30 Jan 2025 3:06 PM GMT
യുപിഐ ട്രാന്‍സാക്ഷന്‍ ഐഡിയില്‍ സ്‌പെഷ്യല്‍ ക്യാരക്ടറുകള്‍ (ചില പ്രത്യേക ചിഹ്നങ്ങൾ) പാടില്ലെന്ന നിർദേശവുമായി നാഷണല്‍ പേയ്‌മെന്റ്‌സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ. പുതിയ ചട്ടം അനുസരിച്ച് സ്‌പെഷ്യല്‍ ക്യാരക്ടറുകള്‍ ഉണ്ടെങ്കില്‍ ഫെബ്രുവരി ഒന്നു മുതല്‍ ഇത്തരം ഐഡികളില്‍ നിന്നുള്ള ഇടപാടുകള്‍ റദ്ദാക്കുമെന്ന് നാഷണല്‍ പേയ്‌മെന്റ്‌സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ മുന്നറിയിപ്പ് നല്‍കി. ഇത്തരം ഇടപാടുകള്‍ കേന്ദ്ര സംവിധാനം സ്വമേധയാ തള്ളുന്ന തരത്തിലാണ് ക്രമീകരണം ഒരുക്കിയിരിക്കുന്നതെന്നും നാഷണല്‍ പേയ്‌മെന്റ്‌സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ അറിയിച്ചു.
യുപിഐ ട്രാന്‍സാക്ഷന്‍ ഐഡികള്‍ സൃഷ്ടിക്കുന്ന പ്രക്രിയയെ നിലവാരമുള്ളതാക്കുന്നതിന്റെ ഭാഗമായാണ് നടപടി. എല്ലാ യുപിഐ പേയ്മെന്റ് സേവന ദാതാക്കളും ഇതിനാവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും നാഷണല്‍ പേയ്‌മെന്റ്‌സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ അറിയിച്ചു. മിക്ക പേയ്മെന്റ് സേവന ദാതാക്കളും പുതിയ വ്യവസ്ഥ പാലിച്ചിട്ടുണ്ടെങ്കിലും ചിലത് ഇപ്പോഴും പാലിക്കാത്തതിനാല്‍ അടുത്ത മാസം മുതല്‍ നിയന്ത്രണം കര്‍ശനമായി നടപ്പിലാക്കാനാണ് നാഷണല്‍ പേയ്‌മെന്റ്‌സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ തീരുമാനം.