image

11 April 2024 10:42 AM IST

News

മോദിയുമായുള്ള കൂടിക്കാഴ്ചക്ക് കാത്തിരിക്കുന്നതായി മസ്‌ക്

MyFin Desk

മോദിയുമായുള്ള കൂടിക്കാഴ്ചക്ക്   കാത്തിരിക്കുന്നതായി മസ്‌ക്
X

Summary

  • മസ്‌കിന്റെ സന്ദര്‍ശന സമയത്ത് പുതിയ പ്ലാന്റ് സംബന്ധിച്ച തീരുമാനം കൈക്കൊള്ളുമെന്നാണ് പ്രതീക്ഷ
  • ഇന്ത്യ പുതിയ വാഹന നയം പ്രഖ്യാപിച്ചതിനു പിന്നാലെയാണ് ടെസ്ല സിഇഒയുടെ പ്രഖ്യാപനം
  • നിര്‍മ്മാണ പ്ലാന്റിനായി സൈറ്റുകള്‍ പരിശോധിക്കുന്നതിന് ടെസ്ല ഉദ്യോഗസ്ഥര്‍ ഈ മാസം ഇന്ത്യയിലെത്തുമെന്ന് റിപ്പോര്‍ട്ട്


ഇന്ത്യാ സന്ദര്‍ശനത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ സ്ഥിരീകരിച്ച് ടെസ്ല മേധാവി എലോണ്‍ മസ്‌ക്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണാന്‍ ആഗ്രഹിക്കുന്നുവെന്ന് അദ്ദേഹം എക്‌സില്‍ കുറിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായുള്ള കൂടിക്കാഴ്ചയ്ക്കായി കാത്തിരിക്കുകയാണെന്നാണ് അദ്ദേഹത്തിന്റെ പോസ്റ്റ്. എന്നാല്‍ കൂടിക്കാഴ്ച എപ്പോള്‍ നടക്കും എന്നതിനെക്കുറിച്ച് ടെസ്ല സിഇഒ വെളിപ്പെടുത്തിയിട്ടില്ല.

അതേസമയം എലോണ്‍ മസ്‌ക് ഈ മാസം അവസാനം ഇന്ത്യ സന്ദര്‍ശിക്കുമെന്നും രാജ്യത്ത് നിക്ഷേപം നടത്താനും ഇവിടെ പുതിയ ഫാക്ടറി തുറക്കാനുമുള്ള പദ്ധതിയെക്കുറിച്ച് പ്രഖ്യാപനം നടത്തുമെന്ന് പ്രതീക്ഷിക്കുന്നതായി റോയിട്ടേഴ്സ് നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

സ്പേസ് എക്സിന്റെ സ്ഥാപകന്‍ കൂടിയായ മസ്‌ക് കഴിഞ്ഞ വര്‍ഷം ജൂണില്‍ യുഎസില്‍ പ്രധാനമന്ത്രി മോദിയെ കാണുകയും സ്വയം ഒരു 'ആരാധകന്‍' എന്ന് വിശേഷിപ്പിക്കുകയും ചെയ്തിരുന്നു. ''ടെസ്ല ഇന്ത്യയില്‍ ഉണ്ടാകുമെന്നും മനുഷ്യസാധ്യമായത്ര വേഗത്തില്‍ അത് ചെയ്യുമെന്നും എനിക്ക് ഉറപ്പുണ്ട്,'' ഇലക്ട്രിക് കാര്‍ നിര്‍മ്മാതാവ് അന്ന് സൂചിപ്പിച്ചിരുന്നു.

ആഗോള നിര്‍മ്മാതാക്കളുടെ നിക്ഷേപം ആകര്‍ഷിക്കുന്നതിനായി' നിശ്ചിത എണ്ണം ഇവികളുടെ ഇറക്കുമതിയില്‍ 85 ശതമാനം വരെ നികുതി വെട്ടിക്കുറയ്ക്കുന്ന പുതിയ ഇലക്ട്രിക് വാഹന നയം ഇന്ത്യ പ്രഖ്യാപിച്ച് ഒരു മാസത്തിനുള്ളിലാണ് ശതകോടീശ്വരന്റെ സന്ദര്‍ശന പ്രഖ്യാപനം.

പോളിസി പ്രകാരം, പാസഞ്ചര്‍ ഇലക്ട്രിക് കാറുകള്‍ക്കായി നിര്‍മ്മാണ സൗകര്യങ്ങള്‍ സ്ഥാപിക്കുന്ന കമ്പനികള്‍ക്ക് 35,000 ഡോളര്‍ (ഏകദേശം 29 ലക്ഷം രൂപ) വിലയുള്ള വാഹനങ്ങള്‍ക്ക് 15 ശതമാനം കുറഞ്ഞ കസ്റ്റംസ് അല്ലെങ്കില്‍ ഇറക്കുമതി തീരുവയില്‍ പരിമിതമായ എണ്ണം യൂണിറ്റുകള്‍ ഇറക്കുമതി ചെയ്യാന്‍ അനുവദിക്കും. ഇതിന് അഞ്ച് വര്‍ഷത്തെ കാലയളവ് ആണ് ഉണ്ടാകുക.

ഇതിന് ഇവി നിര്‍മ്മാതാക്കള്‍ കുറഞ്ഞത് 4,150 കോടി രൂപ (500 മില്യണ്‍ ഡോളര്‍) നിക്ഷേപിക്കേണ്ടതുണ്ട്. കൂടാതെ അവര്‍ക്ക് ഇന്ത്യയില്‍ നിര്‍മ്മാണ സൗകര്യങ്ങള്‍ സ്ഥാപിക്കാന്‍ മൂന്ന് വര്‍ഷം നല്‍കുകയും ചെയ്യുന്നു. അഞ്ച് വര്‍ഷത്തിനുള്ളില്‍ 50% ആഭ്യന്തര മൂല്യവര്‍ധനവ് കൈവരിക്കുക എന്നതാണ് മറ്റൊരു പ്രധാന ആവശ്യം.

ഏകദേശം 2 ബില്യണ്‍ ഡോളര്‍ നിക്ഷേപം ആവശ്യമായ ഒരു നിര്‍മ്മാണ പ്ലാന്റിനായി സൈറ്റുകള്‍ പരിശോധിക്കുന്നതിനായി ടെസ്ല ഉദ്യോഗസ്ഥര്‍ ഏപ്രിലില്‍ ഇന്ത്യ സന്ദര്‍ശിക്കുമെന്ന് റോയിട്ടേഴ്സ് നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.