17 Oct 2023 10:21 AM IST
Summary
ആഗോള ജനസംഖ്യയുടെ ഏകദേശം 93 ശതമാനവും ഇന്റര്‍നെറ്റുമായി ബന്ധിപ്പിച്ചിരിക്കുന്നു
ഇന്ത്യയിലെ യുവാക്കളില്‍ പകുതിയിലധികം പേരും ദിവസവും 3 മണിക്കൂറിലധികം സമയം സോഷ്യല്‍ മീഡിയയിലും ഗെയിമിംഗ് പ്ലാറ്റ്‌ഫോമുകളിലും ചെലവഴിക്കുന്നുണ്ടെന്നു സമീപകാലത്തു നടന്ന ഒരു ദേശീയ സര്‍വേ സൂചിപ്പിക്കുന്നു.
വ്യാപകമായ സോഷ്യല്‍ മീഡിയ ഉപയോഗം വിഷാദരോഗത്തിലേക്കു നയിക്കുമെന്നു നിരവധി പഠനങ്ങള്‍ തെളിയിച്ചിട്ടുള്ളതാണ്. ഈ പശ്ചാത്തലത്തിലാണു ഞെട്ടിക്കുന്ന സര്‍വേ ഫലം പുറത്തുവന്നിരിക്കുന്നത്.
ഇന്ത്യയിലെ 50,000-ത്തോളം വരുന്ന രക്ഷിതാക്കളെ സമീപിച്ചു നടത്തിയ സര്‍വേയില്‍ കണ്ടെത്തിയത് 9 മുതല്‍ 17 വയസ്സു വരെ പ്രായമുള്ള 10-ല്‍ ആറു പേരും സോഷ്യല്‍ മീഡിയയിലോ, ഗെയിമിംഗ് പ്ലാറ്റ്‌ഫോമുകളിലോ പ്രതിദിനം 3 മണിക്കൂറിലധികം സമയം ചെലവഴിക്കുന്നുണ്ടെന്നാണ്.
സര്‍വേയില്‍ മഹാരാഷ്ട്രയില്‍നിന്നും പ്രതികരിച്ച 17 ശതമാനം രക്ഷിതാക്കളും തങ്ങളുടെ കുട്ടികള്‍ ദിവസവും ആറ് മണിക്കൂറിലധികം നേരം ഓണ്‍ലൈനില്‍ സമയം ചെലവഴിക്കുന്നുണ്ടെന്നു പറഞ്ഞു.
സര്‍വേയോടു പ്രതികരിച്ച ഇന്ത്യയിലുടനീളമുള്ള 22 ശതമാനം രക്ഷിതാക്കളും പറഞ്ഞത് സമാനമായ സമയം അവരുടെ മക്കളും ഓണ്‍ലൈനില്‍ ചെലവഴിക്കുന്നുണ്ടെന്നാണ്.
സോഷ്യല്‍ മീഡിയയിലോ ഗെയിമിങ്ങിലോ സമയം ചെലവഴിച്ചതിനു ശേഷം തങ്ങളുടെ കുട്ടിക്ക് 'സന്തോഷം' അനുഭവപ്പെടുന്നതായി 10 ശതമാനം രക്ഷിതാക്കള്‍ മാത്രമാണ് അഭിപ്രായപ്പെട്ടത്.
പോസിറ്റീവ് വശത്തേക്കാള്‍ സോഷ്യല്‍ മീഡിയ കൂടുതല്‍ നെഗറ്റീവ് ആഘാതം ഓരോ യൂസറിലും സൃഷ്ടിക്കുന്നുണ്ടെന്നു പഠനം വ്യക്തമാക്കുന്നു.
സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ലോക്കല്‍ സര്‍ക്കിള്‍സ് നടത്തിയ പഠനം വെളിപ്പെടുത്തുന്നത്, സോഷ്യല്‍ മീഡിയയുമായി ദീര്‍ഘനേരം ഇടപഴകുന്നതിലൂടെ അക്ഷമ, ഹൈപ്പര്‍ ആക്ടിവിറ്റി, വിഷാദം തുടങ്ങിയ മാനസികാരോഗ്യ പ്രശ്നങ്ങളുടെ സാധ്യത വര്‍ദ്ധിപ്പിക്കുന്നു എന്നാണ്.
ആഗോള ജനസംഖ്യയുടെ ഏകദേശം 93 ശതമാനവും ഇന്റര്‍നെറ്റുമായി ബന്ധിപ്പിച്ചിരിക്കുന്നു. അവരില്‍ ഏകദേശം 60 ശതമാനം, അതായത് 480 കോടി വ്യക്തികള്‍ സജീവ സോഷ്യല്‍ മീഡിയ ഉപയോക്താക്കളാണെന്നും പഠനം പറയുന്നു.