9 Oct 2023 10:55 AM IST
Summary
അവസരം കിട്ടിയാല്‍ കേരളത്തിലേക്കു തിരിച്ചുവന്ന് ജോലി ചെയ്യുമെന്നാണ് ഡോ. വിസാസൊ പറയുന്നത്
''കേരളം ഇഷ്ടമാണെന്നു മാത്രമല്ല, കേരളം സ്നേഹമാണെന്നും ഞാന്‍ പറയും''. കേരളത്തിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളില്‍ നിന്നു മെഡിക്കല്‍ പഠനം പൂര്‍ത്തിയാക്കി പത്തുവര്‍ഷത്തിനുശേഷം ഈ മാസം ഒടുവില്‍ നാട്ടിലേക്കു മടങ്ങുന്ന നാഗാലാന്‍ഡ് സ്വദേശി ഡോ. വിസാസൊ കിക്കി കേരളത്തെക്കുറിച്ച് മലയാളത്തില്‍ പറയുന്നത് ഇതാണ്.
ഗുവാഹത്തിയില്‍ വച്ചുണ്ടായ ട്രെയിന്‍ അപകടത്തേത്തുടര്‍ന്നു കാല്‍പ്പാദം മുറിച്ചുകളയേണ്ടിവന്ന എട്ടാം ക്ലാസുകാരനില്‍ നിന്ന് കോഴിക്കോട് സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍നിന്ന് എം.ബി.ബി.എസും തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ നിന്ന് എം.എസും പൂര്‍ത്തിയാക്കിയ ഡോ. വിസാസൊയുടെ യാത്രയ്ക്ക് മലയാളിസ്പര്‍ശത്തിന്റെ നൂറുകഥകള്‍ പറയാനുണ്ട്.
2013ല്‍ അഖിലേന്ത്യ മെഡിക്കല്‍ പ്രവേശനപരീക്ഷയില്‍ യോഗ്യത നേടിയ വിസാസൊ കേരളത്തിലേക്ക് വരാന്‍ കാരണം കൊഹിമയിലെ അധ്യാപകരായ മലയാളി അയല്‍ക്കാരാണ്. അവരുടെ നിര്‍ദേശത്തെ തുടര്‍ന്നാണു കോഴിക്കോട് മെഡിക്കല്‍ കോളജില്‍ എത്തിയത്. മലയാളവുമായി വിദൂരബന്ധം ഇല്ലാതിരുന്നിട്ടും കേരളത്തിലെത്തി രണ്ടുവര്‍ഷം കൊണ്ട് മലയാളം പഠിച്ചെടുത്ത വിസാസൊ ആശുപത്രിയിലെത്തുന്ന രോഗികളോടു സംസാരിക്കുന്നതും മലയാളത്തിലാണ്. കോഴിക്കോട് ആദ്യമായി നിപ ബാധയുണ്ടായപ്പോള്‍ നിപ പോരാളികളിലൊരാളായി സേവനരംഗത്തുണ്ടായിരുന്നു വിസാസൊ.
കൗമാരത്തുടക്കത്തിലെ ഒരു ട്രെയിന്‍യാത്രയ്ക്കിടെ സ്റ്റേഷനില്‍ ഇറങ്ങിയ വിസാസൊ ട്രെയിന്‍ വിട്ടു പോകുന്നതു കണ്ടു ചാടിക്കയറിയപ്പോഴുണ്ടായ അപകടത്തിലാണു കാല്‍പാദം നഷ്ടമായത്. പിന്നീട് കോഴിക്കോട് മെഡിക്കല്‍ പഠനത്തിനു വന്നപ്പോഴാണ് മുട്ടിനുതാഴെവച്ചു വീണ്ടും ശസ്ത്രക്രിയിലൂടെ മുറിച്ചുനീക്കി കൃത്രിമ ജയ്പുര്‍ കാല്‍ വച്ചുപിടിപ്പിച്ചത്. തുടര്‍ന്ന് സ്വന്തം കോളജില്‍വച്ചു തന്നെ കുറച്ചുകൂടി ആയാസരഹിതമായ മറ്റൊരു പൊയ്ക്കാല്‍ ഘടിപ്പിച്ചു.
