3 Aug 2023 12:28 PM GMT
Summary
- നിലവില്‍ ഇ-കൊമേഴ്സ് മേഖല നിയന്ത്രിക്കുന്നത് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ആക്ട്, ഉപഭോക്തൃ സംരക്ഷണ നിയമം, ഇ-കൊമേഴ്സ് സംബന്ധിച്ച എഫ്ഡിഐ നയം, കോംപറ്റീഷന്‍ ആക്റ്റ് എന്നിവയാണ്
- ഇന്ത്യയിലെ ഇ-കൊമേഴ്സ് വ്യാപാരം നിരീക്ഷിക്കുന്നതിനും നിയന്ത്രിക്കുന്നതിനുമായി ഒരു റെഗുലേറ്ററി അതോറിറ്റി രൂപീകരിക്കണമെന്നാണ് വിദഗ്ധാഭിപ്രായം
:ഇ-കൊമേഴ്‌സുമായി ബന്ധപ്പെട്ട പുതിയ നിയമങ്ങളും, നയങ്ങളും കേന്ദ്ര വാണിജ്യ-വ്യവസായ മന്ത്രാലയം രണ്ടാഴ്ച്ചയ്ക്കുള്ളിലോ, പാര്‍ലമെന്റ് സമ്മേളനത്തിന് ശേഷമോ പുറത്തിറക്കിയേക്കുമെന്ന് കോണ്‍ഫെഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യ ട്രേഡേഴ്‌സ് (സിഎഐടി) പ്രതിനിധികള്‍. കേന്ദ്ര വാണിജ്യ-വ്യവസായ വകുപ്പ് മന്ത്രി പീയുഷ് ഗോയലുമായി നടത്തിയ കൂടിക്കാഴ്ച്ചയ്ക്കു ശേഷമാണ് സിഎഐടി പ്രതിനിധികള്‍ ഈ അഭിപ്രായം വ്യക്തമാക്കിയത്. പുതിയ ഇ-കൊമേഴ്‌സ് നയത്തില്‍ വാങ്ങുന്നവരെയും വില്‍ക്കുന്നവരെയും ഒറ്റ പ്ലാറ്റ് ഫോമിലൂടെ ഇടപാട് നടത്താന്‍ സഹായിക്കുന്ന ഓപ്പണ്‍ നെറ്റ്വര്‍ക്ക് ഫോര്‍ ഡിജിറ്റല്‍ കൊമേഴ്സിനായി (ഒഎന്‍ഡിസി) വ്യവസ്ഥകള്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷ.ഇ-കൊമേഴ്‌സ് ഇടപാടുകള്‍ വര്‍ധിക്കുന്നതിനനുസരിച്ച് ഇ-കൊമേഴ്സ് കമ്പനികള്‍ക്കെതിരായ പരാതികളുടെ എണ്ണത്തിലും വര്‍ദ്ധനവുണ്ടായിട്ടുണ്ട്. അതിനാല്‍ വേഗത്തില്‍ നിയമം നടപ്പിലാക്കണമെന്നുള്ള ആവശ്യവും ശക്തമാണ്.
നിലവില്‍ ഇ-കൊമേഴ്സ് മേഖല നിയന്ത്രിക്കുന്നത് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ആക്ട്, ഉപഭോക്തൃ സംരക്ഷണ നിയമം, ഇ-കൊമേഴ്സ് സംബന്ധിച്ച എഫ്ഡിഐ നയം, കോംപറ്റീഷന്‍ ആക്റ്റ് എന്നിവയാണ്. ഉപഭോക്താക്കളുടെ പരാതി പരിഹാര സംവിധാനം ശക്തിപ്പെടുത്തണം, ഡിജിറ്റല്‍ സാങ്കേതിക വിദ്യ സ്വീകരിക്കാന്‍ എംഎസ്എംഇകളെ പ്രോത്സാഹിപ്പിക്കണം, അതുവഴി കയറ്റുമിത വര്‍ധിപ്പിക്കണം എന്നീ ആവശ്യങ്ങളെല്ലാം ഉള്‍പ്പെടുത്തിയാകും പുതിയ ഇ-കൊമേഴ്‌സ് നിയമം വരികയെന്നാണ് ഈ മേഖലയിലുള്ള വിദഗ്ധരുടെ പ്രതീക്ഷ.
ഇന്ത്യയിലെ ഇ-കൊമേഴ്സ് വ്യാപാരം നിരീക്ഷിക്കുന്നതിനും നിയന്ത്രിക്കുന്നതിനുമായി ഒരു റെഗുലേറ്ററി അതോറിറ്റി രൂപീകരിക്കേണ്ടത് ആവശ്യമാണെന്നും, ഉപഭോക്താക്കളുടെ താല്‍പര്യത്തിനാണ് പ്രഥമ പരിഗണന നല്‍കേണ്ടതെന്നും സിഎഐടി സെക്രട്ടറി ജനറല്‍ പ്രവീണ്‍ ഖണ്ഡേല്‍വാള്‍ പറഞ്ഞു.