15 Nov 2023 5:49 PM IST
Summary
വികസിത രാജ്യങ്ങളില്‍ നിന്നും ഇന്ത്യയില്‍ നിന്നുമുള്ള 10,000 അധ്യാപകരെ കണ്ടെത്തണം
ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഫലം മെച്ചപ്പെട്ടതാക്കാന്‍ രാജ്യത്തെ 28 സംസ്ഥാനങ്ങളിലും എട്ട് കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 2,500 'ട്രെയിന്‍ ദി ടീച്ചര്‍' കോളേജുകള്‍ സൃഷ്ടിക്കണമെന്ന് എന്‍ ആര്‍ നാരായണ മൂര്‍ത്തി. അതിനായി വികസിത രാജ്യങ്ങളില്‍ നിന്നും ഇന്ത്യയില്‍ നിന്നുമുള്ള 10,000 അധ്യാപകരെ കണ്ടെത്തണം. ഈ അധ്യാപകര്‍ സ്റ്റെം (സയന്‍സ്, ടെക്‌നോളജി, എഞ്ചിനീയറിംഗ്, മാത്തമാറ്റിക്‌സ്) മേഖലകളില്‍ നിന്ന് വിരമിച്ചവരാകണമെന്നും മൂര്‍ത്തി അഭിപ്രായപ്പെട്ടു.
ഈ കോഴ്‌സ് മാത്രം പോര. വളരെയധികം ബഹുമാനിക്കുന്ന അധ്യാപകര്‍ക്കും ഗവേഷകര്‍ക്കും മികച്ച ശമ്പളം നല്‍കുകയും വേണം. ഗവേഷകര്‍ക്ക് മെച്ചപ്പെട്ട സൗകര്യങ്ങളും നല്‍കണമെന്നും മൂര്‍ത്തി അഭിപ്രായപ്പെട്ടു. 'ട്രെയിന് ദി ടീച്ചര്' പ്രോഗ്രാം ഒരു വര്‍ഷം നീണ്ടുനില്ക്കണമെന്നും ഇന്‍്‌ഫോസിസ് സയന്‍സ് ഫൗണ്ടേഷന്‍ ആറ് വിഭാഗങ്ങളിലായി ഏര്‍പ്പെടുത്തിയ സമ്മാനം പ്രഖ്യാപിച്ച വേളയില്‍ അദ്ദേഹം പറഞ്ഞു.
'നാല് പരിശീലകരുടെ ഓരോ സെറ്റിനും പ്രതിവര്‍ഷം 100 പ്രൈമറി സ്‌കൂള്‍ അധ്യാപകരെയും 100 സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപകരെയും പരിശീലിപ്പിക്കാന്‍ കഴിയുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം. ഈ രീതിയിലൂടെ ഓരോ വര്‍ഷവും 250,000 പ്രൈമറി സ്‌കൂള്‍ അധ്യാപകര്‍ക്കും 250,000 സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപകര്‍ക്കും പരിശീലനം നല്‍കാന്‍ കഴിയും.
ഇത് ചെലവേറിയതാണെന്നാണ് കരുതുന്നതെങ്കില്‍ ഹാര്‍വാര്‍ഡ് സര്‍വകലാശാലയുടെ മുന്‍ പ്രസിഡന്റ് ഡെറിക് ബോക്കിന്റെ വാക്കുകള്‍ ഓര്‍ക്കുക, 'വിദ്യാഭ്യാസം ചെലവേറിയതാണെന്ന് നിങ്ങള്‍ കരുതുന്നുവെങ്കില്‍, അജ്ഞത പരീക്ഷിക്കുകയെന്നാണ്,' അദ്ദേഹം അഭിപ്രായപ്പെട്ടത്.
വിവിധ പ്രൈമറി, സെക്കന്‍ഡറി വിദ്യാഭ്യാസ തലങ്ങളിലെ അധ്യാപകരെ പരിശീലിപ്പിക്കുന്നതിനായി പ്രതിവര്‍ഷം 100 കോടി ഡോളറും 20 വര്‍ഷത്തിനുള്ളില്‍ 2000 കോടി ഡോളറും നിക്ഷേപിച്ച് ഗവേഷണത്തിന്റെയും വിദ്യാഭ്യാസത്തിന്റെയും ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിന് ഇന്ത്യ ശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു.
'രാജ്യത്തിന്റെ വിദൂര ഭാഗത്തുള്ള ദരിദ്ര പൗരന്മാരുടെ ജീവിതത്തെ ബാധിക്കുന്ന എല്ലാ മേഖലകളിലേക്കും പോകാന്‍ ഇന്ത്യ ആഗ്രഹിക്കണം. നല്ല ആശയങ്ങള്‍ സൃഷ്ടിക്കുന്നതിനായി ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഗവേഷണത്തിന്റെയും വിദ്യാഭ്യാസത്തിന്റെയും ഗുണനിലവാരം മെച്ചപ്പെടുത്തുകയും ആ ആശയങ്ങള്‍ വേഗത്തിലും ഉയര്‍ന്ന നിലവാരത്തിലും നടപ്പാക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്യണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.