28 Dec 2024 9:02 AM GMT
Summary
- പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കമുള്ളവര്‍ സംസ്‌കാരത്തിനെത്തി
- മന്‍മോഹന്‍ സിംഗിനെ ആദരിക്കുന്നതിനായി സ്മാരകം സ്ഥാപിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം
- സ്ഥലം അദ്ദേഹത്തിന്റെ കുടുംബവുമായും പാര്‍ട്ടിയുമായും ചര്‍ച്ചചെയ്ത് തീരുമാനിക്കും
മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന് രാജ്യത്തിന്റെ യാത്രാമൊഴി. ന്യൂഡല്‍ഹിയിലെ നിഗംബോധ് ഘട്ടില്‍ ശനിയാഴ്ച പൂര്‍ണ്ണ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്‌കാരം.
വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ഡിസംബര്‍ 26 നാണ് സിംഗ് കാലയവനികക്കുള്ളില്‍ മറഞ്ഞത്. ആദരസൂചകമായി, ഏഴ് ദിവസത്തെ സംസ്ഥാന ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്, ഈ സമയത്ത് ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടും.
സിംഗിന്റെ മൃതദേഹം ശനിയാഴ്ച രാവിലെ എട്ട് മണിക്ക് അദ്ദേഹത്തിന്റെ വസതിയില്‍ നിന്ന് അക്ബര്‍ റോഡിലെ കോണ്‍ഗ്രസ് ആസ്ഥാനത്തേക്ക് കൊണ്ടുപോയി. അവിടെ പൊതുദര്‍ശനത്തിനു ശേഷം നിഗംബോധ് ഘട്ടിലേക്കുള്ള യാത്ര.
പ്രസിഡന്റ് ദ്രൗപതി മുര്‍മു, പ്രധാനമന്ത്രി നരേന്ദ്ര മോദി എന്നിവരുള്‍പ്പെടെ നിരവധി രാഷ്ട്രീയ നേതാക്കള്‍ സംസ്‌കാര ചടങ്ങില്‍ പങ്കെടുത്തു.
സിംഗിനെ ആദരിക്കുന്നതിനായി ഒരു സ്മാരകം സ്ഥാപിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം സ്ഥിരീകരിച്ചിരുന്നു. ലൊക്കേഷന്‍ അദ്ദേഹത്തിന്റെ കുടുംബവുമായും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുമായും ചര്‍ച്ച ചെയ്തതായി മന്ത്രാലയം അറിയിച്ചു.
സിംഗിന്റെ പാരമ്പര്യത്തിന് അനുയോജ്യമായ ഒരു സ്മാരക സ്ഥലം പാര്‍ട്ടി ആവശ്യപ്പെട്ടിരുന്നു. ശവസംസ്‌കാരവും മറ്റ് നടപടിക്രമങ്ങളും തുടരുമ്പോള്‍, ഒരു ട്രസ്റ്റ് രൂപീകരിക്കുന്നതിനും സ്മാരകത്തിനായി സ്ഥലം അനുവദിക്കുന്നതിനും സമയമെടുക്കുമെന്നും എംഎച്ച്എ പരാമര്‍ശിച്ചു.
അതേസമയം സ്മാരക സ്ഥലം കണ്ടെത്തുന്നതിലെ കാലതാമസം മുന്‍ പ്രധാനമന്ത്രിയുടെ സംഭാവനകളോടുള്ള അവഹേളനമാണെന്ന് കോണ്‍ഗ്രസ് പാര്‍ട്ടി സര്‍ക്കാരിനെ വിമര്‍ശിച്ചു.