30 Oct 2023 5:07 AM GMT
Summary
• നമോ ഭാരത് ട്രെയിൻ അത്യാധുനിക സൗകര്യങ്ങളോട് കൂടിയതും, സുരക്ഷിതവുമായ ഒരു അതിവേഗ ലക്ഷ്വറി യാത്ര ഉറപ്പാക്കുന്നു. • 1700 പേർക്ക് യാത്രചെയ്യാവുന്ന നമോ ഭാരത് ട്രെയിനിൽ യാത്രക്കാർക്ക് 100 രൂപയുടെ പ്രീമിയം കോച്ച്, 50 രൂപയുടെ സ്റ്റാൻഡേഡ് കോച്ച് എന്നിവയിൽ യാത്ര ചെയ്യാം. • മുപ്പതിനായിരം കോടി രൂപയിലധികം ചിലവഴിച്ച് നിർമ്മാണം പൂർത്തിയാക്കുന്ന ഡൽഹി ഖാസിയാബാദ് മീററ്റ് കോറിഡോറുകൾ എ ഐ ടെക്ളജി എനേബിൾഡ് സെക്യൂരിറ്റി സിസ്റ്റം വഴി സുരക്ഷിതമാക്കിയിരിക്കുന്നു.
നഗര ഗതാഗതത്തെ മാറ്റിമറിക്കുവാന്‍ പോകുന്ന രാജ്യത്തെ ആദ്യത്തെ റീജണല്‍ റാപ്പിഡ് ട്രാന്‍സിറ്റ് സിസ്റ്റം ( ആര്‍ ആര്‍ടിഎസ്) ഉദ്ഘാടനം ചെയ്തിരിക്കുകയാണ്. എണ്‍പത്തിരണ്ടു കിലോമീറ്ററോളം ദൂരം വരുന്ന ഡല്‍ഹി- മീററ്റ് പാതയില്‍ സഹീബാബാദ്-ദുഹായ് ഡിപ്പോ ( ദൂരം 17 കിലോമീറ്റര്‍) റൂട്ടില്‍ നമോ ഭാരത് ട്രെയിന്‍ സര്‍വീസ് ആണ് ആരംഭിച്ചിട്ടുള്ളത്. ഒക്ടോബര്‍ 20-ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ആദ്യ സര്‍വീസ് ഉദ്ഘാടനം ചെയ്തത്. ആര്‍ആര്‍ടിഎസ് എന്ന് അറിയപ്പെടുന്ന ഈ സെമി ഹൈ സ്പീഡ് റീജിയണല്‍ റാപിഡ് ട്രാന്‍സിറ്റ് സിസ്റ്റം പ്രധാന നഗരങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്നു. ഈ ട്രാന്‍സിറ്റ് സിസ്റ്റം വഴി കേവലം 15 മിനിറ്റു കൊണ്ട് നഗരങ്ങള്‍തോറും സഞ്ചരിക്കാം. ഭാഗികമായി സര്‍വീസ് ആരംഭിച്ച ഡല്‍ഹി- ഗാസിയാബാദ്- മീററ്റ് ആര്‍ആര്‍ടിസി 2025 ജൂണോടെ പൂര്‍ണതോതില്‍ പ്രവര്‍ത്തിച്ചു തുടങ്ങും.
എന്‍സിആര്‍ മേഖലയെ മാറ്റിമറിക്കും
നമോ ഭാരത് ട്രെയിന്‍ ഡല്‍ഹി എന്‍സിആര്‍ മേഖലയിലെ ഗതാഗത സംവിധാനത്തില്‍ ഒരു വിപ്ലവം തന്നെ സൃഷ്ടിക്കുമെന്ന് പ്രതീക്ഷിക്കുന്നു. നമോ ഭാരത് ട്രെയിന്‍ സര്‍വീസ് ഡല്‍ഹിയും മീററ്റും തമ്മിലുള്ള യാത്രാസമയം 2.5 മണിക്കൂറില്‍ നിന്ന് ഒരു മണിക്കൂറിലും താഴെയാക്കി കുറയ്ക്കും. പ്രധാന വ്യവസായ കേന്ദ്രങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്നതിലൂടെ ഈ മേഖലയിലെ സാമ്പത്തിക വികസനത്തിനും നമോ ഭാരത് മുതല്‍കൂട്ടാകും.
ഇന്ത്യയിലെ ആദ്യത്തെ ആര്‍ആര്‍ടിഎസ് ട്രെയിന്‍ എന്ന പ്രേത്യേകത കൂടാതെ രാജ്യത്തിന്റെ എഞ്ചിനീയറിംഗ് നിര്‍മ്മാണ ശേഷിയുടെ തെളിവും, ഇന്ത്യന്‍ ഗതാഗത സാങ്കേതികവിദ്യയിലെ വളര്‍ച്ചയുടെ പ്രതീകം കൂടിയാണ് നമോ ഭാരത് ട്രെയിന്‍.
