9 Sept 2023 11:21 AM
Summary
- രാജ്യങ്ങള്‍ തമ്മിലുള്ള പരസ്പര വിശ്വാസത്തിന് യുദ്ധം തിരിച്ചടിയായി
- പാന്‍ഡെമിക്കിനെ മറികടക്കാമെങ്കില്‍ അവിശ്വാസത്തെയും ഒഴിവാക്കാം
- ലോക രാജ്യങ്ങള്‍ ഒന്നിച്ചുനില്‍ക്കേണ്ട സമയമാണിത്
ലോകത്തെ അലട്ടിക്കൊണ്ടിരിക്കുന്ന പരസ്പര വിശ്വാസക്കുറവിനെ വിശ്വാസമാക്കിമാറ്റണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്തു. ജി 20 ഉച്ചകോടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
'കോവിഡ് -19 ന് ശേഷം, അവിശ്വാസം ഇന്ന് ലോകത്തിന് ഒരു വലിയ വെല്ലുവിളിയാണ്.യുദ്ധം അത് വര്‍ധിപ്പിച്ചു' ജി 20 ഉച്ചകോടിയുടെ ഉദ്ഘാടന സമ്മേളനത്തില്‍ മോദി പറഞ്ഞു.
' കോവിഡിനെ പരാജയപ്പെടുത്താന്‍ കഴിയുമെങ്കില്‍, ഈ പരസ്പര വിശ്വാസമില്ലായ്മയെ മറികടക്കാനും നമുക്ക് കഴിയും. ജി 20 യുടെ പ്രസിഡന്റ് എന്ന നിലയില്‍, ഈ ആഗോള വിശ്വാസക്കുറവ് വിശ്വാസത്തിലേക്ക് മാറ്റാന്‍ ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ ഇന്ത്യ ലോകത്തോട് ആഹ്വാനം ചെയ്യുന്നു. നാം ഒരുമിച്ചു നടക്കേണ്ട സമയമാണിത് ', അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കൊറോണ വൈറസ് പാന്‍ഡെമിക്കിനും 2022 ഫെബ്രുവരിയില്‍ റഷ്യയുടെ ഉക്രൈന്‍ അധിനിവേശത്തിനുശേഷം ആഗോള സമ്പദ് വ്യവസ്ഥതന്നെ പ്രക്ഷുബ്ധമായി. ഈ സാഹചര്യത്തിലാണ് പ്രധാനമന്ത്രിയുടെ ഈ അഭിപ്രായം പുറത്തുവന്നത്. ഉക്രൈന്‍ യുദ്ധം, പ്രത്യേകിച്ച്, റഷ്യയും പടിഞ്ഞാറും തമ്മില്‍ വലിയ വിള്ളലുണ്ടാക്കി. ഇത് ജി 20 അംഗങ്ങളെ ഒരുമിച്ച് കൊണ്ടുവരുന്നതിനും ഒരു സംയുക്ത പ്രസ്താവന പുറപ്പെടുവിക്കുന്നതിനും ഇന്ത്യക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു.
റഷ്യയുടെ ആക്രമണത്തെ ആഴത്തില്‍ അപലപിക്കാന്‍ അമേരിക്കയെപ്പോലുള്ള ലോകത്തിലെ മുന്‍നിര രാജ്യങ്ങള്‍ ആഗ്രഹിക്കുന്നു. അതേസമയം മോസ്‌കോ പിന്മാറാന്‍ വിസമ്മതിക്കുകയും തങ്ങളുടെ കാഴ്ചപ്പാടുകള്‍ പ്രതിഫലിപ്പിക്കാത്ത ഏത് സംയുക്ത പ്രസ്താവനയെയും എതിര്‍ക്കുമെന്നും പറഞ്ഞു.
അതേസമയം ജി 20 ഷെര്‍പ്പ അമിതാഭ് കാന്ത്, നേതാക്കളുടെ പ്രഖ്യാപനം 'ഏതാണ്ട് തയ്യാറാണ്' എന്നും അത് നേതാക്കളുടെ അംഗീകാരത്തിനായി അവരുടെ മുമ്പാകെ വയ്ക്കുമെന്നും പറഞ്ഞു.
'ആഗോള ക്രമത്തിലെ ക്രമക്കേട്, വടക്കും തെക്കും തമ്മിലുള്ള വിഭജനം, കിഴക്കും പടിഞ്ഞാറും തമ്മിലുള്ള വ്യത്യാസങ്ങള്‍, ഭക്ഷണം, ഇന്ധനം, വളം മാനേജ്‌മെന്റ്, തീവ്രവാദം, സൈബര്‍ സുരക്ഷ, ആരോഗ്യം, ഊര്‍ജം, ജല സുരക്ഷ - ഇവയെ നേരിടാന്‍ നാം ശക്തമായ പരിഹാരങ്ങള്‍ കണ്ടെത്തണം. ഭാവി തലമുറയ്ക്കായി ഈ വെല്ലുവിളികളെ നേരിടാന്‍ നാം ഉറച്ച പരിഹാരങ്ങള്‍ കണ്ടെത്തണം ' മോദി തന്റെ ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു.
ആഫ്രിക്കന്‍ യൂണിയനെ ജി20യില്‍ ഉള്‍പ്പെടുത്താനുള്ള ഇന്ത്യയുടെ നിര്‍ദ്ദേശം ഒരു രാജ്യവും എതിര്‍ത്തില്ലെങ്കിലും, മോദിയുടെ മുന്നിലുള്ള പ്ലക്കാര്‍ഡ് 'ഇന്ത്യ' എന്നല്ല, 'ഭാരത്' എന്ന് എഴുതിയത് ആഭ്യന്തര രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ക്ക് ആക്കം കൂട്ടും.