട്ടയര്‍മെന്റ് ആസൂത്രണവും പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ, പിഎഫ്ആര്‍ഡിഎ എല്ലാ വര്‍ഷവും ഒക്ടോബര്‍ 1 'നാഷണല്‍ പെന്‍ഷന്‍ സിസ്റ്റം ദിവസ് (എന്‍പിഎസ് ദിവസ്) ആയി ആഘോഷിക്കുന്നുണ്ട്. റിട്ടയര്‍മെന്റിന് ശേഷമുള്ള സാമ്പത്തിക സ്വയംപര്യാപ്തതയ്ക്ക് പൗരന്മാരെ പ്രോത്സാഹിപ്പിക്കുകയാണ് ഈ ദിവസത്തിന്റെ പ്രത്യേകത. ഈ വര്‍ഷം എന്‍പിഎസ് ദിവസ് ആചരിക്കുന്നതിന്റെ ഭാഗമായി, പിഎഫ്ആര്‍ഡിഎ ഒരു മാസം നീണ്ടുനില്‍ക്കുന്ന ഡിജിറ്റല്‍ മീഡിയ ബോധവത്കരണ പരമ്പര ആസൂത്രണം ചെയ്തിട്ടുണ്ട്.