image

5 March 2025 7:10 PM IST

News

മുത്തൂറ്റ് മൈക്രോഫിന്‍ ഇ കെവൈസി ലൈസന്‍സ് നേടി; ഡിജിറ്റല്‍ ഓണ്‍ബോര്‍ഡിങ് പ്രക്രിയ ഉടന്‍

MyFin Desk

മുത്തൂറ്റ് മൈക്രോഫിന്‍ ഇ കെവൈസി ലൈസന്‍സ് നേടി; ഡിജിറ്റല്‍ ഓണ്‍ബോര്‍ഡിങ് പ്രക്രിയ ഉടന്‍
X

പ്രമുഖ മൈക്രോഫിനാന്‍സ് സ്ഥാപനമായ മുത്തൂറ്റ് മൈക്രോഫിന്‍ ഉപഭോക്താക്കളെ ചേര്‍ക്കുന്നതിനായി ആധാര്‍ സജ്ജമായ ഇ-കെവൈസി ചെയ്യുന്നതിനുള്ള അനുമതി നേടി. ഇതിലൂടെ കമ്പനി സമ്പൂര്‍ണ്ണ ഡിജിറ്റല്‍ ഇ-കെവൈസി പ്രക്രിയ അവതരിപ്പിക്കാന്‍ തയ്യാറെടുക്കുന്നു. ഇത് ഇന്ത്യയിലുടനീളമുള്ള ഗ്രാമീണ വനിതാ സംരംഭകര്‍ക്കും, ജോയിന്‍റ്-ലെന്‍ഡിംഗ് ഗ്രൂപ്പുകള്‍ക്കും (ജെഎല്‍ജി) മറ്റ് പിന്നോക്കം നില്‍ക്കുന്ന സമൂഹങ്ങള്‍ക്കും തടസ്സമില്ലാത്തതും പേപ്പര്‍ രഹിതവുമായ ഓണ്‍ബോര്‍ഡിംഗ് സാധ്യമാക്കും.

ഇ-കെവൈസി ലൈസന്‍സ് ലഭിച്ചതോടെ ആധാര്‍ അടിസ്ഥാനമാക്കിയുള്ള ഓതന്‍റിക്കേഷന്‍, ബയോമെട്രിക് പരിശോധന, ഒടിപി അടിസ്ഥാനമാക്കിയുള്ള വാലിഡേഷന്‍ എന്നിവ ഉപയോഗിച്ച് മുത്തൂറ്റ് മൈക്രോഫിന്‍ വേഗമേറിയതും സുരക്ഷിതവുമായ ഡിജിറ്റല്‍ ഓണ്‍ബോര്‍ഡിംഗ് പ്രക്രിയ ഉടന്‍ പുറത്തിറക്കും. കൃത്യമായ ഉപഭോക്തൃ തിരിച്ചറിയല്‍ ഉറപ്പാക്കുന്നതിലൂടെ മൈക്രോഫിനാന്‍സ് മേഖലയിലെ അമിത കടബാധ്യതയുടെ വര്‍ദ്ധിച്ചുവരുന്ന പ്രശ്നത്തിന് ഒരു നിര്‍ണായക പരിഹാരമായി ഇ-കെവൈസി മാറും. ഇത് വായ്പ നല്‍കുന്നവരെ വായ്പയെടുക്കുന്നവരുടെ ധനകാര്യ ബാധ്യത ഫലപ്രദമായി വിലയിരുത്താനും സാമ്പത്തിക റിസ്ക് കുറക്കാനും സഹായിക്കുന്നു. ഈ പദ്ധതി കടലാസ് രേഖകളുടെ ആവശ്യം ഇല്ലാതാക്കുകയും പ്രക്രിയ ലളിതമാക്കുന്നതിനൊപ്പം മെച്ചപ്പെട്ട സൗകര്യവും ഡാറ്റാ സുരക്ഷയും ഉറപ്പാക്കുകയും ചെയ്യും.

ഗ്രാമീണമേഖലയിലെ ആളുകള്‍ നേരിടുന്ന പ്രധാന സാമ്പത്തിക വെല്ലുവിളിക്ക് പരിഹാരമായാണ് ഇ-കെവൈസി പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. സാമ്പത്തിക സേവനങ്ങളിലേക്കുള്ള പരിമിതമായ പ്രവേശനം, സമയമെടുക്കുന്ന ഓണ്‍ബോര്‍ഡിംഗ്, തിരിച്ചറിയല്‍ പരിശോധനയിലെ തടസ്സങ്ങള്‍ എന്നിവ ഉള്‍പ്പെടുന്നു. ഡിജിറ്റല്‍ സാമ്പത്തിക സേവനങ്ങള്‍ ആത്മവിശ്വാസത്തോടെ കൈകാര്യം ചെയ്യാന്‍ സഹായിക്കുന്നതിനായി പ്രാദേശിക ഭാഷകളില്‍ സാമ്പത്തിക അവബോധം വര്‍ദ്ധിപ്പിക്കുന്ന പദ്ധതികളും കമ്പനി അവതരിപ്പിക്കും.

മുത്തൂറ്റ് മൈക്രോഫിന്‍ പ്രവര്‍ത്തിക്കുന്ന എല്ലാ സംസ്ഥാനങ്ങളിലും ഇ-കെവൈസി പദ്ധതി നടപ്പാക്കും. പദ്ധതി ആരംഭിച്ചുകഴിയുമ്പോള്‍ ഉപഭോക്താക്കള്‍ക്ക് ഡിജിറ്റലായി ഓണ്‍ബോര്‍ഡ് ചെയ്യാനും മൈക്രോലോണുകളും ഇന്‍ഷുറന്‍സും ഉള്‍പ്പെടെയുള്ള വിവിധ സാമ്പത്തിക സേവനങ്ങള്‍ നേടാനും സാമ്പത്തിക സ്വയംപര്യാപ്തത കൈവരിക്കാനും കഴിയും.

ഗ്രാമീണ സമൂഹങ്ങള്‍ക്ക് സാമ്പത്തിക സേവനങ്ങള്‍ എളുപ്പത്തിലും സുരക്ഷിതമായും കാര്യക്ഷമമായും ലഭ്യമാക്കാന്‍ പ്രതിജ്ഞാബദ്ധരാണ്. ഇ-കെവൈസി ലൈസന്‍സ് കൂടുതല്‍ സാമ്പത്തിക ഉള്‍പ്പെടുത്തലിലേക്കുള്ള ഒരു നിര്‍ണായക ചുവടുവെയ്പ്പാണ്. ഡിജിറ്റല്‍ മുന്നേറ്റങ്ങളിലൂടെ സാമ്പത്തിക സേവനങ്ങള്‍ക്കുള്ള തടസ്സങ്ങള്‍ നീക്കാനും വിദൂര പ്രദേശങ്ങളിലേക്കും ലളിതവും സുരക്ഷിതവുമായ സാമ്പത്തിക സേവനങ്ങള്‍ എത്തിക്കാനുമാണ് ലക്ഷ്യമിടുന്നതെന്ന് മുത്തൂറ്റ് മൈക്രോഫിന്‍ സിഇഒ സദാഫ് സയീദ് പറഞ്ഞു.