9 Sept 2023 10:31 AM IST
Summary
- സെമികണ്ടക്റ്റര്‍ വിതരണ ശൃംഖല വികസിപ്പിക്കും
- ചന്ദ്രയാന്‍-3 ദൗത്യത്തിന് യുഎസിന്റെ അഭിനന്ദനം
ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷിബന്ധങ്ങള്‍ കൂടുതല്‍ ശക്തമാക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ജോ ബൈഡനും തീരുമാനിച്ചു. ജി 20 നേതാക്കളുടെ ഉച്ചകോടിക്ക് മുമ്പ് നടത്തിയ കൂടിക്കാഴ്ചയിലാണ് തീരുമാനം. സെമികണ്ടക്റ്റര്‍ വിതരണ ശൃംഖല വികസിപ്പിക്കുന്നതിനുള്ള പ്രതിബദ്ധതയും ഇരു നേതാക്കളും ആവര്‍ത്തിച്ച് ഉറപ്പിച്ചു.
യുഎന്‍ സെക്യൂരിറ്റി കൗണ്‍സിലില്‍ സ്ഥിരാംഗത്വത്തിനുള്ള ഇന്ത്യയുടെ ദീര്‍ഘകാല ആവശ്യത്തിന് അമേരിക്കയുടെ പിന്തുണയും ബൈഡന്‍ ആവര്‍ത്തിച്ച് പ്രഖ്യാപിച്ചു. 2028-29 ല്‍ സ്ഥിരാംഗമല്ലാത്ത അംഗമെന്ന നിലയില്‍ യുഎന്‍എസ്സിയില്‍ ഇന്ത്യയുടെ സ്ഥാനാര്‍ത്ഥിത്വത്തിനുള്ള പിന്തുണയും പ്രകടിപ്പിച്ചു.
മോദിയുടെ യുഎസ് സന്ദര്‍ശനവേളയില്‍ എച്ച്എഎല്ലിന്റെ ലൈറ്റ് കോംബാറ്റ് എയര്‍ക്രാഫ്റ്റ് എംകെ 2-ന് വേണ്ടി ഇന്ത്യയില്‍ ജിഇ എഫ്-414 ജെറ്റ് എഞ്ചിനുകള്‍ നിര്‍മ്മിക്കുന്നതിനുള്ള ധാരണാപത്രത്തില്‍ ജനറല്‍ ഇലക്ട്രിക്കും ആന്‍ഡ് ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്‌സ് ലിമിറ്റഡും തമ്മില്‍ ഒപ്പുവെച്ചിരുന്നു. യുഎസ് കോണ്‍ഗ്രസിന് കരാറിനോട് എതിര്‍പ്പുകളുണ്ടായിരുന്നില്ല. അതിനര്‍ത്ഥം രണ്ട് സര്‍ക്കാരുകള്‍ക്കും ഇപ്പോള്‍ കരാറിന്റെ നിബന്ധനകള്‍ ചര്‍ച്ച ചെയ്യാന്‍ കഴിയും എന്നാണ്. ഇന്ത്യയിലേക്കുള്ള സാങ്കേതികവിദ്യയുടെ കൈമാറ്റം ഇതില്‍ ഉള്‍പ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.
യുഎസ് കമ്പനിയായ ജനറല്‍ ആറ്റോമിക്‌സില്‍ നിന്ന് എംക്യു-9ബി പ്രിഡേറ്റര്‍ ഡ്രോണുകള്‍ വാങ്ങാനുള്ള ഇന്ത്യയുടെ ആവശ്യകതസംബന്ധിച്ചും മോദിയും ബൈഡനും ചര്‍ച്ച നടത്തി.
യുഎസ് നാവികസേനയുടെ കപ്പലുകളുടെ അറ്റകുറ്റപ്പണികളുടെ കേന്ദ്രമെന്ന നിലയില്‍ ഇന്ത്യയുടെ പങ്കിനെ ബൈഡന്‍ പ്രകീര്‍ത്തിച്ചു. പ്രതിരോധ വ്യവസായത്തിലെ സ്വകാര്യ കമ്പനികളെ ഒരുമിച്ച് കൊണ്ടുവരാനുള്ള ശ്രമങ്ങള്‍ വര്‍ധിപ്പിക്കാനും തീരുമാനമായി. തന്ത്രപ്രധാനമായ സെമികണ്ടക്റ്റര്‍ വിഷയും ചര്‍ച്ചയില്‍ ഇടം പിടിച്ചു.
ശാസ്ത്രീയ സഹകരണം, ബഹിരാകാശ പര്യവേക്ഷണം, ക്വാണ്ടം കമ്പ്യൂട്ടിംഗ്, ബയോടെക്‌നോളജി എന്നിവയും ചര്‍ച്ചകളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു. ചന്ദ്രയാന്‍-3 ദൗത്യത്തിലൂടെ ഇന്ത്യ നേടിയ വിജയത്തിന് ബൈഡന്‍ മോദിയെ അഭിനന്ദിച്ചു. 5ജി, 6ജി, മറ്റ് നൂതന സാങ്കേതികവിദ്യകള്‍ എന്നിവയിലെ സഹകരണത്തെക്കുറിച്ചുള്ള ചര്‍ച്ചകളും നടന്നു.