21 Feb 2025 6:53 AM GMT
Summary
- സംസ്ഥാനത്തെ 13 ജില്ലകളില്‍ 11 ലും പുറത്തുനിന്നുള്ളവര്‍ക്ക് ഇനി കൃഷിഭൂമി വാങ്ങാനാകില്ല
- ഇതിനോടനുബന്ധിച്ചുള്ള പുതിയ ഭൂനിയമം സംസ്ഥാന മന്ത്രിസഭ അംഗീകരിച്ചു
ഉത്തരാഖണ്ഡിലെ 13 ജില്ലകളില്‍ 11 ലും സംസ്ഥാനത്തിന് പുറത്തുനിന്നുള്ളവര്‍ കൃഷി ഭൂമി വാങ്ങുന്നതിന് സര്‍ക്കാര്‍വിലക്കേര്‍പ്പെടുത്തി. ഇത് ഉള്‍ക്കൊള്ളുന്ന പുതിയ ഭൂനിയമം സംസ്ഥാന മന്ത്രിസഭ അംഗീകരിച്ചു. 'സംസ്ഥാനത്തിന്റെ യഥാര്‍ത്ഥ ഐഡന്റിറ്റി സംരക്ഷിക്കുന്നതിനും' കര്‍ശനമായ ഭൂമി നിയന്ത്രണങ്ങള്‍ വേണമെന്ന പൊതുജനങ്ങളുടെ ദീര്‍ഘകാല ആവശ്യത്തിന് മറുപടി നല്‍കുന്നതിനുമാണ് ഈ നീക്കമെന്ന് സര്‍ക്കാര്‍ പറഞ്ഞു.
കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ നിയമം അവതരിപ്പിക്കാനുള്ള ഉദ്ദേശ്യം ആദ്യം സൂചിപ്പിച്ച ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ സിംഗ് ധാമി, ഉത്തരാഖണ്ഡിന് ഇതൊരു 'ചരിത്രപരമായ ചുവടുവയ്പ്പ്' ആണെന്ന് വിശേഷിപ്പിച്ചു.
'സംസ്ഥാനത്തെ ജനങ്ങളുടെ ദീര്‍ഘകാല ആവശ്യത്തെയും അവരുടെ വികാരങ്ങളെയും പൂര്‍ണമായി മാനിച്ചുകൊണ്ട്, മന്ത്രിസഭ ഒരു ഭൂനിയമത്തിന് അംഗീകാരം നല്‍കി,' ധാമി എക്സില്‍ പോസ്റ്റ് ചെയ്തു.
പുതിയ നിയമപ്രകാരം, ഹരിദ്വാര്‍, ഉധം സിംഗ് നഗര്‍ എന്നിവിടങ്ങള്‍ ഒഴികെയുള്ള ജില്ലകളില്‍നിന്ന് കാര്‍ഷികഭൂമി വാങ്ങാന്‍ ഇനി അനുവാദമുണ്ടാകില്ല. മുനിസിപ്പല്‍ പരിധിക്ക് പുറത്ത് അനുമതിയില്ലാതെ 250 ചതുരശ്ര മീറ്റര്‍ വരെ ഭൂമി വാങ്ങാന്‍ പുറത്തുനിന്നുള്ളവര്‍ക്ക് അനുമതി നല്‍കുന്ന നിലവിലെ നിയമങ്ങളില്‍ നിന്നുള്ള ഒരു പ്രധാന മാറ്റമാണിത്. ഇത്തരം ഭൂമി ഇടപാടുകള്‍ അംഗീകരിക്കാനുള്ള അധികാരം ജില്ലാ മജിസ്‌ട്രേറ്റുകള്‍ക്കും നഷ്ടപ്പെടും.
കര്‍ശനമായ ഭൂനിയമങ്ങള്‍ക്കായുള്ള ആവശ്യം വര്‍ഷങ്ങളായി വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. പുറത്തുനിന്നുള്ളവര്‍ക്ക് അനിയന്ത്രിതമായി ഭൂമി വില്‍പ്പന നടത്തുന്നത് ഉത്തരാഖണ്ഡിലെ പരിമിതമായ കാര്‍ഷിക ഭൂമി കുറയ്ക്കുന്നു.
ബില്‍ പാസായാല്‍ മുനിസിപ്പല്‍ പ്രദേശത്തിന് പുറത്ത് ഭൂമി വാങ്ങുന്നത് സംബന്ധിച്ച 2017ലെ ത്രിവേന്ദ്ര സിംഗ് റാവത്ത് സര്‍ക്കാരിന്റെ എല്ലാ വ്യവസ്ഥകളും റദ്ദാക്കും. ഭൂമി വാങ്ങുന്നതിനുള്ള പരിധി നീക്കം ചെയ്യാന്‍ റാവത്ത് തീരുമാനിച്ചതിനുശേഷം സംസ്ഥാനത്ത് കൃഷിഭൂമി പുറത്തുനിന്നുള്ളവര്‍ വാങ്ങിക്കൂട്ടിയിരുന്നു. ഇതിനെതിരെ പൊതുജന സമ്മര്‍ദ്ദം പിന്നീട് ശക്തമായി. നിക്ഷേപം ആകര്‍ഷിക്കാന്‍ ഉദ്ദേശിച്ചുള്ളതായിരുന്നു ഈ നീക്കം.
റാവത്തിന്റെ കാലത്ത് കൊണ്ടുവന്ന ഭേദഗതികളെയാണ് പുതിയ നീക്കം തിരുത്തുന്നത്. മുമ്പ്, 2003-ല്‍ എന്‍.ഡി. തിവാരിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാര്‍, പുറത്തുനിന്നുള്ളവര്‍ ഭൂമി വാങ്ങുന്നതിന് 500 ചതുരശ്ര മീറ്റര്‍ പരിധി ഏര്‍പ്പെടുത്തിയിരുന്നു. പിന്നീട് 2008-ല്‍ ബിജെപിയുടെ ബി.സി. ഖണ്ഡൂരിയുടെ കീഴില്‍ ഇത് 250 ചതുരശ്ര മീറ്ററായി കുറച്ചു.
ബദരീനാഥ്-കേദാര്‍നാഥ് ക്ഷേത്ര കമ്മിറ്റിയുടെ സ്ഥാനമൊഴിയുന്ന ചെയര്‍മാനും ഭൂനിയമങ്ങള്‍ അവലോകനം ചെയ്ത സര്‍ക്കാര്‍ നിയോഗിച്ച കമ്മിറ്റി അംഗവുമായ അജേന്ദ്ര അജയ് മന്ത്രിസഭയുടെ അംഗീകാരത്തെ സ്വാഗതം ചെയ്തു. ''ഭൂനിയമ ഭേദഗതി ബില്‍ അംഗീകരിച്ചതിലൂടെ മന്ത്രിസഭ പൊതുജനവികാരത്തെ മാനിച്ചു,'' അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയായതിനുശേഷം, ധാമി ഈ വിഷയം പഠിക്കാനും പൊതുജനാഭിപ്രായങ്ങളുടെ അടിസ്ഥാനത്തില്‍ ശുപാര്‍ശകള്‍ തയ്യാറാക്കാനും ഒരു ഉന്നതതല സമിതി രൂപീകരിച്ചതായി അജയ് ചൂണ്ടിക്കാട്ടി. നിയമസഭയുടെ ഇപ്പോള്‍ നടക്കുന്ന ബജറ്റ് സമ്മേളനത്തില്‍ പുതിയ കരട് നിയമം അവതരിപ്പിക്കും.