9 Sept 2023 5:18 AM
Summary
- 2022 ജനുവരിക്കു ശേഷം ആദ്യമായാണ് ഒരു മാസത്തില്‍ പുതിയ ഡീമാറ്റ് അക്കൗണ്ടുകളുടെ എണ്ണത്തില്‍ ഇത്ര വര്‍ധനയുണ്ടാകുന്നത്.
- ഓഗസ്റ്റില്‍ 31 ലക്ഷത്തിലധികം ഡീമാറ്റ് അക്കൗണ്ടുകള്‍ തുറന്നു.
പുതിയതായി ഡീമാറ്റ് അക്കൗണ്ട് തുറന്നവരുടെ എണ്ണത്തില്‍ വര്‍ധന. ഓഗസ്റ്റില്‍ 31 ലക്ഷത്തിലധികം ഡീമാറ്റ് അക്കൗണ്ടുകള്‍ തുറന്നുവെന്നാണ് സെന്‍ട്രല്‍ ഡെപ്പോസിറ്ററി സര്‍വീസസ് (സിഡിഎസ്എല്‍), നാഷണല്‍ സെക്യൂരിറ്റീസ് ഡെപ്പോസിറ്ററി സര്‍വീസസ് (എന്‍എസ്ഡിഎല്‍) എന്നിവയുടെ കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഇതോടെ മൊത്തം ഡീമാറ്റ് അക്കൗണ്ടുകളുടെ എണ്ണം 12.66 കോടിയായി. 2022 ജനുവരിക്കു ശേഷം ആദ്യമായാണ് ഒരു മാസത്തില്‍ പുതിയ ഡീമാറ്റ് അക്കൗണ്ടുകളുടെ എണ്ണത്തില്‍ ഇത്ര വര്‍ധനയുണ്ടാകുന്നത്.
രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ പുരോഗതി നേടിയതും വിപണി അടുത്ത കാലത്ത് ഏറ്റവും മികച്ച ഉയരത്തിലെത്തിയകും നിക്ഷേപകര്‍ക്ക് ആത്മവിശ്വാസം നല്‍കിയിട്ടുണ്ട്. കൂടാതെ, സര്‍ക്കാര്‍ ഹ്രസ്വകാലത്തേക്കും ദീര്‍ഘകാലത്തേക്കുമുള്ള പദ്ധതികളില്‍ നിക്ഷേപം നടത്തിയതും സ്വകര്യ മേഖലയില്‍ നിന്നുള്ള നിക്ഷേപവും വിപണിയെ പോസിറ്റിവായി സ്വാധീനിച്ചിട്ടുണ്ടെന്ന് സാമ്പത്തിക വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. ഐപിഒ ലിസ്റ്റിംഗിലുണ്ടായ വര്‍ധനയും മ്യൂച്വല്‍ ഫണ്ടുകള്‍ മികച്ച റിട്ടേണ്‍ നല്‍കിയതും ഡീമാറ്റ് അക്കൗണ്ട് തുറക്കുന്നവരുടെ എണ്ണത്തില്‍ വര്‍ധനയുണ്ടാകാന്‍ കാരണമായെന്നും വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.
എന്താണ് ഡീമാറ്റ് അക്കൗണ്ട്
ഡീമെറ്റീരിയലൈസേഷന്‍ അക്കൗണ്ടിന്റെ ചുരുക്കപ്പേരാണ് ഡീമാറ്റ് അക്കൗണ്ട്. ഓഹരികള്‍ സൂക്ഷിക്കുന്നതിനുള്ള ഇലക്ട്രോണിക് രൂപത്തിലുള്ള അക്കൗണ്ടാണിത്. ഡീമാറ്റ് അക്കൗണ്ടുകള്‍ മ്യൂച്വല്‍ ഫണ്ട് നിക്ഷേപത്തിനും വിപണിയിലെ ഇടപാടുകള്‍ക്കും ആവശ്യമാണ്.
