image

22 Nov 2023 9:54 AM

News

റോബിന്‍ ബസിനെതിരേ സ്വകാര്യ ബസുടമകള്‍

MyFin Desk

private bus owners against robin bus
X

Summary

  • നിയമങ്ങളിലെ അവ്യക്തതകള്‍ പരിഹരിക്കണമെന്ന് ആവശ്യം
  • ടൂറിസ്റ്റ് വാഹനങ്ങളെ സ്‍‍റ്റേജ് ക്യാരേജായി പ്രവര്‍ത്തിക്കാന്‍ അനുവദിക്കരുത്


ഓള്‍ ഇന്ത്യാ ടൂറിസ്റ്റ് പെര്‍മിറ്റ് നേടിയ ബസുകള്‍ സ്‍റ്റേജ് ക്യാരേജുകള്‍ എന്ന നിലയില്‍ പ്രവര്‍ത്തിക്കുന്നതിന് എതിരേ സര്‍ക്കാര്‍ നടപടി എടുക്കണമെന്ന് സ്വകാര്യ ബസ് ഉടമകളുടെ സംഘടന. കോണ്‍ട്രാക്റ്റ് ക്യാരേജ് എന്ന നിലയില്‍ സര്‍വീസ് നടത്തുന്നതിന് അനുമതി ലഭിച്ച ബസുകള്‍ നിയമത്തിലെ സാങ്കേതികമായ അവ്യക്തതകള്‍ മുതലെടുത്ത് സ്‍റ്റേജ് ക്യാരേജ് എന്ന നിലയില്‍ പ്രവര്‍ത്തിക്കുന്നത് സ്വകാര്യ ബസ് വ്യവസായത്തെ ദോഷകരമായി ബാധിക്കുമെന്നും വിഷയത്തില്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്നുമാണ് ബസ് ഓപ്പറേറ്റ്സ് ഓർഗനൈസേഷൻ ആവശ്യപ്പെടുന്നത്.

റോബിന്‍ ബസിനെതിരേ സംസ്ഥാന മോട്ടോര്‍ വാഹന വകുപ്പ് എടുത്ത നടപടികള്‍ ഏറെ വാര്‍ത്താപ്രാധാന്യം നേടിയ സാഹചര്യത്തിലാണ് സ്വകാര്യ ബസുടമകള്‍ ഈ ആവശ്യം ഉന്നയിച്ചിരിക്കുന്നത്. സ്‍റ്റേജ് ക്യാരേജ് എന്ന നിലയില്‍ പെര്‍മിറ്റ് നേടി സര്‍വീസ് നടത്തുന്ന വാഹനങ്ങള്‍ക്കായി നിര്‍മിച്ചിട്ടുള്ള ബസ്‍ സ്‍റ്റാന്‍റുകളില്‍ കയറി ആളെ കയറ്റുന്നുവെന്നും സര്‍വീസ് നടത്തുന്ന സ്ഥലത്തിന്‍റെ ബോര്‍ഡ് വെച്ച് ബുക്കിംഗ് ഇല്ലാതെ തന്നെ വിവിധ സ്‍റ്റോപ്പുകളില്‍ നിന്ന് യാത്രക്കാരെ കയറ്റുന്നുവെന്നും കാണിച്ചായിരുന്നു എംവിഡിയുടെ നടപടി.

പത്തനംതിട്ടയില്‍ നിന്നും കോയമ്പത്തൂരിലേക്ക് സര്‍വീസ് നടത്തിയ റോബിന്‍ ബസില്‍ എംവിഡി നാലിടങ്ങളില്‍ പരിശോധന നടത്തിയതും പിഴ ചുമത്തിയതും സോഷ്യല്‍ മീഡിയയിലും പുറത്തും വലിയ എതിര്‍പ്പുകള്‍ക്കും രാഷ്ട്രീയ വിവാദങ്ങള്‍ക്കും ഇടയായിരുന്നു. നേരത്തേ വാഹനത്തിന്‍റെ ഫിറ്റ്നസുമായി ബന്ധപ്പെട്ടും മറ്റ് പരിശോധനകളുമായി ബന്ധപ്പെട്ടും ഉണ്ടായ തര്‍ക്കങ്ങള്‍ക്ക് എംവിഡി പ്രതികാര നടപടിയെടുക്കുന്നു എന്ന വാദം പ്രചരിച്ചതോടെ റോബിന്‍ ബസിന് പിന്തുണയുമായി സ്വകാര്യ ബസ് ജീവനക്കാര്‍ ഉള്‍പ്പടെയുള്ളവര്‍ രംഗത്തെത്തി.

കേരളത്തിന് പുറമേ തമിഴ്നാട്ടിലും റോബിന്‍ ബസിന് പിഴ ചുമത്തുകയും ബസ് പിടിച്ചെടുക്കുകയും ചെയ്തതോടെ ഇതുമായി ബന്ധപ്പെട്ട നിയമങ്ങളിലെ അവ്യക്തത വ്യാപകമായി ചര്‍ച്ച ചെയ്യപ്പെടുകയാണ്. മൊത്തം 80,000 രൂപയ്ക്ക് മുകളില്‍ പിഴയടച്ചതിന്‍റെ അടിസ്ഥാനത്തിലാണ് തമിഴ്നാട് മോട്ടോര്‍ വാഹന വകുപ്പ് വാഹനം വിട്ടുനല്‍കിയത്.

ടൂറിസ്റ്റ് വാഹന പെര്‍മിറ്റുമായി ബന്ധപ്പെട്ട നിയമത്തിലെ അവ്യക്തത പരിഹരിച്ചില്ലെങ്കിൽ സ്വകാര്യ ബസ് വ്യവസായം പ്രതിസന്ധിയിലാകുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷന്‍ ജനറൽ സെക്രട്ടറി ടി. ഗോപിനാഥൻ പറഞ്ഞു. റോബിന്‍ ബസ് ഉള്‍പ്പടെയുള്ള വാഹനങ്ങള്‍ നിയമപരമായല്ലാ സര്‍വീസ് നടത്തുന്നതെങ്കില്‍ വീണ്ടും കേസെടുക്കും എന്ന് മന്ത്രി പി. രാജീവ് അറിയിച്ചു. അതിനിടെ തമിഴ്നാട്ടില്‍ നിന്നും തിരിച്ചെത്തിയ റോബിന്‍ ബസ് ഇന്ന് വീണ്ടും പത്തനംതിട്ടയില്‍ നിന്നും സര്‍വീസ് ആരംഭിച്ചിട്ടുണ്ട്.