image

7 Oct 2023 12:20 PM GMT

News

ചെറുധാന്യപൊടികള്‍ക്ക് ജിഎസ്ടി ഇല്ല.

MyFin Desk

ചെറുധാന്യപൊടികള്‍ക്ക് ജിഎസ്ടി ഇല്ല.
X

Summary

മദ്യത്തിന് പരോക്ഷ നികുതി ഒഴിവാക്കും


പാക്ക് ചെയ്യാതെ വില്‍ക്കുന്ന ചെറുധാന്യപൊടികള്‍ക്ക് ജിഎസ്ടി ഇല്ല. പാക്ക് ചെയ്ത 70 ശതമാനത്തോളം ചെറുധാന്യം അടങ്ങിയിട്ടുള്ള പൊടികളുടെ ജിഎസ്ടി 18 ശതമാനത്തില്‍ നിന്നും അഞ്ച് ശതമാനമായും കുറച്ചു. ജിഎസ്ടി കൗണ്‍സിലിന്റെ 52ാമത്തെ മീറ്റിംഗിലേതാണ് ഈ തീരുമാനങ്ങള്‍. കൂടാതെ, ശര്‍ക്കരപ്പാവിന്റെ (മൊളാസെസ്) ജിഎസ്ടി 28 ശതമാനത്തില്‍ നിന്നും അഞ്ച് ശതമാനമായി കുറച്ചു. ഇത് മില്ലുകള്‍ക്കായുള്ള പണ ലഭ്യത വര്‍ധിപ്പിക്കുകയും കരിമ്പ് കര്‍ഷകര്‍ക്ക് കുടിശ്ശിക വേഗത്തില്‍ തീര്‍പ്പാക്കാന്‍ സഹായിക്കുകയും ചെയ്യും. കാലിത്തീറ്റയുടെ നിര്‍മാണത്തിലും മൊളാസസ് പ്രധാനഘടകമാണ്. ജിഎസ്ടി കുറയുന്നതോടെ കാലിത്തീറ്റ വിലയും കുറയാനും ഇടയായേക്കുമെന്നും കൗണ്‍സില്‍ വ്യക്തമാക്കി.

മനുഷ്യ ഉപഭോഗത്തിനായി വാറ്റിയെടുക്കുന്ന മദ്യത്തിന് പരോക്ഷ നികുതി ഒഴിവാക്കും. വ്യാവസായിക ഉപയോഗത്തിനുള്ള എക്‌സ്ട്രാ ന്യൂട്രല്‍ ആല്‍ക്കഹോളിന് (ഇഎന്‍എ) ചരക്ക് സേവന നികുതി (ജിഎസ്ടി) ചുമത്തുന്നത് തുടരുമെന്നും കൗണ്‍സില്‍ വ്യക്തമാക്കി.

ഇന്ത്യന്‍ റെയില്‍വേയുടെ എല്ലാ ചരക്കുകളുടെയും സേവനങ്ങളുടെയും വിതരണത്തിന് ഇന്‍പുട്ട് ടാക്‌സ് ക്രെഡിറ്റ് ലഭ്യമാക്കുന്നതിന് ഫോര്‍വേഡ് ചാര്‍ജ് സംവിധാനത്തിന് കീഴില്‍ നികുതി ചുമത്തും. ഇത് ഇന്ത്യന്‍ റെയില്‍വേയുടെ ചെലവ് കുറയ്ക്കുമെന്ന് കൗണ്‍സില്‍ അഭിപ്രായപ്പെടുന്നു.

മെറ്റലൈസ്ഡ് പോളിസ്റ്റര്‍ ഫിലിം / പ്ലാസ്റ്റിക് ഫിലിം ഉപയോഗിച്ച് നിര്‍മ്മിച്ച ഇമിറ്റേഷന്‍ സാരി ത്രെഡ് അല്ലെങ്കില്‍ നൂലിന്റെ ജിഎസ്ടി അഞ്ച് ശതമാനമായി കുറച്ചു. ജലവിതരണം, പൊതുജനാരോഗ്യം, ശുചിത്വ പരിപാലനം, ഖരമാലിന്യ സംസ്‌കരണം, ചേരി നവീകരണം, സര്‍ക്കാര്‍ അധികാരികള്‍ക്ക് നല്‍കുന്ന നവീകരണ സേവനങ്ങളെ ജിഎസ്ടി കൗണ്‍സില്‍ ഒഴിവാക്കിയിട്ടുണ്ട്. ബാര്‍ലിയെ മാള്‍ട്ടായി സംസ്‌കരിക്കുന്നതിനുള്ള തൊഴില്‍ സേവനങ്ങളുടെ ജിഎസ്ടി 18 ശതമാനത്തില്‍ നിന്ന് 5 ശതമാനമായി കുറച്ചിട്ടുണ്ട്. ഒരു ഹോള്‍ഡിംഗ് കമ്പനി നല്‍കുന്ന കോര്‍പ്പറേറ്റ് ഗ്യാരണ്ടിക്ക് മാതൃ കമ്പനി ഉറപ്പുനല്‍കുന്ന മുഴുവന്‍ തുകയ്ക്കും 18% നിരക്കില്‍ ജിഎസ്ടി ബാധകമാകും.

ജിഎസ്ടി അപ്പലേറ്റ് ട്രൈബ്യൂണല്‍ പ്രസിഡന്റിന്റെ പ്രായപരിധി 67 ല്‍ നിന്ന് 70 വയസ്സായി ഉയര്‍ത്തി, അംഗങ്ങള്‍ക്ക് മുമ്പത്തെപ്പോലെ 65 വയസ്സിന് പകരം 67 വയസ്സ് തികയുന്നതുവരെ സേവനമനുഷ്ഠിക്കാം. പ്രസിഡന്റിന്റെയും അംഗങ്ങളുടെയും കുറഞ്ഞ പ്രായപരിധി 50 വയസ്സാണ്.

2023 മാര്‍ച്ച് 31 നോ അതിനുമുമ്പോ പാസാക്കിയ ഡിമാന്‍ഡ് ഉത്തരവിനെതിരെ അപ്പീലില്‍ പൊതുമാപ്പ് നല്‍കാനുള്ള ശുപാര്‍ശയും കൗണ്‍സില്‍ നല്‍കിയിട്ടുണ്ട്. പ്രസ്തുത സമയപരിധിക്കുള്ളില്‍ അപ്പീല്‍ ഫയല്‍ ചെയ്തിട്ടില്ല എന്ന കാരണത്താല്‍ അപ്പീല്‍ നിരസിക്കപ്പെട്ടിട്ടുണ്ടെങ്കില്‍ ചില നിബന്ധനകള്‍ക്ക് വിധേയമായി 2024 ജനുവരി 31 വരെ നികുതിദായകര്‍ അപ്പീല്‍ സമര്‍പ്പിക്കാം.