image

21 Nov 2024 10:38 AM GMT

News

നന്ദിനി ഡെല്‍ഹിയിലിറങ്ങി

MyFin Desk

നന്ദിനി ഡെല്‍ഹിയിലിറങ്ങി
X

Summary

  • നന്ദിനി ബ്രാന്‍ഡ് പാല്‍ ഉല്‍പന്നങ്ങള്‍ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയാണ് വിപണിയില്‍ അവതരിപ്പിച്ചത്
  • മത്സരാധിഷ്ഠിത വിലയോടെയാണ് പാലും ഉല്‍പ്പന്നങ്ങളും വിപണിയിലിറക്കിയത്
  • മാണ്ഡ്യ-ഡെല്‍ഹി യാത്രാസമയത്ത് പാലിന്റെ ഗുണനിലവാരം നിലനിര്‍ത്തുമെന്ന് കെഎംഎഫ് ചെയര്‍മാന്‍


കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ വ്യാഴാഴ്ച കര്‍ണാടക മില്‍ക്ക് ഫെഡറേഷന്റെ (കെഎംഎഫ്) നന്ദിനി ബ്രാന്‍ഡ് പാല്‍ ഉല്‍പന്നങ്ങള്‍ ഡല്‍ഹി-എന്‍സിആര്‍ വിപണിയില്‍ അവതരിപ്പിച്ചു, മേഖലയില്‍ കാലുറപ്പിക്കാന്‍ എതിരാളികളേക്കാള്‍ നേരിയ വിലക്കുറവിലാണ് നന്ദിനി ഡെല്‍ഹിയിലിറങ്ങിയത്.

മദര്‍ ഡെയറി, അമുല്‍ തുടങ്ങിയ വമ്പന്‍മാരെ വെട്ടിലാക്കുന്ന മത്സരാധിഷ്ഠിത വിലകളോടെ സഹകരണസംഘം വെള്ളിയാഴ്ച മുതല്‍ നാല് പശുവിന്‍ പാല് വേരിയന്റുകള്‍, തൈര്, മോര് എന്നിവ ചില്ലറവില്‍പ്പന നടത്തും.

പശുവിന്‍ പാല്‍ ലിറ്ററിന് 56 രൂപയ്ക്കും ഫുള്‍ ക്രീം മില്‍ക്ക് ലിറ്ററിന് 67 രൂപയ്ക്കും സ്റ്റാന്‍ഡേര്‍ഡ് പാല്‍ ലിറ്ററിന് 61 രൂപയ്ക്കും ടോണ്‍ഡ് മില്‍ക്ക് ലിറ്ററിന് 55 രൂപയ്ക്കും തൈര് കിലോയ്ക്ക് 74 രൂപയ്ക്കും വില്‍ക്കും.

'സംസ്ഥാനത്ത് ഞങ്ങള്‍ക്ക് മിച്ചമുള്ള പാലുണ്ട്. കെഎംഎഫും മാണ്ഡ്യ മില്‍ക്ക് യൂണിയനും ചേര്‍ന്ന് ഡല്‍ഹി-എന്‍സിആറില്‍ പ്രതിദിനം 3-4 ലക്ഷം ലിറ്റര്‍ മിച്ചമുള്ള പാല്‍ വിപണനം ചെയ്യും,' ഉല്‍പ്പന്നങ്ങള്‍ പുറത്തിറക്കിയ ശേഷം സിദ്ധരാമയ്യ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

ഫെഡറേഷന്‍ നിലവില്‍ പ്രതിദിനം 100 ലക്ഷം ലിറ്റര്‍ പാല്‍ ശേഖരിക്കുന്നു, പ്രാദേശിക ഉപഭോഗം 60 ലക്ഷം ലിറ്റര്‍, പുതിയ വിപണികളിലേക്ക് വ്യാപിപ്പിക്കുന്നതിന് 40 ലക്ഷം ലിറ്റര്‍ മിച്ചം. എന്നിരുന്നാലും, 50-54 മണിക്കൂര്‍ എടുക്കുന്ന 2,500 കിലോമീറ്ററില്‍ കൂടുതല്‍ പാല്‍ എത്തിക്കുന്നതിന്റെ വെല്ലുവിളികള്‍ മുഖ്യമന്ത്രി അംഗീകരിച്ചു. മിച്ചമുള്ള പാലിന് പുതിയ വിപണി കണ്ടെത്തേണ്ടതുണ്ടെന്നും ക്രമേണ ഡല്‍ഹി-എന്‍സിആറില്‍ പ്രതിദിനം 5-6 ലക്ഷം ലിറ്റര്‍ വില്‍ക്കാന്‍ കെഎംഎഫിന് കഴിയണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഗതാഗത സമയത്ത് പാലിന്റെ ഗുണനിലവാരം നിലനിര്‍ത്തുമെന്ന് കെഎംഎഫ് ചെയര്‍മാന്‍ എല്‍ബിപി ഭീമനായിക് ഉറപ്പുനല്‍കി. വില്‍പ്പന സുഗമമാക്കുന്നതിനായി ഫെഡറേഷന്‍ ഇതിനകം ഡല്‍ഹി-എന്‍സിആര്‍ മേഖലയിലെ 40 ഡീലര്‍മാരുമായി പങ്കാളിത്തം നേടിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

26.76 ലക്ഷം പാല്‍ ഉത്പാദകരുടെയും 15,737 ക്ഷീര സഹകരണ സംഘങ്ങളുടെയും 15 ജില്ലാ പാല്‍ യൂണിയനുകളുടെയും ശക്തമായ അടിസ്ഥാന സൗകര്യങ്ങളുള്ള കെഎംഎഫിന് 25,000 കോടി രൂപയുടെ വിറ്റുവരവുമുണ്ട്. കൂടാതെ 25 രാജ്യങ്ങളിലേക്ക് പാലുല്‍പ്പന്നങ്ങള്‍ കയറ്റുമതി ചെയ്യുന്നു.