29 March 2024 7:38 AM
Summary
- കാലാവസ്ഥാ വ്യതിയാനം, സ്ത്രീ ശാക്തീകരണം, പുനരുപയോഗിക്കാവുന്ന ഊര്‍ജം എന്നിവയും പ്രധാനമന്ത്രിയും ഗേറ്റ്‌സും തമ്മിലുള്ള ചര്‍ച്ചയില്‍ വിഷയങ്ങളായി
- ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിനെ മാന്ത്രിക ഉപകരണായി ഉപയോഗിച്ചാല്‍ അത് അനീതിയിലേക്ക് നയിച്ചേക്കാമെന്ന് പ്രധാനമന്ത്രി
- എഐ ഒരു അവസരമാണെന്നും അതോടൊപ്പം വെല്ലുവിളികളുണ്ടെന്നും ബില്‍ ഗേറ്റ്‌സ്
ലോകം ഒരു ഡിജിറ്റല്‍ വിപ്ലവത്തിലൂടെ കടന്നുപോകുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഈ കാലഘട്ടത്തില്‍ ഡീപ് ഫെയ്ക്കിന്റെ വിപത്തിനെക്കുറിച്ചും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ മികവും തിരിച്ചറിയേണ്ടതുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദിയും വ്യവസായിയും ശതകോടീശ്വരനും മൈക്രോസോഫ്റ്റ് സഹസ്ഥാപകനുമായ ബില്‍ ഗേറ്റ്സുമായി തമ്മില്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് ഡീപ് ഫെയ്ക്ക് മുതല്‍ അടിസ്ഥാന സൗകര്യവികസനം വരെ ചര്‍ച്ചയായത്.
കാലാവസ്ഥാ വ്യതിയാനം, സ്ത്രീ ശാക്തീകരണം, പുനരുപയോഗിക്കാവുന്ന ഊര്‍ജം എന്നിവയും പ്രധാനമന്ത്രി മോദിയും ബില്‍ ഗേറ്റ്സും തമ്മില്‍ 45 മിനിറ്റ് നീണ്ട ആശയവിനിമയത്തില്‍ ചര്‍ച്ച ചെയ്യപ്പെട്ട വിഷയങ്ങളില്‍ ഉള്‍പ്പെടുന്നു. ചര്‍ച്ചയുടെ വീഡിയോയും പോസ്റ്റുചെയ്തിട്ടുണ്ട്.
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ) വളരെ പ്രധാനമാണ്. നാം അതിനെ ഒരു മാന്ത്രിക ഉപകരണമായി ഉപയോഗിക്കുകയാണെങ്കില്‍ അത് ഗുരുതരമായ അനീതിയിലേക്ക് നയിച്ചേക്കാം. അലസതകൊണ്ടാണ് എഐയെ ആശ്രയിക്കുന്നതെങ്കില്‍ അത് തെറ്റായ വഴിയുമാണ്. നമുക്ക് ചാറ്റ് ജിപിടിയുമായി ഒരു മത്സരം ഉണ്ടായിരിക്കുകയും എഐയെക്കാള്‍ മുന്നേറാന്‍ ശ്രമിക്കുകയും വേണം-പ്രധാനമന്ത്രി പറഞ്ഞു.
അതേസമയം ഇത് എഐയുടെ തുടക്കം മാത്രമാണെന്ന് ബില്‍ ഗേറ്റ്‌സ് സൂചിപ്പിച്ചു. നിങ്ങള്‍ക്ക് ബുദ്ധിമുട്ടാണെന്ന് തോന്നുന്ന കാര്യങ്ങള്‍ എഐ ചെയ്യും. തുടര്‍ന്ന് എളുപ്പമെന്ന് നിങ്ങള്‍ കരുതുന്ന എന്തെങ്കിലും ചെയ്യാന്‍ അത് പരാജയപ്പെടും. എഐ ഒരു വലിയ അവസരമാണെന്ന് തോന്നുന്നു, പക്ഷേ അതിനോടൊപ്പം കുറച്ച് വെല്ലുവിളികളും ഉണ്ട്, ഗേറ്റ്‌സ് വ്യക്തമാക്കി.
