image

13 March 2024 11:27 AM

News

കുടിവെള്ളമില്ല; ബെംഗളൂരു വര്‍ക്ക് ഫ്രം ഹോമിലേക്ക്

MyFin Desk

കുടിവെള്ളമില്ല; ബെംഗളൂരു   വര്‍ക്ക് ഫ്രം ഹോമിലേക്ക്
X

Summary

  • ഐടി ഹബ്ബായ നഗരത്തില്‍ കുളിക്കുന്നതുപോലും ആഡംബരം
  • ആവശ്യത്തിന്റെ പകുതി ജലം പോലും വിതരണം ചെയ്യാനാകുന്നില്ല
  • കുടിവെള്ളത്തിന് തീവില


വരണ്ടുണങ്ങി ബെംഗളൂരു നഗരം. മഴയകന്നതോടെ ഉണ്ടായ ജലപ്രതിസന്ധി ഓരോ തുള്ളിക്കും വേണ്ടി പോരാടുന്നവരാക്കി നഗരനിവാസികളെ മാറ്റി. ജനം ജലത്തിനായി വാട്ടര്‍ ടാങ്കുകളെ മാത്രമാണ് ആഗ്രയിക്കുന്നത്. എന്നാല്‍ ടാങ്കറുകള്‍ ഉപയോഗിച്ചുള്ള ജലവിതരണം അവരുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നില്ല.

കഴിഞ്ഞ രണ്ടുമാസമായി ബെംഗളൂരുവില്‍ വെള്ളം ആവശ്യത്തിന് ലഭിക്കുന്നില്ല. ഇപ്പോള്‍ അതിന്റെ തീവ്രത ഏറിവന്നിരിക്കുകയാണ്. ജലക്ഷാമം കാരണം ജനങ്ങള്‍ കുളിക്കുന്നതുവരെ കുറച്ചിരിക്കുന്നു. വാഹനങ്ങള്‍ കഴുകുന്നതും പൂന്തോട്ടങ്ങള്‍ നനയ്ക്കുന്നതും കുറ്റകരമാക്കിയിട്ടുമുണ്ട്. പൂന്തോട്ട നഗരത്തില്‍ ചെടിനനയ്ക്കുന്നത് ഇപ്പോള്‍ കനത്തപിഴ ഈടാക്കുന്ന കുറ്റമാണ്.

നഗരത്തിലെ തടാകങ്ങള്‍ വറ്റിവരണ്ടു. അതിലെ മത്സ്യങ്ങള്‍ ചത്തുകിടക്കുന്ന ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വന്നു തുടങ്ങി. പിന്നീട് കുഴല്‍ക്കിണറുകളാണ് ഉള്ളത്. അവയില്‍ ഭൂരിഭാഗത്തിലും ഇന്ന് വെള്ളമില്ല. ഇതുകൂടാതെ കാവേരി നദിയിലെ വെള്ളവും നഗരത്തില്‍ ഉപയോഗിക്കുന്നു.

പ്രതിദിനം നാല് ടാങ്കറുകള്‍ ആവശ്യമുള്ള അപ്പാര്‍ട്ടുമെന്റുകളില്‍ ഒരു ടാങ്ക് വെള്ളം എത്തിയാലായി.ഇത് എപ്പോള്‍ പരിഹരിക്കപ്പെടുമെന്നും എപ്പോള്‍ സാധാരണ ജീവിതത്തിലേക്ക് മടങ്ങുമെന്നുമാണ് സാധാരണക്കാര്‍ പറയുന്നത്.

മാറിമാറിവരുന്ന സര്‍ക്കാരുകള്‍ നടപ്പാക്കിയ വികസനപദ്ധതികള്‍ ജനക്ഷേമകരമായിരുന്നോ എന്നും ചിലര്‍ചോദിക്കുന്നു. കാരണം റോഡുകളും അപ്പാര്‍ട്ടുമെന്റുകളും മാത്രമല്ല, ജനക്ഷേമത്തിന് വേണ്ടതെന്ന് അവര്‍ പറയുന്നു.ഭൂഗര്‍ഭ ജലം സംബന്ധിച്ചും സര്‍ക്കാര്‍ പ്രവര്‍ത്തിക്കണം. കുടിവെള്ളത്തിനായി ആളുകള്‍ കിലോമീറ്ററുകളോളം നീണ്ട ക്യൂവില്‍ കാത്തിരിക്കുകയാണെന്ന് ജനങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നു.

