1 Aug 2023 11:16 AM GMT
Summary
- സംസ്ഥാനത്ത് മഴ കുറഞ്ഞത് ഓണവിപണിയെയും ബാധിക്കും
- സംസ്ഥാനത്ത് ലഭിച്ച മഴയുടെ അളവ് 856.50 മില്ലീമീറ്ററാണ്
- എല്‍ നിനോ കാലാവസ്ഥാ പാറ്റേണ്‍ കാരണം ഓഗസ്റ്റില്‍ മഴ കുറയും
മൺസൂൺ മഴയുടെ കുറവ് കേരളത്തെ കാര്യമായി ബാധിച്ചേക്കും. സീസൺ ആരംഭിച്ചു രണ്ടുമാസം കഴിഞ്ഞപ്പോൾ ഈ കാലയളവില്‍ ലഭിക്കേണ്ട മഴയിൽ 35 ശതമാനം കുറവാണു രേഖപ്പെടുത്തിയിരിക്കുന്നത്. . ഇത് സംസ്ഥാനത്തിലെ കാർഷിക പ്രവർത്തികളെ കാര്യമായി ബാധിക്കും. മണ്‍സൂണ്‍ മഴയിലെ കുറവ് നിത്യോപയോഗ സാധനങ്ങളുടെ വിലവര്‍ധനവിന് കാരണമായേക്കാം
കേരളത്തില്‍ ഇതുവരെ ലഭിച്ച മഴയുടെ അളവ് 856.50 മില്ലീമീറ്ററാണ്. എന്നാല്‍ ഇതേ കാലയളവില്‍ ലഭിക്കേണ്ടത് 1323.20 മില്ലീമീറ്റര്‍ മഴയായിരുന്നു. ഈ കുറവ് സംസ്ഥാനത്ത് വീണ്ടും ചൂടേറിയ കാലാവസ്ഥക്ക് വഴിതുറന്നു. ഓണവിപണിയില്‍ പച്ചക്കറികള്‍ സംസ്ഥാനത്ത് വളരേണ്ട സമയമാണിത്. എന്നാല്‍ കൊടും ചൂട് പച്ചക്കറി കൃഷിയെ സാരമായി ബാധിക്കും.
കേരളത്തെക്കൂടാതെ ബീഹാര്‍, ജാര്‍ഖണ്ഡ്, പശ്ചിമ ബംഗാള്‍, ത്രിപുര, മണിപ്പുര്‍,മിസോറാം എന്നീ സംസ്ഥാനങ്ങളിലും ആവശ്യമായ മഴലഭിച്ചിട്ടില്ല. ഇപ്പോള്‍ വരള്‍ച്ചാ സമാനമായ കാലവസ്ഥയാണ് കേരളത്തിലുള്ളത്. അതേസമയം രാജസ്ഥാന്‍, ഗുജറാത്ത് എന്നിവിടങ്ങളില്‍ വളരെ കൂടുതല്‍ മഴ ലഭിച്ചു. തെലങ്കാന,ഹരിയാന, പഞ്ചാബ്, ഹിമാചല്‍പ്രദേശ്, ജമ്മുകശ്മീര്‍,ലഡാക്ക് എന്നിവിടങ്ങളിലും മികച്ച മഴ ലഭ്യമായി.
