14 Jan 2025 9:53 AM GMT
20 രൂപക്ക് എസി ബസിൽ ലക്ഷ്വറി യാത്ര ചെയ്താലോ ? എങ്കിൽ പോരെ, 'മെട്രോ കണക്ട്' സർവീസ് നാളെ മുതൽ
MyFin Desk
വിവിധ മെട്രോസ്റ്റേഷനുകളില്‍ നിന്നുള്ള ‘മെട്രോ കണക്ട്’ ഇലക്ട്രിക് ബസ് സർവീസ് നാളെ ആരംഭിക്കും. എറണാകുളം ഗവ. മെഡിക്കൽ കോളേജിനുസമീപമുള്ള കളമശേരി ബസ് സ്റ്റാൻഡിൽ വൈകിട്ട് നാലിന് മന്ത്രി പി രാജീവ് ഫ്ലാഗ് ഓഫ് ചെയ്യും. വ്യാഴാഴ്ച രാവിലെ മുതൽ ആലുവ–കൊച്ചി വിമാനത്താവളം, കളമശേരി റൂട്ടുകളിൽ സർവീസ് ലഭ്യമാണ്. തുടർന്ന് ഘട്ടംഘട്ടമായി മറ്റു റൂട്ടുകളിലും സർവീസ് ആരംഭിക്കും.
എയർപോർട്ട് റൂട്ടിൽ തിരക്കുള്ള സമയങ്ങളിൽ 20 മിനിറ്റ് ഇടവിട്ടും തിരക്കില്ലാത്ത സമയങ്ങളിൽ 30 മിനിറ്റും ഇടവിട്ട് സർവ്വീസുകൾ ഉണ്ടാകും. രാവിലെ 6.45 മുതൽ സർവ്വീസ് ആരംഭിക്കും. രാത്രി 11 മണിക്കാണ് എയർപോർട്ടിൽ നിന്ന് ആലുവയിലേക്കുള്ള അവസാന സർവ്വീസ്. കളമശേശരി-മെഡിക്കൽ കോളെജ് റൂട്ടിൽ 30 മിനിറ്റ് ഇടവിട്ട് സർവീസ് ഉണ്ടാകും. രാവിലെ 8.30 മുതൽ വൈകിട്ട് 7.30 വരെയാണ് സർവ്വീസ്.
ആലൂവ-ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട്, കളമശേരി-മെഡിക്കല്‍ കോളേജ്, ഹൈക്കോര്‍ട്ട്-എംജി റോഡ് സര്‍ക്കുലര്‍,കടവന്ത്ര-കെ പി വള്ളോന്‍ റോഡ് സര്‍ക്കുലര്‍, കാക്കനാട് വാട്ടര്‍മെട്രോ ഇന്‍ഫോപാര്‍ക്ക്, കിന്‍ഫ്ര പാര്‍ക്ക്, കളക്ട്രേറ്റ് എന്നീ റൂട്ടുകളിലാണ് തുടക്കത്തില്‍ ഇലക്ട്രിക് ബസ് സര്‍വ്വീസുകള്‍ ആരംഭിക്കുന്നത്.
ആലുവ-എയര്‍പോര്‍ട്ട് റൂട്ടില്‍ 80 രൂപയും മറ്റു റൂട്ടുകളില്‍ അഞ്ച് കിലോമീറ്റര്‍ യാത്രയ്ക്ക് മിനിമം 20 രൂപയുമാണ് നിരക്ക്. 33 സീറ്റുകളാണ് ബസിലുള്ളത്. ഡിജിറ്റല്‍ പേയ്‌മെന്റ് വഴിയാണ് ടിക്കറ്റിംഗ്. ക്യാഷ് ട്രാന്‍സാക്ഷനും ഉണ്ട്. യുപിഐ വഴിയും രൂപേ ഡെബിറ്റ് കാർഡ്, കൊച്ചി 1 കാർഡ് എന്നിവ വഴിയും പേയ്‌മെന്റ് നടത്താം.