19 Oct 2023 11:58 AM
Summary
നെറ്റ്ഫ് ളിക്‌സിന് ഇപ്പോള്‍ 247.2 ദശലക്ഷം വരിക്കാരാണ് ആകെയുള്ളത്
വീഡിയോ സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമായ നെറ്റ്ഫ് ളിക്‌സിലേക്കു മൂന്നാം പാദത്തില്‍ പുതിയ വരിക്കാരായി എത്തിയത് 88 ലക്ഷം പേര്‍. ഏതാനും മാസങ്ങള്‍ക്കു മുന്‍പു പാസ്‌വേഡ് പങ്കുവയ്ക്കലുമായി ബന്ധപ്പെട്ട് കര്‍ശന നടപടിയുമായി നെറ്റ്ഫ് ളിക്‌സ് എത്തിയപ്പോള്‍ അത് വരിക്കാരെ നഷ്ടപ്പെടാന്‍ ഇടയാക്കുമെന്ന് വിലയിരുത്തലുണ്ടായിരുന്നു. എന്നാല്‍ അത് വരിക്കാരെ നിലനിര്‍ത്തുന്നതിനോ ആകര്‍ഷിക്കുന്നതിനോ തടസമായില്ലെന്നു തെളിയിക്കുന്നതാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്.
നെറ്റ്ഫ് ളിക്‌സിന് ഇപ്പോള്‍ 247.2 ദശലക്ഷം വരിക്കാരാണ് ആകെയുള്ളത്. ഒക്ടോബര്‍ 18ന് പുറത്തിറക്കിയ കമ്പനിയുടെ മൂന്നാം പാദ ഫലത്തിലാണ് ഈ വിവരമുള്ളത്. 8.54 ബില്യന്‍ ഡോളറാണു മൂന്നാം പാദത്തില്‍ വരുമാനമായി കമ്പനിക്ക് ലഭിച്ചത്. മുന്‍ വര്‍ഷം ഇതേ പാദത്തില്‍ കമ്പനിയുടെ വരുമാനം 7.92 ബില്യന്‍ ഡോളറായിരുന്നു.
നെറ്റ്ഫ് ളിക്‌സ് വരിക്കാര്‍ കൂട്ടുകാര്‍ക്കും ബന്ധുക്കള്‍ക്കും പാസ്‌വേഡ് പങ്കുവച്ച് ഒന്നിലധികം പേര്‍ക്കു സൗജന്യമായി നെറ്റ്ഫഌക്‌സിന്റെ സേവനം ഉപയോഗിക്കാന്‍ സൗകര്യമൊരുക്കുന്നതിനെതിരേയായിരുന്നു നെറ്റ്ഫ് ളിക്‌സ് ഈ വര്‍ഷം മേയ് മാസം രംഗത്തുവന്നത്.
സമീപകാലത്ത് ഹോളിവുഡ് അഭിനേതാക്കളും എഴുത്തുകാരും സമരത്തിലായിരുന്നു. ഇത് പുതിയ ഷോകളുടെ റിലീസിന് തടസമാകുമെന്ന സാഹചര്യവുമുണ്ടായിരുന്നു. എന്നാല്‍ ഈ പ്രതികൂല സാഹചര്യത്തിലും 88 ലക്ഷം പേരെ വരിക്കാരായി കൂട്ടിച്ചേര്‍ക്കാന്‍ നെറ്റ്ഫ് ളിക്‌സിന് സാധിച്ചത് വലിയ നേട്ടമായിട്ടാണു കാണുന്നത്.