നന്നേ ചെറുപ്പത്തിലേ ഒറ്റക്കാലില്‍ ജീവിതത്തെ വെല്ലുവിളിയോടെ നോക്കിക്കണ്ട വിസാസൊ നാട്ടില്‍നിന്ന് ആയിരക്കണക്കിനു കിലോമീറ്ററുകള്‍ അകലെ മാറ്റിനട്ട ജീവിതത്തില്‍ മറ്റൊരു വെല്ലുവിളി കൂടി അതുമുതല്‍ ഏറ്റെടുത്തു; ഓട്ടം. 2015ലെ കൊച്ചി മാരത്തണില്‍ പങ്കെടുത്ത വിസാസൊ അതിനുശേഷം എല്ലാ മാരത്തണുകളിലും പങ്കെടുക്കുന്നുണ്ട്. ആരേയും ആശ്രയിക്കാതെ സ്വതന്ത്രനായി ജീവിക്കാനായി ഉപരിപഠനം നാട്ടില്‍ നിന്ന് ഏറെ ദൂരെയാക്കിയ വിസാസൊയെ സംബന്ധിച്ച് ആ ഓട്ടം സ്വയം സ്വാതന്ത്ര്യം പ്രഖ്യാപിക്കലിന്റേയും കൂടെയാണ്.
ഒന്നു മുതല്‍ പത്തുവരെ സൈനിക് സ്‌കൂളിലായിരുന്നു പഠനം. ഉപരിപഠനം നീണ്ട കാലയളവ് കേരളത്തിലും; ചുരുക്കത്തില്‍ എന്നും വീട്ടില്‍ നിന്ന് ദൂരെ. ഇത്രനാളും വീടുവിട്ടു നിന്നുവെങ്കിലും അവസരം കിട്ടിയാല്‍ കേരളത്തിലേക്കു തിരിച്ചുവന്ന് ജോലി ചെയ്യുമെന്നാണ് ഡോ. വിസാസൊ പറയുന്നത്. കേരളത്തിലെ ആരോഗ്യരംഗത്തെക്കുറിച്ച് അത്രയേറെ മതിപ്പോടെയാണ് ഡോ. വിസാസൊ സംസാരിക്കുന്നത്.
ഇവിടുത്തെ പ്രാഥമികാരോഗ്യകേന്ദ്രങ്ങളുടെയും, സാമൂഹികാരോഗ്യകേന്ദ്രങ്ങളുടെയും ശൃംഖല അടക്കമുള്ളവയും റഫറല്‍ സംവിധാനവും ആരോഗ്യ ഇന്‍ഷുറന്‍സ് കവറേജും എല്ലാം മാതൃകയാക്കണമെന്ന് ഡോ. വിസാസൊ കിക്കി പറയുന്നു.
കേരളത്തിലെ ആരോഗ്യവിദ്യാഭ്യാസ രംഗത്തെ മികവിനെക്കുറിച്ചും കേരളം നല്‍കിയ പിന്തുണയെക്കുറിച്ചും ഡോ. വിസാസോ തന്റെ അനുഭവങ്ങള്‍ പങ്കുവയ്ക്കുന്ന വീഡിയോ നാഗാലാന്‍ഡ് മന്ത്രി ജേക്കബ് ഷിമോമി പങ്കുവച്ചത് ഇതിനോടകം ലക്ഷക്കണക്കിനു പേരാണ് കണ്ടത്. വിസാസോയുടെ 'കേരള ലവ് സ്റ്റോറി' പറയുന്ന ' കേരള കോണ്രിക്കിള്‍സ് ഓഫ് എ നാഗലാന്‍ഡ് ഡോക്ടര്‍' എന്ന ഹ്രസ്വവീഡിയോ തലസ്ഥാനത്തു നടക്കുന്ന കേരളീയം മഹോത്സവത്തിന്റെ ഭാഗമായി ഐ ആന്‍ഡ് പി.ആര്‍.ഡിയാണ് തയാറാക്കിയത്.
നാഗാലാന്‍ഡ് മന്ത്രിക്കു പിന്നാലെ സംസ്ഥാന തദ്ദേശ സ്വയം ഭരണവകുപ്പ് മന്ത്രി എം.ബി. രാജേഷും പങ്കുവച്ചതോടെ വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ വൈറലാകുകയായിരുന്നു.