5 April 2024 3:33 PM IST
Summary
- സിഡിഎസ്എല്‍, എന്‍എസ്ഡിഎല്‍ എന്നിവയിലെ പുതിയ ഡീമാറ്റ് അക്കൗണ്ടുകളുടെ എണ്ണത്തില്‍ 11.9 ശതമാനം വര്‍ധന
- ആഭ്യന്തര വിപണിയുടെ മികച്ച പ്രകടനം ഇതിന് കാരണമായി
- ആഗോള നിക്ഷേപകര്‍ക്ക് നിലവില്‍ താല്‍പര്യമുള്ള നിക്ഷേപ വിപണിയാണ് ഇന്ത്യ
കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ തുറന്ന ഡീമാറ്റ് അക്കൗണ്ടുകളുടെ എണ്ണത്തില്‍ റെക്കെഡ് വര്‍ധന. ഏകദേശം 3.7 കോടി ഡീമാറ്റ് അക്കൗണ്ടുകളാണ് തുറന്നത്. ഇത് എക്കാലത്തെയും ഉയര്‍ന്ന അക്കൗണ്ട് ആരംഭിക്കലാണ്. പ്രതിമാസം 30 ലക്ഷത്തിലേറെ അക്കൗണ്ടുകളാണ് ആരംഭിച്ചത്.
സെന്‍ട്രല്‍ ഡെപ്പോസിറ്ററി സര്‍വീസസ്, നാഷണല്‍ സെക്യൂരിറ്റീസ് ഡെപ്പോസിറ്ററി എന്നിവയില്‍ ആരംഭിച്ച ഡീമാറ്റ് അക്കൗണ്ടുകളുടെ എണ്ണം വാര്‍ഷികാടിസ്ഥാനത്തില്‍ 11.9 ശതമാനമായി ഉയര്‍ന്ന് 11.45 കോടിയില്‍ നിന്നും 15.14 കോടിയായി.
അതേസമയം, ബെഞ്ച്മാര്‍ക്ക് സെന്‍സെക്‌സും നിഫ്റ്റി 50 യും യഥാക്രമം 24.85 ശതമാനവും 28.61 ശതമാനവും ഉയര്‍ന്നപ്പോള്‍ ബിഎസ്ഇ മിഡ്ക്യാപ്, സ്‌മോള്‍കാപ്പ് സൂചികകള്‍ യഥാക്രമം 63.4 ശതമാനവും 60 ശതമാനവും ഉയര്‍ന്നു.കഴിഞ്ഞ അഞ്ച് മുതല്‍ 10 വര്‍ഷങ്ങളായി ആഗോള തലത്തില്‍ വളര്‍ന്നുവരുന്ന ഓഹരി വിപണികള്‍ തുടര്‍ച്ചയായി മികച്ച പ്രകടനം കാഴ്ചവച്ചതിനാല്‍ ഇന്ത്യന്‍ ഓഹരികളിലുള്ള നിക്ഷേപകരുടെ താല്‍പ്പര്യം വര്‍ദ്ധിച്ചതും ഈ അക്കൗണ്ട് തുറക്കലിനു പിന്നിലുണ്ട്. കൂടാതെ, 1 ട്രില്യണ്‍ രൂപയുടെ മിഡ്കാപ് ഓഹരികളുടെ എണ്ണം കഴിഞ്ഞ സാമ്പത്തിക വര്‍ഷം 48 ല്‍ നിന്ന് 80 ആയി ഉയര്‍ന്നു.
ഇക്വിറ്റികളിലേക്കുള്ള സ്ഥിരമായ ഒഴുക്ക്, കൂടുതല്‍ വൈവിധ്യമാര്‍ന്ന വിപണി എന്നിവ ഇന്ത്യന്‍ വിപണിയുടെ പ്രകടനത്തിനും വിപണി സ്ഥിരതയ്ക്കും കാരണമാകുന്നുണ്ട്.