Summary
കൊച്ചി മെട്രോ ഈടാക്കുന്ന കൂലി വളരെ കൂടുതലാണെന്നു ഒരു വിഭാഗത്തിന് അഭിപ്രായമുണ്ട്
യാത്രക്കാരുടെ എണ്ണം കൂട്ടുക എന്നത് മെട്രോകൾക്ക് വലിയൊരു കീറാമുട്ടി ആയിരിക്കുമ്പോൾ, കൊച്ചി മെട്രോ അതിന്റെ യാത്രാകൂലി പരിഷകരിക്കുന്നതിനെ കുറിച്ച് പഠിക്കാൻ നാഷണൽ ട്രാൻസ്പോർട്ടെഷൻ പ്ലാനിംഗ് ആൻഡ് റിസർച്ച് സെന്ററിനെ ( നാറ്റ്പാക്) സമീപിച്ചു.
ലോകത്തിൽ മിക്ക മെട്രോകളും ലാഭം ഉണ്ടാക്കാനുള്ള വിഫല ശ്രമത്തിലാണ്. എന്നാൽ കൊച്ചി മെട്രോ ബ്രേക്ക് ഇവനിൽ എത്താൻ ഉടനെ ഉദ്ദേശിക്കുന്നില്ലങ്കിലും, അതിന്റെ വരുമാന൦ കൂട്ടാനുള്ള എല്ലാ മാര്ഗങ്ങളും പരീക്ഷിക്കുകയാണ്.
കൊച്ചി മെട്രോ ഈടാക്കുന്ന കൂലി വളരെ കൂടുതലാണെന്നു ഒരു വിഭാഗത്തിന് അഭിപ്രായമുണ്ട്. ഇത് യുക്തി സഹമായി പരിഷ്കരിച്ചാൽ യാത്രക്കാരുടെ എണ്ണം വളരെ കൂടുമെന്നാണ് അവരുടെ നിഗമനം.
എന്നാൽ കൊച്ചി മെട്രോയുടെ മാനേജിങ് ഡയറക്ടർ ലോക് നാഥ് ബെഹ്‌റക്കു കമ്പനി ലാഭ൦ നേടാത്തതിൽ അത്ര വലയ ആശങ്കയൊന്നുമില്ല. ലാഭത്തിൽ പ്രവർത്തിക്കുക എന്നതിലുപരി, പൊതുജനങ്ങൾക്ക് നല്ല യാത്രാ അനുഭവം നൽകുക എന്നതാണ് കൊച്ചി മെട്രോയുടെ ലക്ഷ്യമെന്ന് അടുത്തിടെ മൈഫിൻപോയിന്റ് ഡോട്ട് കോമിനോട് സംസാരിക്കവെ ബെഹ്‌റ പറഞ്ഞു.
``എന്നാലും എനിക്ക് മെട്രോയുടെ കൂലിയെക്കുറിച്ചു ധാരാളം അന്വേഷണങ്ങളും, നിർദേശങ്ങളും കിട്ടുന്നുണ്ട്. ചിലരുടെ നിർദേശം ഏറ്റവും കുറഞ്ഞ കൂലി ഇപ്പോഴത്തെ 10 രൂപയിൽ നിന്ന് 5 രൂപ ആക്കണം എന്നതാണ്,'' ബെഹ്‌റ പറഞ്ഞു.
യാത്രാകൂലി പരിഷ്‌ക്കരിക്കാനുള്ള സാധ്യതകളെകുറിച്ചുള്ള നാറ്റ്പാക്കിന്റെ പഠന പൂർത്തി ആയാൽ, അവരുടെ റിപ്പോർട്ട് ഫെയർ റീവിഷൻ കമ്മിറ്റിക്കു സമർപ്പിക്കും. അവർ ഉചിതമായ തീരുമാനം എടുക്കും.
ഹോംഗ് കോങ്ങിലെയും, സിംഗപ്പൂരിലെയും മെട്രോകൾ മാത്രമാണ് തലനാരിഴക്ക് നഷ്ടത്തിൽ നിന്ന് രക്ഷപെട്ടു നിൽക്കുന്നത്. ലോകത്തിലെ മറ്റു മെട്രോകളെല്ലാം നഷ്ടത്തിൽ തന്നെ ആണ്.
കോവിഡ് കൊച്ചി മെട്രോയുടെ യാത്രക്കാരുടെ ഏണ്ണത്തെകുറിച്ചുള്ള പ്രതീക്ഷകളെ തകർത്തു തരിപ്പണമാക്കിയെങ്കിലും, അതിനു ശേഷം യാത്രക്കാരുടെ എണ്ണം ക്രമമായി കൂടിക്കൊണ്ടിരിക്കുകയാണ്. അതുകൊണ്ടു തന്നെ 2022 - 23 സാമ്പത്തിക വർഷം, യാത്രക്കൂലി ഇനത്തിൽ 75 .48 കോടി രൂപ നേടാൻ കഴിഞ്ഞു.
അതെ വർഷം കമ്പനി 118 .84 കോടി പ്രവർത്തന വരുമാനവും, 82 .14 കോടി ഇതര വരുമാനവും കൂടി 200..98 കോടി മൊത്ത വരുമാനം നേടി. ഇത് തലേ വര്ഷം 142 .20 കോടി ആയിരുന്നു.
വാട്ടർ മെട്രോ
കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിന്റെ ഉപസ്ഥാപനമായ കൊച്ചി വാട്ടർ മെട്രോ ഏപ്രിൽ 25 നാണു പ്രധാനമന്ത്രി ഉദഘാടനം ചെയ്തത്. കമ്പനിയുടെ ഈ സേവനം , ജനങ്ങൾ നല്ല രീതിയിൽ സ്വീകരിച്ചു. കണക്കുകൾ അനുസരിച്ചു ജൂണിൽ വരെ 5 ലക്ഷം ആളുകൾ യാത്ര ചെയ്തു. ഇപ്പോൾ രണ്ടു റൂട്ടുകളിൽ സർവീസ് നടത്തുന്ന കൊച്ചി വാട്ടർ മെട്രോ അധിക താമസിയാതെ കൂടുതൽ റൂട്ടുകളിലേക്കു സർവീസുകൾ ആരംഭിക്കുമെന്ന് കമ്പനി ഒരു പ്രസ്താവനയിൽ പറഞ്ഞു.