image

17 Dec 2024 3:36 AM GMT

News

നവി മുംബൈ മെട്രോയ്ക്ക് ഐഎസ്ഒ സര്‍ട്ടിഫിക്കേഷന്‍

MyFin Desk

navi mumbai metro gets iso certification
X

Summary

  • മികച്ച ഗുണനിലവാരം, പരിസ്ഥിതി, സുരക്ഷാ മാനദണ്ഡങ്ങള്‍ എന്നിവ നവി മുംബൈ മെട്രോയുടെ പ്രത്യേകത
  • മഹാരാഷ്ട്ര മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡിന്റെ സര്‍ട്ടിഫിക്കേഷനുകളും നവി മുംബൈ മെട്രോ നേടി
  • പ്രവര്‍ത്തനത്തിന്റെ ആദ്യ വര്‍ഷത്തിനുള്ളില്‍ തന്നെ മൂന്ന് ഐഎസ്ഒ സര്‍ട്ടിഫിക്കേഷനുകള്‍


നവി മുംബൈ മെട്രോയ്ക്ക് മികവിന്റെ അംഗീകാരം. ഗുണനിലവാരം, പരിസ്ഥിതി, സുരക്ഷാ മാനദണ്ഡങ്ങള്‍ എന്നിവയ്ക്കായി ആഗോളതലത്തില്‍ അംഗീകരിക്കപ്പെട്ട മൂന്ന് ഐഎസ്ഒ സര്‍ട്ടിഫിക്കേഷനുകളാണ് നവി മുംബൈ മെട്രോയ്ക്ക് ലഭിച്ചത്. 2023 നവംബറിലാണ് പദ്ധതിപ്രവര്‍ത്തനം ആരംഭിച്ചത്.

മഹാരാഷ്ട്ര മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡിന്റെ (മഹാ മെട്രോ) (ഐഎസ്ഒ 9001, ഐഎസ്ഒ 14001, ഐഎസ്ഒ 45001) സര്‍ട്ടിഫിക്കേഷനുകള്‍ പ്രവര്‍ത്തനത്തിന്റെ ആദ്യ വര്‍ഷത്തില്‍ തന്നെ പദ്ധതിക്ക് ലഭിച്ചിരുന്നു.

ഗുണനിലവാര മാനേജ്മെന്റ്, പരിസ്ഥിതി ഉത്തരവാദിത്തം, തൊഴില്‍പരമായ ആരോഗ്യം, സുരക്ഷ എന്നിവയില്‍ ലോകോത്തര നിലവാരം പുലര്‍ത്തുന്നതിനുള്ള മെട്രോയുടെ പ്രതിബദ്ധത ഈ സര്‍ട്ടിഫിക്കേഷനുകള്‍ സാധൂകരിക്കുന്നു.

ഈ സുപ്രധാന നാഴികക്കല്ല്, പ്രവര്‍ത്തനത്തിന്റെ ആദ്യ വര്‍ഷത്തിനുള്ളില്‍ തന്നെ മൂന്ന് ഐഎസ്ഒ സര്‍ട്ടിഫിക്കേഷനുകളും നേടിയ മഹാരാഷ്ട്രയിലെ ഏക മെട്രോ പാതയായി നവി മുംബൈ മെട്രോയെ അടയാളപ്പെടുത്തുന്നു. ബ്രിട്ടീഷ് സ്റ്റാന്‍ഡേര്‍ഡ് ഇന്‍സ്റ്റിറ്റിയൂഷന്‍ (ബിഎസ്‌ഐ) മഹാ മെട്രോ വഴിയാണ് സര്‍ട്ടിഫിക്കേഷനുകള്‍ നല്‍കിയതെന്ന് ആസൂത്രണ ഏജന്‍സി സിഡ്കോയുടെ ഔദ്യോഗിക പ്രസ്താവനയില്‍ പറയുന്നു.

സംഘടനയെ പ്രതിനിധീകരിച്ച് സിഡ്കോ ജോയിന്റ് മാനേജിംഗ് ഡയറക്ടര്‍ ശന്തനു ഗോയല്‍ സര്‍ട്ടിഫിക്കറ്റുകള്‍ ഏറ്റുവാങ്ങി.

'ഗുണനിലവാരം, സുസ്ഥിരത, സുരക്ഷ എന്നിവയ്ക്ക് മുന്‍ഗണന നല്‍കിക്കൊണ്ട് ലോകോത്തര മെട്രോ സേവനങ്ങള്‍ നല്‍കുന്നതിനുള്ള സിഡ്കോയുടെ സമര്‍പ്പണത്തെ ഈ നേട്ടം അടിവരയിടുന്നു. നഗരവികസനത്തിലും അടിസ്ഥാന സൗകര്യവികസനത്തിലും സിഡ്കോയുടെ നേതൃത്വത്തെ ഇത് വീണ്ടും ഉറപ്പിക്കുന്നു,' സിഡ്കോ വൈസ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ വിജയ് സിംഗാള്‍ പറഞ്ഞു.

നഗര മൊബിലിറ്റി നവീകരിക്കുന്നതിനും മെട്രോ റെയില്‍ സേവനങ്ങളിലെ മികവിന് ആഗോള നിലവാരം സ്ഥാപിക്കുന്നതിനുമുള്ള നിര്‍ണായക ചുവടുവെയ്പ്പ് സിഡ്കോ സ്വീകരിച്ചതായി വക്താവ് പറഞ്ഞു.

നവി മുംബൈ മെട്രോ പദ്ധതിയുടെ ഒന്നാം ഘട്ടമായ 11 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ബേലാപൂര്‍-പെന്ദര്‍ ഇടനാഴിയിലെ സേവനങ്ങള്‍ കഴിഞ്ഞ വര്‍ഷം നവംബര്‍ 17 ന് ആരംഭിച്ചു.