image

26 Nov 2023 5:15 PM IST

News

ദേശീയ ഡിജിറ്റല്‍ ട്രാന്‍സ്‍ഫര്‍മേഷന്‍ പുരസ്‍കാരം കേരളത്തിന്‍റെ ആരോഗ്യ വകുപ്പിന്

MyFin Desk

national digital transformation award for health department of kerala
X

Summary

  • ആശാധാര പദ്ധതിയുടെ ഡിജിറ്റൽ പ്ലാറ്റ്‌ഫോമാണ് അവാർഡിന് അര്‍ഹമായത്
  • പ്രഖ്യാപനം ഗാവ്കണക്റ്റും ഐ-ലൂജ് മീഡിയയും ഐടി മന്ത്രാലയവും ചേര്‍ന്നു സംഘടിപ്പിച്ച കോണ്‍ക്ലേവില്‍


പന്ത്രണ്ടാമത് ഡിജിറ്റൽ ട്രാൻസ്‌ഫോർമേഷൻ കോൺക്ലേവില്‍, ആരോഗ്യ മേഖലയിലെ നൂതന സങ്കേതങ്ങൾക്കുള്ള ഡിജിറ്റൽ ട്രാൻസ്‌ഫോർമേഷൻ അവാർഡ് സ്വന്തമാക്കി കേരളത്തിന്‍റെ ആരോഗ്യ വകുപ്പ്, ഹീമോഫീലിയ, തലസീമിയ, സിക്കിൾസെൽ അനീമിയ എന്നിവയുടെ ചികിത്സക്കായി സംസ്ഥാന ആരോഗ്യ വകുപ്പ് ആവിഷ്‌ക്കരിച്ചിട്ടുള്ള ആശാധാര പദ്ധതിയുടെ ഡിജിറ്റൽ പ്ലാറ്റ്‌ഫോമാണ് അവാർഡിന് അര്‍ഹമായത്.

ഡിജിറ്റൽ സാങ്കേതിക വിദ്യയുടെ സഹായത്തോടെ ആരോഗ്യ മേഖലയിൽ സംസ്ഥാന സര്‍ക്കാര്‍ നടത്തിവരുന്ന വലിയ മുന്നേറ്റങ്ങള്‍ക്കുള്ള അംഗീകാരമാണ് ഇതെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ് പറഞ്ഞു. 599 ആരോഗ്യ സ്ഥാപനങ്ങളിൽ ഇ ഹെൽത്ത് നടപ്പിലാക്കുന്നതിനും ആരോഗ്യ കേന്ദ്രങ്ങളില്‍ ഓൺലൈൻ ഒപി ടിക്കറ്റും പേപ്പർ രഹിത ആശുപത്രി സേവനങ്ങളും യാഥാർത്ഥ്യമാക്കുന്നതിനും സാധിച്ചു. ജീവിതശൈലീ രോഗനിർണയത്തിന് ഇ ഹെൽത്ത് ശൈലീ ആപ്പ് സജ്ജമാക്കി.

കാൻസർ രോഗനിർണയത്തിനും കാൻസർ ചികിത്സ ഏകോപിപ്പിക്കുന്നതിനും കാൻസർ ഗ്രിഡ്, കാൻസർ കെയർ സ്യൂട്ട് എന്നിവ നടപ്പിലാക്കി. വിപുലമായ ഇ സഞ്ജീവനി സേവനമൊരുക്കി. ലാബ് റിസൾട്ട് എസ്.എം.എസ്. ആയി ലഭിക്കുന്ന സംവിധാനവും നടപ്പാക്കി വരികയാണ്. ഹൃദ്യം പദ്ധതിയുടെ സേവനവും ഓൺലൈനിലാണ്.

ഗാവ്കണക്റ്റും ഐ-ലൂജ് മീഡിയയും ഐടി മന്ത്രാലയവും ചേര്‍ന്നു സംഘടിപ്പിച്ച കോണ്‍ക്ലേവ് ലഡാക്കിൽ വച്ചാണ് അവാര്‍ഡ് പ്രഖ്യാപനം നടന്നത്. ആശാധാര പദ്ധതിയുടെ സേവനങ്ങൾ വേഗത്തിൽ ലഭ്യമാക്കുന്നതിനും ഏകോപനത്തിനുമായി ആരോഗ്യ വകുപ്പിന് വേണ്ടി സി ഡിറ്റ് ആണ് ആശാധാര പോർട്ടൽ വികസിപ്പിച്ചെടുത്തത്. നിലവിലെ കണക്കനുസരിച്ച് രണ്ടായിരം പേർ നിലവിൽ ആശാധാര വഴി രജിസ്റ്റർ ചെയ്ത് ചികിത്സ തേടുന്നുണ്ട്.

ഇവരുടെ ചികിത്സ സംബന്ധിച്ച വിവരങ്ങൾ ആശുപത്രികൾക്ക് രേഖപ്പെടുത്തി സൂക്ഷിക്കുന്നതിനും ഇത് ജില്ലാ, സംസ്ഥാന തലങ്ങളിൽ പരിശോധിച്ച് മരുന്നുകൾ സംഭരിക്കുന്നതിനും, ഭരണപരമായ തീരുമാനങ്ങൾക്കും അശാധാര പോർട്ടൽ സഹായിക്കുന്നു.