29 July 2023 4:59 AM GMT
Summary
- മൈക്രോണ്‍ ടെക്നോളജി സിഇഒ പ്രധാനമന്ത്രിയുമായി ചര്‍ച്ചനടത്തി
- ഇന്ത്യയെ അര്‍ദ്ധചാലകങ്ങളുടെ ആഗോള ഹബ്ബാക്കി മാറ്റാനുള്ള ശ്രമത്തിന് പിന്തുണ
- കമ്പനിയെ ഗുജറാത്തില്‍ എത്തിച്ചത് അടിസ്ഥാന സൗകര്യങ്ങളും മികച്ച ബിസിനസ് അന്തരീക്ഷവും
മൈക്രോണ്‍ ടെക്നോളജിയുടെ പ്രസിഡന്റും സിഇഒയുമായ സഞ്ജയ് മെഹ്റോത്ര ഗുജറാത്തിലെ ഗാന്ധിനഗറില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. ഇന്ത്യയ്ക്കുള്ളില്‍ അര്‍ദ്ധചാലക നിര്‍മ്മാണ ആവാസവ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിനുള്ള യുഎസ് ആസ്ഥാനമായ കമ്പനിയുടെ പദ്ധതികളെക്കുറിച്ച് മെഹ്റോത്ര പ്രധാനമന്ത്രിയെ ധരിപ്പിച്ചു.
ഇന്ത്യയുടെ സെമികണ്ടക്റ്റര്‍ പദ്ധതിയില്‍ നിക്ഷേപം ആകര്‍ഷിക്കുന്നതിന് സംഘടിപ്പിച്ച സെമികോണ്‍ ഇന്ത്യ 2023 ത്രിദിന സമ്മേളനത്തില്‍ പങ്കെടുക്കാനാണ് ആഗോള ചിപ്പ് നിര്‍മ്മാണ കമ്പനി മേധാവി എത്തിയത്. വെള്ളിയാഴ്ച ആരംഭിച്ച സെമിക്കോണ്‍ ഇന്ത്യ മൂന്നുദിവസമാണ് നീണ്ടുനില്‍ക്കുന്നത്.
വ്യവസായ അസോസിയേഷനുകളുടെ പങ്കാളിത്തത്തോടെ ഇന്ത്യ അര്‍ദ്ധചാലക മിഷന്‍ സംഘടിപ്പിക്കുന്ന സെമികോണ്‍ ഇന്ത്യയുടെ രണ്ടാം പതിപ്പാണ് ഇവിടെ നടക്കുന്നത്. അര്‍ദ്ധചാലക രൂപകല്‍പ്പന, നിര്‍മ്മാണം, സാങ്കേതിക വികസനം എന്നിവയുടെ ആഗോള കേന്ദ്രമാക്കി ഇന്ത്യയെ മാറ്റാന്‍ ലക്ഷ്യമിടുന്നതാണ് പദ്ധതി. കഴിഞ്ഞ വര്‍ഷം ബെംഗളൂരുവിലാണ് സെമികോണ്‍ ഇന്ത്യ നടന്നത്.
'ഇന്ത്യയെ അര്‍ദ്ധചാലകങ്ങളുടെ ആഗോള ഹബ്ബാക്കി മാറ്റാനുള്ള കാഴ്ചപ്പാടിന് പ്രധാനമന്ത്രി മോദിയോട് ഞാന്‍ നന്ദി പറയുന്നു... ഗുജറാത്തില്‍ ഒരു സെമികണ്ടക്ടര്‍ അസംബ്ലിംഗും ടെസ്റ്റ് സൗകര്യവുമുള്ള പ്ലാന്റ് നിര്‍മ്മിക്കാന്‍ മൈക്രോണ്‍ പ്രതിജ്ഞാബദ്ധമാണ്. ഗുജറാത്തിലെ ഞങ്ങളുടെ പദ്ധതി ഏകദേശം 5000 നേരിട്ടുള്ള തൊഴിലവസരങ്ങളും 15,000 അല്ലാതെയുള്ള തൊഴിലവസരങ്ങളും സൃഷ്ടിക്കുമെന്ന് കമ്പനി കണക്കാക്കുന്നു. ഈ മേഖലയിലെ മറ്റ് നിക്ഷേപങ്ങളെ ഉത്തേജിപ്പിക്കാന്‍ കമ്പനിയുടെ പ്രവര്‍ത്തനം സഹായിക്കുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു. ഡിജിറ്റല്‍ ഇന്ത്യയും മേക്ക് ഇന്‍ ഇന്ത്യയും യഥാര്‍ത്ഥ പരിവര്‍ത്തന ഊര്‍ജ്ജം സൃഷ്ടിക്കും. അത് മികച്ച പുരോഗതിയിലേക്ക് നയിക്കും,' സഞ്ജയ് മെഹ്റോത്ര പറഞ്ഞു.
കഴിഞ്ഞ മാസം പ്രധാനമന്ത്രി മോദിയുടെ യുഎസ് സന്ദര്‍ശന വേളയില്‍ മൈക്രോണ്‍ ടെക്നോളജി ഇന്ത്യയിലെ നിക്ഷേപ പദ്ധതികള്‍ പ്രഖ്യാപിച്ചിരുന്നു. ഇന്ത്യന്‍ ഗവണ്‍മെന്റിന്റെ പിന്തുണയോടെ ഇന്ത്യയില്‍ ഒരു പുതിയ അര്‍ദ്ധചാലക പ്ലാന്റ് നിര്‍മ്മിക്കുന്നതിന് 825 ദശലക്ഷം യുഎസ് ഡോളര്‍ വരെ നിക്ഷേപിക്കുമെന്ന് മൈക്രോണ്‍ ടെക്‌നോളജി പ്രഖ്യാപിച്ചിരുന്നു.
നിര്‍മ്മാണ അടിസ്ഥാന സൗകര്യങ്ങളും അനുകൂലമായ ബിസിനസ് അന്തരീക്ഷവും മികച്ച ഉദ്യോഗാര്‍ത്ഥികളെ ലഭിക്കുമെന്നതും കാരണമാണ് ഗുജറാത്തിലെ സാനന്ദ് ഇന്‍ഡസ്ട്രിയല്‍ പാര്‍ക്ക് (ഗുജറാത്ത് ഇന്‍ഡസ്ട്രിയല്‍ ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ - ജിഐഡിസി) തിരഞ്ഞെടുത്തതെന്ന് മൈക്രോണ്‍ പറഞ്ഞിരുന്നു.
ഗുജറാത്തിലെ പുതിയ അസംബ്ലിയുടെയും ടെസ്റ്റ് സൗകര്യത്തിന്റെയും ഘട്ടം ഘട്ടമായുള്ള നിര്‍മ്മാണം ഈവര്‍ഷംതന്നെ ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. പദ്ധതിയുടെ രണ്ടാം ഘട്ടം, ദശകത്തിന്റെ രണ്ടാം പകുതിയില്‍ ആരംഭിക്കുമെന്ന് മൈക്രോണ്‍ പ്രതീക്ഷിക്കുന്നു.