4 May 2024 12:25 PM IST
Summary
- പ്രധാനമന്ത്രി പുഷ്പകമാല്‍ പ്രചണ്ഡയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം
- നേപ്പാളിന്റെ നടപടി കൃത്രിമ വിപുലീകരണം എന്ന് ഇന്ത്യ
ഇന്ത്യയുമായുള്ള തര്‍ക്ക പ്രദേശങ്ങളുടെ ഭൂപടം ഉള്‍ക്കൊള്ളുന്ന 100 കറന്‍സി നോട്ട് അച്ചടിക്കുമെന്ന് നേപ്പാള്‍. ലിപുലേഖ്, ലിംപിയാധുര, കാലാപാനി എന്നീ പ്രദേശങ്ങള്‍ സംബന്ധിച്ചാണ് ഇരുരാജ്യങ്ങളും തമ്മില്‍ തര്‍ക്കങ്ങള്‍ നിലനില്‍ക്കുന്നത്. നേപ്പാളിന്റെ നീക്കത്തെ ഇതിനകം തന്നെ ഇന്ത്യ കൃത്രിമ വിപുലീകരണം എന്നാരോപിച്ച് എതിര്‍ത്തിട്ടുണ്ട്.
പ്രധാനമന്ത്രി പുഷ്പകമാല്‍ ദഹല്‍ പ്രചണ്ഡയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനമെടുത്തതെന്ന് സര്‍ക്കാര്‍ വക്താവ് രേഖ ശര്‍മ പിന്നീട് മാധ്യമ പ്രവര്‍ത്തകരെ അറിയിച്ചു. നേപ്പാളിന്റെ പുതിയ ഭൂപടം 100 രൂപ നോട്ടുകളില്‍ അച്ചടിക്കാനാണ് മന്ത്രിസഭാ തീരുമാനം.
ഏപ്രില്‍ 25 നും മെയ് 2 നും നടന്ന മന്ത്രിസഭാ സമ്മേളനങ്ങളില്‍, 100 പുനര്‍രൂപകല്‍പ്പനയ്ക്ക് മന്ത്രിസഭ അംഗീകാരം നല്‍കി.
2020 ജൂണ്‍ 18-ന്, തന്ത്രപ്രധാനമായ മൂന്ന് മേഖലകള്‍ ഉള്‍പ്പെടുത്തി ഭരണഘടന ഭേദഗതി ചെയ്തുകൊണ്ട് നേപ്പാള്‍ അതിന്റെ രാഷ്ട്രീയ ഭൂപടം അപ്ഡേറ്റ് ചെയ്തു. ലിപുലേഖ്, കാലാപാനി, ലിംപിയാധുര എന്നിവയാണ് നേപ്പാള്‍ പുതിയതായി ഭൂപടത്തില്‍ ഉള്‍പ്പെടുത്തിയത്. ഇതിനോട് ഇന്ത്യ രോഷത്തോടെയാണ് പ്രതികരിച്ചത്. ഈ നീക്കത്തെ 'ഏകപക്ഷീയമായ പ്രവൃത്തി' എന്ന് ഇന്ത്യ ആരോപിച്ചു. നേപ്പാളിന്റെ പ്രദേശിക അവകാശവാദങ്ങളുടെ കൃത്രിമ വിപുലീകരണം അംഗീകരിക്കാനാവില്ലെന്ന് ന്യൂഡെല്‍ഹി വ്യക്തമാക്കിയിട്ടുണ്ട്. ലിപുലേഖ്, കാലാപാനി, ലിംപിയാധുര എന്നിവ ഇന്ത്യ നിലനിര്‍ത്തുന്ന പ്രദേശങ്ങളാണ്.
സിക്കിം, പശ്ചിമ ബംഗാള്‍, ബിഹാര്‍, ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ് എന്നീ അഞ്ച് ഇന്ത്യന്‍ സംസ്ഥാനങ്ങളുമായി നേപ്പാള്‍ 1,850 കിലോമീറ്ററിലധികം അതിര്‍ത്തി പങ്കിടുന്നുണ്ട്.