സവിശേഷകളോടെ നമോഭാരത്
നഗര ഗതാതത്തിലേക്കു കടന്നുവന്നിട്ടുള്ള നമോ ഭാരത്് ട്രെയിന്‍ സ്വദേശി നിര്‍മിതമാണ്. അത്യാധുനിക സൗകര്യങ്ങളോടെ ചുരുങ്ങിയ ചെലവില്‍ നഗരയാത്ര ചെയ്യാന്‍ രൂപകല്‍പ്പന ചെയ്തിട്ടുള്ളതാണ് നമോഭാരത് ട്രെയിന്‍. മാത്രമല്ല, ലോകോത്തര നിലവാരത്തിലുള്ള ഗതാഗത അടിസ്ഥാനസൗകര്യം ഇന്ത്യന്‍ നഗരങ്ങളിലേക്ക് കൊണ്ടുവരുന്നതിന്റെ ആദ്യ ചുവടുവെപ്പ് കൂടിയാണ് നമോ ഭാരത് ട്രെയിന്‍.
മണിക്കൂറില്‍ 180 കിലോമീറ്റര്‍ പരമാവധി വേഗതയില്‍ സഞ്ചരിക്കാന്‍ രൂപകല്‍പ്പന ചെയ്തിട്ടുള്ള നമോ ഭാരത് ഡല്‍ഹി എന്‍സിആര്‍ മേഖലയിലെ പ്രധാന നഗരങ്ങളെയും, പട്ടണങ്ങളെയും തമ്മില്‍ ബന്ധിപ്പിക്കും. ഫ്രഞ്ച് റോളിംഗ് സ്റ്റോക്ക് നിര്‍മ്മാതാക്കളായ അല്‍സ്റ്റോമിന്റെ തെലങ്കാനയിലെ ഹൈദരാബാദ് എഞ്ചിനീയറിംഗ് സെന്റര്‍ല്‍ ഡിസൈന്‍ ചെയ്ത നമോ ഭാരത് ഗുജറാത്തിലെ വഡോദര ജില്ലയിലെ സാവ്ലിയിലാണ് നിര്‍മ്മാണം പൂര്‍ത്തിയാക്കിയിട്ടുള്ളത്.
1700 പേര്‍ക്ക് യാത്രചെയ്യാവുന്ന നമോ ഭാരത് ട്രെയിനില്‍ യാത്രക്കാര്‍ക്ക് 100 രൂപയുടെ പ്രീമിയം കോച്ച്, 50 രൂപയുടെ സ്റ്റാന്‍ഡേഡ് കോച്ച് എന്നിവയില്‍ യാത്ര ചെയ്യാം. സുരക്ഷിതവും, കാര്യക്ഷമവുമായ പ്രവര്‍ത്തനം ഉറപ്പാക്കുന്ന അത്യാധുനിക ട്രെയിന്‍ കണ്‍ട്രോള്‍ സിസ്റ്റം, റീജനറേറ്റീവ് ബ്രേക്കിംഗ് തുടങ്ങി നിരവധി സവിശേഷതകളോടെയാണ് നമോ ഭാരത് ട്രെയിന്‍ എത്തുന്നത്.
സ്റ്റേഷനുകളില്‍ പ്രവേശിക്കുന്ന സമയത്ത് യാത്രക്കാരുടെ സുരക്ഷാ പരിശോധനയ്ക്കായി മള്‍ട്ടി സോണ്‍ ഡോര്‍ ഫ്രെയിം മെറ്റല്‍ ഡിറ്റക്ടര്‍ (ഡി എഫ് എം ഡി ) സ്ഥാപിച്ചിട്ടുണ്ട്. ഇത് യത്രക്കാരുടെ തല മുതല്‍ കാല്‍ വരെ പൂര്‍ണ്ണമായ സ്‌ക്രീനിംഗ് നടത്തുകയും അതുവഴി സുരക്ഷാ വീഴ്ചകള്‍ സംഭവിക്കുന്നത് തടയുകയും ചെയ്യും. കൂടാതെ ആര്‍ആര്‍ടിഎസ് സ്റ്റേഷനുകളിലെ എ ഐ പ്രവര്‍ത്തനക്ഷമമായ ബാഗേജ് സ്‌കാനറുകള്‍ നിയന്ത്രിത, നിരോധിത ഇനം വസ്തുക്കള്‍ തിരിച്ചറിയുകയും ഓപ്പറേറ്ററെ അറിയിക്കുകയും ചെയ്യും.
മുപ്പതിനായിരം കോടി രൂപയിലധികം ചെലവഴിച്ച് നിര്‍മ്മാണം പൂര്‍ത്തിയാക്കുന്ന ഡല്‍ഹി-ഗാസിയാബാദ്-മീററ്റ് കോറിഡോറുകള്‍ എ ഐ ടെക്‌ളജി എനേബിള്‍ഡ് സെക്യൂരിറ്റി സിസ്റ്റം വഴി സുരക്ഷിതമാക്കിയിരിക്കുന്നു. നിരോധനം ഏര്‍പ്പെടുത്തിയ വസ്തുക്കള്‍ കടത്തുന്നത് കണ്ടെത്തുവാനും മറ്റ് കുറ്റകൃത്യങ്ങള്‍ തടയാനുംഇത് സെക്യൂരിറ്റി ജീവനക്കാരെ സഹായിക്കും.
