22 Dec 2023 4:21 AM
Summary
- ഭക്ഷ്യമേളയുടെ ഉദ്ഘാടനം സിനിമാതാരം നിഖില വിമല്‍ നിര്‍വഹിച്ചു
- നാല്‍പതിലധികം സ്റ്റാളുകളാണ് ഭക്ഷ്യമേളയില്‍ ഒരുങ്ങിയിരിക്കുന്നത്
- ജനുവരി ഒന്നുവരെ സരസ് മേള തുടരും
കൊച്ചി കലൂര്‍ നെഹ്‌റു രാജ്യാന്തര സ്‌റ്റേഡിയത്തില്‍ ഡിസംബര്‍ 21ന് ആരംഭിച്ച ദേശീയ സരസ് മേളയിലെ ഭക്ഷ്യമേള രൂചിക്കൂട്ടുകളുടെ ഉത്സവം കൂടിയായി മാറിയിരിക്കുകയാണ്.
ഭക്ഷ്യമേളയുടെ ഉദ്ഘാടനം സിനിമാതാരം നിഖില വിമല്‍ നിര്‍വഹിച്ചു.
രാജസ്ഥാനില്‍ നിന്നുള്ള ദാല്‍ ബാത്തി ചൂര്‍മ മുതല്‍ വയനാടിന്റെ സ്വന്തം തിരുനെല്ലി മോമോസ് വരെയായി ഇന്ത്യയുടെ ഭക്ഷ്യ വൈവിധ്യങ്ങള്‍ ആസ്വദിച്ചറിയാന്‍ ഇവിടെ എത്തിയാല്‍ മതി. വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള സ്വാദുകളുമായി പത്ത് ദിനരാത്രങ്ങള്‍ക്കാണ് ഇനി കൊച്ചി വേദിയാവുക. കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ നടക്കുന്ന ദേശീയ സരസ് മേളയില്‍ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്നുമുള്ള രുചിക്കൂട്ടുകളാണ് ഭക്ഷ്യ ആസ്വാദകരെ കാത്തിരിക്കുന്നത്.
പേര് പോലെ തന്നെ കേള്‍ക്കുമ്പോള്‍ കൗതുകം ഉണര്‍ത്തുന്ന രാജസ്ഥാനിലെ പരമ്പരാഗത വിഭവമായ ദാല്‍ ബാത്തി ചൂര്‍മയും ജീരകശാല അരി കൊണ്ട് ഉണ്ടാക്കിയ വയനാടിന്റെ സ്വന്തം തിരുനെല്ലി മോമോസ് എന്ന തിമോയും ആദ്യദിനം തന്നെ മേളയില്‍ ശ്രദ്ധ നേടിക്കഴിഞ്ഞു. മഹാരാഷ്ട്രയുടെ പൂരന്‍ പോളി, അരുണാചല്‍ പ്രദേശിന്റെ ബീഫ് കോണ്‍ സൂപ്പ്, അട്ടപ്പാടിയുടെ സ്വന്തം വന സുന്ദരി, ആലപ്പുഴയുടെ കരിമീന്‍ പൊള്ളിച്ചത്, ലക്ഷദ്വീപിന്റെ ഹല്‍വ, വിവിധ തരം ബിരിയാണികള്‍, നാടന്‍ വിഭവങ്ങള്‍ എന്നിവയാണ് ഭക്ഷ്യമേളയുടെ ആകര്‍ഷണം.
നാല്‍പതിലധികം സ്റ്റാളുകളാണ് രുചി വൈവിധ്യങ്ങള്‍ ആസ്വാദകരിലേക്ക് എത്തിക്കാന്‍ ഭക്ഷ്യമേളയില്‍ ഒരുങ്ങിയിരിക്കുന്നത്. ഉത്തരാഖണ്ഡില്‍ നിന്ന് പത്ത്, ഉത്തര്‍പ്രദേശില്‍ നിന്ന് ഒമ്പത്, കര്‍ണാടകയില്‍ നിന്ന് എട്ട്, സിക്കിമില്‍ നിന്ന് ഏഴ്, ലക്ഷ്വദീപില്‍ നിന്ന് ആറ്, തെലുങ്കാനയില്‍ നിന്ന് അഞ്ച്, അരുണാചല്‍ പ്രദേശില്‍ നിന്ന് നാല്, മഹാരാഷ്ട്രയില്‍ നിന്ന് മൂന്ന്, ആന്ധ്രാപ്രദേശില്‍ നിന്നുള്ള രണ്ട് എന്നിങ്ങനെ സ്റ്റാളുകളാണ് ഭക്ഷ്യമേളയിലുള്ളത്.
എറണാകുളം, വയനാട്, തിരുവനന്തപുരം, ആലപ്പുഴ, കൊല്ലം, കോട്ടയം, ഇടുക്കി, പത്തനംതിട്ട, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, തലശ്ശേരി, അട്ടപ്പാടി എന്നിവിടങ്ങളില്‍ നിന്നുള്ള തനത് രുചി വൈവിധ്യങ്ങളും മേളയില്‍ ലഭ്യമാണ്.
തത്സമയം ഉണ്ടാക്കുന്ന ഭക്ഷ്യ രുചികള്‍ ആസ്വദിക്കാന്‍ ആദ്യ ദിനം തന്നെ നിരവധി പേരാണ് ഭക്ഷ്യമേളയിലേക്ക് എത്തിയത്. രുചിയുടെ നവ്യാനുഭവങ്ങള്‍ പകര്‍ന്ന് ജനുവരി ഒന്നുവരെ സരസ് മേള തുടരും.
ദേശീയ സരസ് മേളയിൽ ഇന്ന് (ഡിസംബർ 22- വെള്ളി )
രാവിലെ 11ന് വിവിധ സംരംഭകർ അനുഭവങ്ങൾ പങ്കുവയ്ക്കുന്ന സംരംഭക സരസ്സ് നടക്കും.
ഉച്ചയ്ക്ക് ഒന്നു മുതൽ ആലങ്ങാട്, ഇടപ്പള്ളി ബ്ലോക്കുകളിലെ കുടുംബശ്രീ അംഗങ്ങൾ അവതരിപ്പിക്കുന്ന കുടുംബശ്രീ കലാസരസ് അരങ്ങേറും.
വൈകിട്ട് 3.30ന് ഫാഷൻ എലഗൻസ -ഫാഷൻ ഷോ
6.30ന് നഞ്ചിയമ്മ, സുദീഷ് മരുതളം ആന്റ് ടീം എന്നിവർ അവതരിപ്പിക്കുന്ന ലൈവ് മ്യൂസിക് നൈറ്റ്