31 Oct 2023 6:53 AM
Summary
- സുരക്ഷ കര്‍ശനമാക്കിയാലും ഒരു സ്‌നൈപ്പര്‍ മതിയെന്ന് ഭീഷണി
- നാല്ദിവസത്തിനിടെ എത്തുന്ന മൂന്നാമത്തെ ഭീഷണി
- പോലീസ് അന്വേഷണം വ്യാപിപ്പിച്ചു
റിലയന്‍സ് ഇന്‍ഡസ്ട്രീസ് (ആര്‍ഐഎല്‍) ചെയര്‍മാന്‍ മുകേഷ് അംബാനിക്ക് മൂന്നാം തവണയും വധഭീഷണി. 400 കോടി രൂപ ആവശ്യപ്പെട്ട് അജ്ഞാതനില്‍ നിന്ന് തിങ്കളാഴ്ച ഈമെയില്‍ ഭീഷണി ലഭിച്ചതായി പോലീസ് സ്ഥിരീകരിച്ചു.സുരക്ഷ എത്ര കര്‍ശനമാക്കിയാലും 'ഒരു സ്നൈപ്പര്‍' മതിയെന്നായിരുന്നു അംബാനിക്ക് ലഭിച്ച മെയിലില്‍ പറഞ്ഞിരുന്നത്.
നാല് ദിവസത്തിനിടെ അംബാനിക്ക് അയച്ച മൂന്നാമത്തെ ഭീഷണി ഇമെയിലാണിതെന്ന് ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു.
വെള്ളിയാഴ്ചയാണ് മുകേഷ് അബാനിക്ക് ആദ്യ ഭീഷണിലഭിക്കുന്നത്. അതില്‍ 20 കോടി രൂപയായിരുന്നു ആവശ്യം. ഇതിനെത്തുടര്‍ന്ന് അദ്ദേഹത്തിന്റെ സുരക്ഷാ ചുമതലയുള്ള ഉദ്യോഗസ്ഥന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഗാംദേവി പോലീസ് സ്റ്റേഷനില്‍ നേരത്തെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു.
ശനിയാഴ്ച കമ്പനിക്ക് 200 കോടി രൂപ ആവശ്യപ്പെട്ട് മറ്റൊരു ഇമെയില്‍ ലഭിച്ചു.
തിങ്കളാഴ്ച കമ്പനിക്ക് മൂന്നാമത്തെ മെയിലും ലഭിച്ചതായി ഉദ്യോഗസ്ഥര്‍ പറയുന്നു. ഇതോടെ മെയില്‍ അയച്ചആള്‍ ആവശ്യം ഇരട്ടിയാക്കിയിട്ടുണ്ട്.
ഇമെയില്‍ അയച്ചയാളെ കണ്ടെത്താന്‍ മുംബൈ പോലീസും അവരുടെ ക്രൈംബ്രാഞ്ചും സൈബര്‍ സംഘവും പ്രവര്‍ത്തിക്കുന്നുണ്ടെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
നിലവില്‍ മുകേഷ് അംബാനിക്ക് ഭീഷണി സന്ദേശം അയച്ചത് വ്യാജ ഇമെയില്‍ വിലാസം വഴിയാണോ അതോ യഥാര്‍ത്ഥ ഇമെയില്‍ വിലാസം വഴിയാണോ എന്നാണ് മുംബൈ പോലീസ് അന്വേഷിക്കുന്നത്. ഇമെയില്‍ വിലാസത്തെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കാന്‍ മെയില്‍ പ്രൊവൈഡര്‍ കമ്പനിയുമായി ബന്ധപ്പെടാനും പോലീസ് ശ്രമിക്കുന്നു.
എല്ലാമെയിലുകളും ഒരു വിലാസത്തില്‍നിന്നാണ് വന്നതെന്ന് പറയപ്പെടുന്നു. എല്ലാറ്റിലും തുകയും ആവശ്യപ്പെട്ടിട്ടുണ്ട്.
കഴിഞ്ഞ വര്‍ഷം ബിഹാറിലെ ദര്‍ബംഗയില്‍ നിന്ന് അംബാനിക്കും കുടുംബാംഗങ്ങള്‍ക്കും വധഭീഷണി വിളിച്ചതിന് ഒരാളെ മുംബൈ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. മുംബൈയിലെ സര്‍ എച്ച്എന്‍ റിലയന്‍സ് ഫൗണ്ടേഷന്‍ ആശുപത്രി സ്ഫോടനം നടത്തുമെന്നും പ്രതികള്‍ അന്ന് ഭീഷണിപ്പെടുത്തിയിരുന്നു.
നിലവില്‍ മുകേഷ് അംബാനി ലോകത്തിലെ ഏറ്റവും സമ്പന്നനായ ഇന്ത്യക്കാരനാണ്. ബ്ലൂംബെര്‍ഗ് ബില്യണയര്‍ സൂചിക പ്രകാരം അംബാനിയുടെ ആസ്തി ഏകദേശം 8630 കോടി ഡോളറാണ്.