സ്ത്രീ ശാക്തീകരണത്തിന്റെ പ്രതീകം
ലോക്കോ പൈലറ്റ് മുതല്‍ ക്രൂ വരെയുള്ള വനിതകളുടെ ടീം ആണ് നമോ ഭാരത് സര്‍വീസിനെ നയിക്കുന്നത് എന്നതാണ് മറ്റൊരു പ്രേത്യേകത. രാജ്യത്തെ സ്ത്രീ ശാക്തീകരണത്തിന്റെ മുദ്രയാണ് നമോ ഭാരത് എന്നും ജീവക്കാര്‍ മുഴുവനും വനിതകളാണെന്നുള്ളത് ഇന്ത്യയുടെ മുന്നേറുന്ന സ്ത്രീ ശാക്തീകരണത്തിന്റെ ശക്തമായ പ്രതീകമാണ് എന്നും 'നമോ ഭാരത്' ഉദ്ഘാടനം ചെയ്ത വേളയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.
അകത്തള രൂപകല്‍പ്പന
നമോ ഭാരത് ട്രെയിന്‍ അത്യാധുനിക സൗകര്യങ്ങളോട് കൂടിയതും സുരക്ഷിതവുമായ ഒരു അതിവേഗ ലക്ഷ്വറി യാത്ര ഉറപ്പാക്കുന്നു. ഓരോ കോച്ചിലും വൈ ഫൈ, സി സി ടി വി ക്യാമകള്‍, എമര്‍ജന്‍സി ടാല്‍ക് ബാക്ക് ബട്ടന്‍സ്, ഇന്‍ഫര്‍മേഷന്‍ സ്‌ക്രീന്‍സ്, ഓവര്‍ഹെഡ് ലഗ്ഗ്‌ഗേജ് റാക്സ് എന്നിവയും ഓരോ സീറ്റിലും ലാപ്‌ടോപ്പ്, മൊബൈല്‍ ചാര്‍ജിംഗ് ഔട്ട്‌ലെറ്റ് ഓപ്ഷനുകള്‍ എന്നിവയും ഉള്‍പ്പെടുന്നു. ട്രെയിനില്‍ വീല്‍ചെയര്‍ സൗകര്യം, സ്ത്രീകള്‍ക്കും, കുട്ടികള്‍ക്കും പ്രേത്യേക കോച്ച് എന്നീ സൗകര്യങ്ങള്‍ ഒരുക്കുകയും ചെയ്തിരിക്കുന്നു.
യൂറോപ്യന്‍ ട്രെയിന്‍ കണ്‍ട്രോള്‍ സംവിധാനം (ഇടിസിഎസ്)
ഇടിസിഎസ് ലെവല്‍ മൂന്ന് (യൂറോപ്യന്‍ ട്രെയിന്‍ കണ്‍ട്രോള്‍ സംവിധാനം) സിഗ്‌നലിംഗ് സിസ്റ്റം ആണ് നമോ ഭാരത് ട്രെയിനില്‍ ഉപയോഗിക്കുന്നത്. ഇടിസിഎസ് ലെവല്‍ മൂന്ന് എന്നത് പൂര്‍ണ്ണ റേഡിയോ അധിഷ്ഠിത സിഗ്‌നലിങ് സംവിധാനമാണ്. ഉയര്‍ന്ന കാര്യക്ഷമതയും സുരക്ഷിതത്വവും ഉറപ്പാക്കുന്നതും അപകടങ്ങള്‍ തടയാന്‍ സഹായിക്കുന്നതുമായ ട്രെയിന്‍ പ്രൊട്ടക്ഷന്‍ സംവിധാനമാണ് ഇടിസിഎസ്.
ഇടിസിഎസിന്റെ എ ടി പി (ഓട്ടോമാറ്റിക് ട്രെയിന്‍ പ്രൊട്ടക്ഷന്‍) സംവിധാനം ഉപയോഗിച്ച് വേഗത പരിധികള്‍ നിയന്ത്രിക്കുകയും, നടപ്പിലാക്കുകയും ചെയ്യുന്നതുകൊണ്ട് അപകടസാധ്യതകള്‍ ഇല്ലാതാകുന്നു. സിഗ്‌നലുകള്‍ വഴി പാളത്തിന്റെ അവസ്ഥ മനസിലാക്കി ട്രെയിനിന്റെ വേഗം നിയന്ത്രിക്കുന്നതിലൂടെ എല്ലായ്പ്പോഴും സുരക്ഷിത പ്രവര്‍ത്തനം ഉറപ്പാക്കുന്നു. ഇടിസി എസ് ലെവല്‍ 3 സിഗ്‌നലിംഗ് സംവിധാനം നടപ്പാക്കുന്നതിലൂടെ ഇന്ത്യന്‍ റെയില്‍വേയുടെ സുരക്ഷ, കാര്യക്ഷമത, ശേഷി എന്നിവ ഗണ്യമായി മെച്ചപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.