നിക്ഷേപകന്റെ പേരിലാണ് ഡീമാറ്റ് അക്കൗണ്ട് ആരംഭിക്കുന്നത്. ഡിപ്പോസിറ്ററി ഓഹരികള്‍ സൂക്ഷിക്കുന്ന സ്ഥാപനം ആണ് ഡിപ്പോസിറ്ററി. നിക്ഷേപകനു വേണ്ടി ഓഹരികള്‍ ഇലക്ട്രോണിക് രൂപത്തില്‍ ഇവിടെ സൂക്ഷിക്കുന്നു. നാഷ്ണല്‍ സെക്യൂരിറ്റീസ് ഡിപ്പോസിറ്ററി (എന്‍ എസ് ഡിഎല്‍), സെന്‍ട്രല്‍ ഡിപ്പോസിറ്ററി സര്‍വീസസ് ലിമിറ്റഡ് (സിഡിഎസ്എല്‍) എന്നിവയാണ് ഇന്ത്യയിലെ ഡിപ്പോസിറ്ററികള്‍. ഡിപ്പോസിറ്ററി പാര്‍ട്ടിസിപ്പന്റ്‌സ് (ഡിപി) ഡിപ്പോസിറ്ററികളുടെ ഏജന്റുമാരാണ്. ഇവര്‍ക്ക് ഡിപ്പോസിറ്ററികള്‍ ലൈസന്‍സ് നല്‍കും. നിക്ഷേപകര്‍ ഡീമാറ്റ് അക്കൗണ്ട് തുറക്കാനായി ഡിപ്പോസിറ്ററി പാര്‍ട്ടിസിപ്പന്റ്‌സിനെയാണ് സമീപിക്കേണ്ടത്. നിക്ഷേപകന്റെ അക്കൗണ്ട് കൈകാര്യം ചെയ്യുന്നത് ഡി പി കള്‍ ആയിരിക്കും. ബ്രോക്കര്‍ സ്ഥാപനങ്ങളും, ധനകാര്യ സ്ഥാപനങ്ങളും ഡി പി കളായി പ്രവര്‍ത്തിക്കാറുണ്ട്.
എങ്ങനെ അക്കൗണ്ട് തുറക്കും
ഡീമാറ്റ് അക്കൗണ്ട് തുറക്കാന്‍ ആദ്യമായി ഡി പി യെ തെരഞ്ഞെടുക്കുക. എന്നിട്ട് ഡി പി നല്‍കുന്ന അപേക്ഷ ഫോമുകള്‍ പൂരിപ്പിച്ച് നല്‍കുക. അതിനോടൊപ്പം തിരിച്ചറിയല്‍ രേഖയായി ആധാര്‍ കാര്‍ഡ്, വോട്ടേഴ്‌സ് ഐഡന്റിറ്റി കാര്‍ഡ്, പാസ്‌പോര്‍ട്ട്, ഡ്രൈവിംഗ് ലൈസന്‍സ്, കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളും അവരുടെ അധീനതയിലുള്ള സ്ഥാപനങ്ങളും നല്‍കുന്ന ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡ്, പാന്‍ കാര്‍ഡ് എന്നിവയിലേതെങ്കിലും നല്‍കണം. അഡ്രസ്സ് തെളിയിക്കുന്ന രേഖയായി വോട്ടേഴ്‌സ് ഐഡിന്റിറ്റി കാര്‍ഡ്, റേഷന്‍ കാര്‍ഡ്, പാസ്‌പോര്‍ട്ട്, രജിസ്റ്റര്‍ ചെയ്തിട്ടുള്ള വാടക കരാറുകള്‍, ഡ്രൈവിംഗ് ലൈസന്‍സ്, ഇന്‍ഷുറന്‍സ് സര്‍ട്ടിഫിക്കറ്റ്, ബാങ്ക് പാസ്ബുക്ക്, വൈദ്യുതി ബില്‍, ഗ്യാസ് ബില്‍, ഗസറ്റഡ് ഓഫീസേഴ്‌സ്/ നോട്ടറി/ ബാങ്ക് മാനേജര്‍മാര്‍/ എംഎല്‍എ/എംപി എന്നിവര്‍ സാക്ഷ്യപ്പെടുത്തിയ അഡ്രസ്സ് തെളിയിക്കുന്ന രേഖകള്‍ എന്നിവയിലേതെങ്കിലും നല്‍കാം.
പാന്‍ കാര്‍ഡ് നിര്‍ബന്ധമായി നല്‍കണം. നിക്ഷേപകന്റെ ഫോട്ടോ, ക്യാന്‍സല്‍ ചെയ്ത ചെക്ക്, ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ എന്നിവയും നല്‍കണം. ഡിപി കെവൈസി വിവരങ്ങള്‍ പരിശോധിച്ചു കഴിഞ്ഞാല്‍ ഒരു യുണീക് ഡീമാറ്റ് അക്കൗണ്ട് നമ്പര്‍ ലഭിക്കും. അതിനുശേഷം ട്രേഡിംഗും നിക്ഷേപവും ആരംഭിക്കാം.