അടുത്തിടെ നടന്ന ജി20 ഉച്ചകോടിയില്‍ ഇന്ത്യ അക മികച്ച രീതിയില്‍ ഉപയോഗിച്ചതായി മോദി പറഞ്ഞു. ജി20 കാമ്പസില്‍ ഭാഷാ വ്യാഖ്യാനത്തിനായി എഐ അടിസ്ഥാനമാക്കിയുള്ള പരിഹാരങ്ങള്‍ അവതരിപ്പിച്ചു. ഉദാഹരണത്തിന്, ഒരു പ്രാദേശിക ഡ്രൈവര്‍ക്ക് എഐ പ്രാപ്തമാക്കിയ വോയ്സ് ആപ്പിന്റെ സഹായത്തോടെ ഒരു വിദേശ പ്രതിനിധിയുമായി സംഭാഷണം നടത്താം- പ്രധാനമന്ത്രി വിശദീകരിച്ചു.
എഐയുടെ ഉപയോഗം നമുക്ക് ഒരു വലിയ അവസരം നല്‍കുന്നു, എന്നാല്‍ അതില്‍ ചില വെല്ലുവിളികളും ഉള്‍പ്പെടുന്നു. ഇന്ത്യ അതിനെ എങ്ങനെ സമീപിക്കുമെന്ന് ബില്‍ ഗേറ്റ്‌സ് ചോദിച്ചു.
പരിശീലനത്തിന്റെ അഭാവം മൂലം എഐ ഉയര്‍ത്തിയ വെല്ലുവിളികള്‍ പരിഹരിച്ചതായി മോദി പറഞ്ഞു.എന്തെങ്കിലും എഐ ജനറേറ്റഡ് ആണെങ്കില്‍, അത് എഐ ജനറേറ്റഡ് ആണെന്ന് മുന്‍കൂട്ടി പറയണം. ഉദാഹരണത്തിന് ഡീപ്‌ഫെയ്ക്ക് എടുക്കുക. ആളുകളെ കബളിപ്പിക്കാന്‍ ചില ആളുകള്‍ മറ്റുള്ളവരുടെ ശബ്ദങ്ങള്‍ ദുരുദ്ദേശ്യപരമായ പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കുന്നു, അദ്ദേഹം പറഞ്ഞു. ആരെങ്കിലും തന്റെ വ്യാജ ശബ്ദം ഉപയോഗിക്കുമ്പോള്‍ അത് കുഴപ്പം സൃഷ്ടിക്കുന്നതായും പ്രധാനമന്ത്രി പറഞ്ഞു.
ഡിജിറ്റല്‍ സാങ്കേതികവിദ്യ രാജ്യത്തിന് കാര്യമായ നേട്ടങ്ങള്‍ ഉണ്ടാക്കിയതായി അദ്ദേഹം വിശദീകരിച്ചു. നാലാം വ്യാവസായിക വിപ്ലവത്തെ സംബന്ധിച്ചിടത്തോളം, ഡിജിറ്റല്‍ സാങ്കേതിക വിദ്യയുടെ കാതല്‍ കൊണ്ട് ഇന്ത്യ വന്‍ കുതിച്ചുചാട്ടം നടത്തുമെന്ന് തനിക്ക് ഉറച്ച വിശ്വാസമുണ്ടെന്നും മോദി കൂട്ടിച്ചേര്‍ത്തു.
ഇന്ത്യയിലെ ഡിജിറ്റല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ദിനംപ്രതി മെച്ചപ്പെടുകയാണെന്നും ആളുകള്‍ ഐഡന്റിറ്റി സിസ്റ്റം, ഡിജിറ്റല്‍ പേയ്മെന്റ് സിസ്റ്റം എന്നിവയെക്കുറിച്ച് കൂടുതല്‍ അവബോധമുള്ളവരാകുന്നുവെന്നും ഗേറ്റ്‌സ് പറഞ്ഞു.