എല്‍ നിനോ കാലാവസ്ഥാ പാറ്റേണ്‍ കാരണം ഓഗസ്റ്റില്‍ ഇന്ത്യയില്‍ ശരാശരിയിലും താഴെയുള്ള മഴ മാത്രമെ ലഭിക്കുകയുള്ളു എന്നാണ് വിലയിരുത്തപ്പെടുന്നത്. ജൂലൈയില്‍ ശരാശരിക്ക് മുകളിലുള്ള മഴ ലഭിച്ച സ്ഥലങ്ങളില്‍ മണ്‍സൂണ്‍വിളകളുടെ നടീല്‍ വേഗത്തിലായിട്ടുണ്ട്. കര്‍ണാടകത്തിലെ അതിതീവ്ര മഴ പല വിളകളെയും നശിപ്പിച്ചിരുന്നു. തക്കാളി വില വര്‍ധനവിനു പിന്നില്‍ കാലം തെറ്റിയ കാലാവസ്ഥയും അതിതീവ്ര മഴയും പങ്കാളികളാണ്. എങ്കിലും കര്‍ണാടകയിലും തമിഴ്‌നാട്ടിലും ഈ കാലയളവില്‍ ലഭിക്കുന്ന സാധാരണമഴ ലഭിച്ചതായി കണക്കുകള്‍ പറയുന്നു. തമിഴ്‌നാട്ടില്‍ ഇപ്പോള്‍ 122.60 മില്ലിമീറ്റര്‍ മഴ ലഭിക്കേണ്ടതാണ്. ഇതുവരെ 118.40 മില്ലിമീറ്റര്‍ മഴ ലഭിച്ചിട്ടുണ്ട്.
കര്‍ണാടകയില്‍ 461.60 മില്ലിമീറ്റര്‍ മഴ ലഭിക്കേണ്ടിടത്ത് 437.80 മില്ലിമീറ്റര്‍ മഴ ലഭിച്ചു.ഓഗസ്റ്റില്‍ രാജ്യത്ത് ലഭിക്കേണ്ട മഴ ദീര്‍ഘകാല ശരാശരിയുടെ 92 ശതമാനമാണെന്ന് കണക്കാക്കപ്പെടുന്നു. ജൂണ്‍ ഒന്നു മുതല്‍, മണ്‍സൂണ്‍ മഴ ഇന്ത്യയെ നനയ്ക്കാന്‍ തുടങ്ങും. കര്‍ഷകര്‍ സാധാരണയായി നെല്ല്, പരുത്തി, സോയാബീന്‍, കരിമ്പ്, നിലക്കടല എന്നിവ മറ്റ് വിളകള്‍ക്കിടയില്‍ നടാന്‍ തുടങ്ങുന്ന സമയംകൂടിയാണ് ഇത്. വിതയ്ക്കല്‍ സാധാരണയായി ജൂലൈ മുതല്‍ ഓഗസ്റ്റ് ആദ്യം വരെ നീണ്ടുനില്‍ക്കും. ഇന്ത്യയിലെ പകുതിയോളം കൃഷിയിടങ്ങളിലും ജലസേചനം ഇല്ലാത്തതിനാല്‍ വേനല്‍മഴ നിര്‍ണായകമാണ്.
ജൂണില്‍ ഇന്ത്യയില്‍ മഴ ശരാശരിയില്‍ 10 ശതമാനം കുറവായിരുന്നു. എന്നാല്‍ ചില സംസ്ഥാനങ്ങളില്‍ മഴയുടെ കുറവ് 60 ശതമാനത്തോളം കുറവായിരുന്നു.
രാജ്യത്ത് മൊത്തമുള്ള കണക്കുപരിശോധിക്കുമ്പോള്‍ ജൂലൈയില്‍ മണ്‍സൂണ്‍ മഴ ശരാശരിയേക്കാള്‍ 13 ശതമാനം കൂടുതലായിരുന്നു. ജൂണ്‍ 1 നും ജൂലൈ 31 നും ഇടയില്‍, ഇന്ത്യയില്‍ ശരാശരിയേക്കാള്‍ 5 ശതമാനം കൂടുതലുള്ള മണ്‍സൂണ്‍ മഴ ഉണ്ടായി. പക്ഷേ കേരളമടക്കമുള്ള സംസ്ഥാനങ്ങളില്‍ മഴകുറഞ്ഞത് പ്രതിസന്ധിയാകും. ഓണം പച്ചക്കറി വിപണിയില്‍ ഈ കാലാവസ്ഥാ വ്യതിയാനം വിലയുടെ രൂപത്തില്‍ പ്രതിഫലിക്കുമെന്നുറപ്പാണ്.