കാവേരി നദി, ഭൂഗര്‍ഭജലം എന്നീ രണ്ട് സ്രോതസ്സുകളില്‍ നിന്നാണ് ബെംഗളൂരുവിന് പ്രധാനമായും ജലവിതരണം ലഭിക്കുന്നത്. മിക്ക പാനീയേതര ഉപയോഗങ്ങള്‍ക്കും, മലിനജല ശുദ്ധീകരണ പ്ലാന്റുകള്‍ ഉപയോഗിച്ച് സംസ്‌കരിച്ച റീസൈക്കിള്‍ ചെയ്ത വെള്ളമാണ് ഉപയോഗിക്കുന്നത്. കുറച്ചുകാലമായി മഴ പെയ്യാത്തതിനാല്‍ പ്രാഥമിക സ്രോതസ്സുകള്‍ വറ്റി വരണ്ടു. ബെംഗളൂരുവിന് പ്രതിദിനം 2,600-2,800 ദശലക്ഷം ലിറ്റര്‍ വെള്ളം ആവശ്യമാണ്. നിലവിലെ വിതരണം ആവശ്യമുള്ളതിന്റെ പകുതിയാണ്. നഗരവാസികള്‍ ദിവസവും പ്രതിഷേധത്തിലുമാണ്.

ജലക്ഷാമം ആശുപത്രികളെയും ബാധിച്ചു. ഇപ്പോള്‍ നഗരത്തിലെ വരണ്ടുണങ്ങിയ പ്രദേശങ്ങളിലൊന്നായ വൈറ്റ്ഫീല്‍ഡിന് സമീപമുള്ള ബ്രൂക്ക്ഫീല്‍ഡ് ഹോസ്പിറ്റലിന് മൂന്ന് ദിവസത്തിനുള്ളില്‍ 24,000 ലിറ്റര്‍ വെള്ളം ടാങ്കറുകള്‍ ആവശ്യമാണ്. അതുമല്ല, ഡയാലിസിസ് യൂണിറ്റിന് മാത്രം പ്രതിദിനം 5000 ലിറ്റര്‍ ആവശ്യമാണ്.

ഐടി ഹബ്ബായ ബെംഗളൂരുവില്‍ കുടിയേറ്റ ടെക്കികളുടെ വലിയൊരു ഭാഗം ഉണ്ട്.ഇപ്പോള്‍, വെള്ളത്തിന്റെ ഉപയോഗം പരമാവധി കുറയ്ക്കാന്‍ അവര്‍ വര്‍ക്ക് ഫ്രം ഹോം ഓപ്ഷനുകള്‍ നോക്കുകയാണ്. ഇതോടെ ജലക്ഷാമം കാരണം മഹാനഗരത്തില്‍നിന്ന് കൂട്ടപലായനം അധികൃതര്‍ പ്രതീക്ഷിക്കുന്നു. വര്‍ക്ക് ഫ്രം ഹോം എടുക്കുന്നവര്‍ സ്വന്തം സംസ്ഥാനത്തേക്ക് മടങ്ങണമെന്ന് വിദഗ്ധരും സൂചിപ്പിക്കുന്നു.

ചിന്നസ്വാമി ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ഈ മാസം അവസാനത്തോടെ ഐപിഎല്‍ മത്സരങ്ങള്‍ നടത്താനാകുമോയെന്ന ചര്‍ച്ചയും ഈ സാഹചര്യത്തില്‍ ചൂടുപിടിച്ചു. 700-800 രൂപ ഉണ്ടായിരുന്ന വെള്ളത്തിന് ഇന്ന് രണ്ടായിരമാണ് വില എന്നതും സാധാരണക്കാരന് ഇരുട്ടടിയാണ്. ഈ വരള്‍ച്ച നഗരത്തിന്റെ സമ്പദ് വ്യവസ്ഥയെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. ടൂറിസ്റ്റുകള്‍ ബെംഗളൂരു ഒഴിവാക്കിത്തുടങ്ങി. വരണ്ട നഗരത്തില്‍ എപ്പോള്‍ വേണമെങ്കിലും ഹോട്ടലിലും കുടിവെള്ളം വരെ ഇല്ലാതാകാം.