27 Dec 2024 9:31 AM GMT
ദേശീയ ചിഹ്നം ദുരുപയോഗം ചെയ്താൽ ഇനി ജയിൽ ശിക്ഷയും കനത്ത പിഴയും ലഭിക്കും. രാഷ്ട്രപതിയുടെയും പ്രധാന മന്ത്രിയുടെയും ചിത്രങ്ങൾ, പേരുകൾ, ചിഹ്നങ്ങൾ എന്നിവയുൾപ്പെടെയുള്ള ദേശീയ ചിഹ്നങ്ങളുടെ അനധികൃത ഉപയോഗം തടയുന്നതിന്റെ ഭാഗമായാണ് തീരുമാനം. പുതിയ നിയമം അനുസരിച്ച് 5 ലക്ഷം രൂപ വരെ പിഴയും ജയിൽ ശിക്ഷയും വ്യവസ്ഥ ചെയ്ത് ശിക്ഷ കടുപ്പിക്കാനാണ് കേന്ദ്ര സർക്കാർ തീരുമാനം.
ദേശീയ ചിഹ്നവും മറ്റും ദുരുപയോഗം ചെയ്യുന്നത് സംബന്ധിച്ച് നിലവിലുള്ള 2 നിയമങ്ങൾ ചേർത്തുള്ള ഭേദഗതിയാണ് കേന്ദ്രം മുന്നോട്ടുവെക്കുന്നത്. 2005 ലെ സ്റ്റേറ്റ് എംബ്ലം ഓഫ് ഇന്ത്യ (അനുചിതമായ ഉപയോഗം തടയൽ) 1950 ലെ എംബ്ലങ്ങളും പേരുകളും (അനുചിതമായ ഉപയോഗം തടയൽ) എന്നീവ ഒരുവകുപ്പിന് കീഴിലാക്കാനാണ് ശ്രമം. നിലവിലെ നിയമപ്രകാരം ദേശീയചിഹ്നത്തെ അവഹേളിച്ചാൽ പിഴ 500 രൂപ മാത്രമായതിനാൽ ശിക്ഷ ഫലം ചെയ്യുന്നില്ലെന്നാണ് വിലയിരുത്തൽ. അടുത്തിടെയാണ് ഇതുസംബന്ധിച്ച് ചർച്ചകൾ മന്ത്രിതലയോഗത്തിൽ നടന്നത്.